Wednesday, 15 May 2024

അച്ഛൻ

 ഇലകളെല്ലാം കൊഴിഞ്ഞ്,
മരം നിശ്ചലമായി.
മരത്തിനു കീഴിൽ,
തണുത്ത നദിയിൽ, 
മുങ്ങി നിവർന്ന,
ഞങ്ങൾ, 
സഹോദരങ്ങൾ,
പരസ്പരം നോക്കാൻ മടിച്ചു.
ഇനി, 
തനിച്ച്, തനിച്ച് , എന്ന് 
ഉള്ളിലാരോ കരഞ്ഞു.
വെള്ളത്തിലൊഴുക്കി കളഞ്ഞത്, 
എന്നെയല്ല, എന്നെയല്ല,
എന്നച്ഛൻ ചിരിച്ചു... 
ബലിഷ്ഠമായ ചുമലുകൾ, 
എവിടെയെവിടെ എന്ന്, 
ഞാനോർത്തു.
പടവുകൾ കയറി 
മുകളിലെത്തിയപ്പോൾ 
അച്ഛനുണ്ട് ചിരിക്കുന്നു,
ഒരു കയ്യിൽ,
കുഞ്ഞുകുട്ടൻ തമ്പുരാന്റെ മഹാഭാരതം. 
മറുകയ്യിൽ ഡി ഡി കൊസാംബി.........

Tuesday, 14 May 2024

സ്വതന്ത്ര

രാവിലെ എഴുന്നേറ്റു, 
സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, 
എന്ന് മൂന്നു തവണ ഉരുക്കഴിച്ചു.
അടുക്കള സാമ്രാജ്യത്തിൽ പ്രവേശിച്ചു.
മികവോടെ, മികവോടെ,
എന്ന് സ്വയം ഓർമ്മപ്പെടുത്തി.


ഊണുമേശപ്പുറത്തെ,
ചുണ്ടു കോട്ടിയ ചിരി ഓർത്തു..
കോറലുകൾ, പോറലുകൾ ,
പൊള്ളൽപ്പാടുകൾ മറന്നു..


മൊബൈൽ ഫോൺ ഒരു പേയ് 
എന്നോതിക്കൊണ്ട്,
സ്കന്ദഷഷ്ഠി കവചം കേട്ടു.
സ്വതന്ത്രയാണെന്നോർത്തപ്പോൾ,
വളരെ വളരെ സന്തോഷം തോന്നി.


കാപ്പിക്കടുപ്പത്തിൽ,
പാലൊഴിക്കുംപോലെ 
മണമായി,  മധുരമായി
സ്വാതന്ത്ര്യം..


വൈകീട്ട് ഏഴുമണി കഴിഞ്ഞ് 
തനിയെ തിരിച്ചു വരാമല്ലോ എന്നോർത്തു..
പാരതന്ത്ര്യം മാനിനികൾക്കു 
മൃതിയേക്കാൾ ഭയാനകം 
എന്ന വാചകം വറവിട്ടു..

എല്ലാം തീർത്ത് 
വീട്,
പുറത്തു നിന്ന് പൂട്ടി 
ഇറങ്ങുമ്പോൾ,
മക്കളോട്,
ടോട്ടോച്ചാൻ വായിക്കാൻ പറഞ്ഞു,


വർഷങ്ങൾക്കു മുൻപ്,
ദൂരെയൊരു ദേശത്ത് 
ഒരു പ്രൈമറി ക്ളാസ്സ് വിദ്യാർത്ഥിനി 
തനിയേ,  തീവണ്ടി കയറി,
സ്കൂളിൽ പോയിരുന്നത്,  വായിച്ച്,
അവർ, അദ്ഭുതം കൂറട്ടെ !