Friday, 9 October 2015

മഴ

പുറത്ത് മഴ തന്നെ മഴ 
നനയുന്നത് മുഴുവൻ 
അകത്താണെന്ന് മാത്രം 
വീണ്ടും വീണ്ടും ഞാൻ ചോദിച്ചു 
പറയ് മനുഷ്യാ, 
ഇത് തുലാവർഷോ?ഇടവപ്പാത്യോ ?
ഉത്തരം വളരെ ലളിതമായി..
അത് ഇടവപ്പാതി കാലം തെറ്റിപ്പെയ്യുന്നത്
സമാധാനം!!!
എന്തായാലും ഉത്തരം ഉണ്ട്.
മഴ മുഴുവൻ പുറത്താണെങ്കിലും,
നനയുന്നത് മുഴുവൻ അകത്താണ്.
കുതിർന്ന് കീറിപ്പോകാതിരിക്കാൻ
ഇത്തിരി തോർച്ച കൊടുത്തൂടെ..
ഈ പെയ്ത്ത് ഇങ്ങനെ പോയാൽ-
ഈ അകായ മുഴുവൻ
കുതിർന്നു പോകില്ലേ.
തൂണിളകി മേൽക്കൂര താഴെ വീഴില്ലേ
പക്ഷേ പെയ്യുന്നത് മുഴുവൻ
പുറത്താണ് ..
അതാണ് മനസ്സിലാവാത്തത്..
പിന്നെങ്ങനെ അകത്തിങ്ങനെ
തളം കെട്ടുന്നു എന്ന്?
.
.
പിന്നെയോർത്തു
അകത്തെ പെയ്ത്ത്
ഇന്നോ ഇന്നലെയോ തുടങ്ങീതല്ലല്ലോ
എന്നിട്ടും കൂര താഴെ വീണില്ലല്ലോന്ന്

പങ്കജലോചന പാഹിമുരാന്ദക...

ഇന്ന് 
നീളം കുറഞ്ഞ പകലിനെ 
അളന്ന് തീർത്ത്
ഇരുട്ടത്ത് നടക്കാൻ 
ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ മാത്രം
കുറ്റാക്കൂരിരുട്ടത്ത്………
പാദസര കിലുക്കം,
പതിഞ്ഞ കാലടികൾ
ഓടി മാറുന്ന കുഞ്ഞൻ തവളകൾ
ഏടത്തി ശ്രീരഞ്ജിനി,
ഒറ്റക്കു നടക്കാൻ പഠിച്ചവൾ,
കൂടെ പേടിത്തൊണ്ടി അനുജത്തി ഞാൻ
ഏടത്തി മൂളുന്നത് എനിക്ക് കേൾക്കാം
പങ്കജലോചന പാഹി മുരാന്ദക…..
ഇരുട്ടത്ത്, മൊബൈൽ ടോർച്ചു മിന്നിച്ചു കൊണ്ട്
ഏടത്തി പറഞ്ഞു
പേടിക്കാണ്ട് നടക്കണം പെണ്ണേ
ഒന്നും നമ്മളെ തൊടില്ല
അവൻ നമ്മടെ കൂടെ ഇല്ലേ..
പിണങ്ങി മാറി ഞാനും
എതവൻ , എനിക്കാരേം വിശ്വാസല്ല്യ
ഏടത്തി വീണ്ടും ……….
പങ്കജലോചന പാഹി മുരാന്ദക…..
പിന്നെ എന്റെ കൈ പിടിച്ച്
അകലേക്ക്‌, ഇരുട്ടിലേക്ക് കൈ ചൂണ്ടി
സന്ധ്യ രാത്രിക്ക് വഴിമാറുന്നിടത്ത്
ഞാനും കണ്ടു അവനെ, കാണാതിരുന്നവനെ
പങ്കജലോചന പാഹിമുരാന്ദക...

Thursday, 1 October 2015

ഒരു ശീലക്കേട്



പ്രണയമൊഴുക്കാതെ കെട്ടിവെക്കല്ലേന്ന് 
കെട്ടിപ്പൂട്ടി വച്ചതൊക്കെ
ചീഞ്ഞ ചരിത്രേ ള്ളൂ ചീഞ്ഞു നാറി കെട്ട മണം വരുമ്പോ 
സ്വയം ചോദിക്കരുത് ഇതെവ്ട്ന്നാന്ന്
പെണ്ണാന്നു കരുതി അടങ്ങി ഇരിക്കല്ലേന്നു

മടങ്ങിപ്പോവുമ്പോ പതം പറഞ്ഞ് കരയാൻ 
ആരും ണ്ടാവില്ലാന്ന്
പറയേണ്ടതൊക്കെ പറഞ്ഞും ചെയ്യേണ്ടതൊക്കെ ചെയ്തും ആര്ടേം പെടലിക്ക് പിടിക്കാണ്ട് ഇവ്ട്ന്നു പൊക്കൂടേ 
ആണായാലും പെണ്ണായാലും. പെണ്ണിനുമാത്രം പിന്നെന്താ ഒരു ശീലക്കേട്!!!