Sunday, 14 August 2016

ഏതോ ഒരുവളെക്കുറിച്ച്

കഴിഞ്ഞു പോയ വർഷത്തിൽ,
മേഘങ്ങൾ പൊട്ടിപ്പിളർന്ന്,
പ്രളയജലം നഗരത്തെ വിഴുങ്ങിയ നാളിൽ,
ഒഴുക്കിലൊലിച്ചു പോയ ഒരുവളുണ്ട്....
ഒഴുക്കിനെതിരെ നീന്താൻ വശമില്ലാത്തവൾ..
കുട്ടിക്കാലത്ത്, സ്നേഹസാമ്രാജ്യത്തിലെ റാണിയായിരുന്നവൾ
അലച്ചാർത്തു നിന്ന ആഷാഢത്തിലെ ഒരു പ്രഭാതത്തിൽ
പൂമുഖത്ത് ചവിട്ടുപടിയോളം വെള്ളം കയറുന്നതിനൊപ്പം
അവളും കയറിക്കയറി വന്നു.
ഇരിക്കാനിട്ടു കൊടുത്തതിൽ ഇരിക്കാതെ,
ഒരു കടും കാപ്പിക്ക് കൈ നീട്ടി,,,
മെലിഞ്ഞ, അസ്ഥികളിൽ നിന്ന്
കണ്ണീരൊട്ടിയ വിരലുകളിൽ നിന്ന്
ചിത്രകാരന്റെ ഭാര്യ, ചിത്രകാരന്റെ ഭാര്യ
എന്നു ഞാനുറപ്പിച്ചു....
സ്നേഹത്തിനർപ്പിക്കാൻ കാതുകളില്ലാത്ത ചിത്രകാരൻ..
മരിച്ചവൾക്ക് ഇവിടെ ഇടമില്ലെന്ന്
കടുംകാപ്പി കൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു
പിഴച്ചവൾ തന്നെ മരിച്ചവൾ എന്ന് അമ്മ തിരുത്തി..
പാവം, പാവം,
എന്നുള്ളിനുള്ളിൽ ആരോ നിലവിളിക്കവേ
ഒറ്റയായവൾ,,,,,
ആരിൽനിന്നും ഒന്നുമെടുക്കാനറിയാത്തവൾ,
പതിയേ പടിയിറങ്ങിപ്പോയി ….
എന്റെ ഭർത്താവ് പിറുപിറുത്തു
അവളുടെ പേരിന്റെ അർത്ഥം രാത്രിയെന്നാണ്, രാത്രിയെന്നാണ്
നാത്തൂന്മാർ രണ്ടുപേരും പ.റഞ്ഞു
അല്ല, അത് ബിന്ദുവോ എലിസബത്തോ ആണെന്ന്...
ഏതായാലും എന്റെ പേരും അവരുടെ പേരും അവർ പറഞ്ഞില്ല

ചിത്രമെഴുത്തുകാരാ...


കടും നിറങ്ങൾ കൊണ്ടു മാത്രം- 
കാൻവാസിനെ പൊള്ളിച്ച,
ചിത്രമെഴുത്തുകാരാ ,
വരകളും, വർണ്ണങ്ങളും-
കട്ടെടുത്തവയല്ലെന്നെനിക്കറിയാം,
എങ്കിലും ,
ജീവിതം ജീവിതമെന്നെഴുതാത്ത,
ചില്ലുകൂട്ടിലിട്ട ചിത്രങ്ങൾ ,
എനിക്ക് വിലക്കു തരല്ലേ ...
(നീ വരച്ച കണ്ണീർ നിറമുള്ള പെൺ ചിത്രങ്ങളും.... )
എനിക്കു വേണം
കുങ്കുമച്ചുവപ്പും ഒരു സൂര്യനും,
കിളികൾ പറക്കും വാനം,
മടുക്കുമ്പോൾ തിരിഞ്ഞു നടക്കാൻ,
ഒരു കടൽ ,
നിലാവ് തഴുകുന്ന ഒരു കുഞ്ഞു മുഖം,
പിന്നെ ഞാൻ പടർന്ന്, പൂത്തുലഞ്ഞ
ആ വൻ വൃക്ഷവും..

ദീപശിഖ ഭാരതി

വസ്ത്രം ധരിക്കുന്നതും ധരിപ്പിക്കുന്നതും കലയാണെന്ന് ദീപശിഖ ഭാരതി, ഹോസ്റ്റൽ ശുഭാഞ്ചലിലെ എന്റെ സഹവാസി, സുപ്രീം കോടതി അഭിഭാഷക വിശ്വസിച്ചിരുന്നു.
ദീപശിഖ ഭാരതി അലഹാബാദുകാരിയായിരുന്നു, വർക്കിങ് വിമെൻസ് ഹോസ്റ്റലിൽ ഒരാളുമായും അവർ ചേർന്നു പോയില്ല.
രാത്രി വൈകുവോളം മുറിയിൽ വിളക്കെരിച്ചു കേസുകൾ വായിച്ചും , വെള്ള കോട്ടൺ സാരികൾ ധോബിക്ക് കൊടുക്കാതെ കഴുകി സ്റ്റാർച്ചിൽ മുക്കി ബാൽക്കണിയിൽ വിരിച്ചും, പയറു വർഗ്ഗങ്ങൾ മുളപ്പിച്ചു പച്ചക്ക് തിന്നുന്നതിന്റെ ബാക്കി മുറിയിലെ മേശപ്പുറത്തു വിതറിയിട്ടും,സഹവാസിയെ പരമാവധി അടക്കി ഭരിച്ചും അവർ താമസിച്ചിരുന്ന മുറിയിൽ ആധിപത്യം ഉറപ്പിച്ചു.
മുഖ്യമായും ഗവ. ജീവനക്കാർക്കായുള്ള ഹോസ്റ്റൽ.
എല്ലാവരേയും ഭരിക്കുന്നവർ പൊതുവെ ഭരിക്കപ്പെടാൻ ഇഷ്ടപ്പെടില്ല എന്ന സാമാന്യ തത്ത്വം കാരണം സർക്കാർ ജീവനക്കാർ ആരും അവരുമായി ഒരു ഒത്തുതീർപ്പിലെത്തിയില്ല.
മറ്റു രണ്ട് അഭിഭാഷകർ ഒരു മുറി പങ്കിട്ടെടുത്തപ്പോൾ, സാഗരിക ഘോഷ് എന്ന ജേർണലിസ്റ്റ് സുഹൃത്ത് ഒഴിഞ്ഞുപോയതിന്റെ പിറ്റേന്ന് ദീപശിഖ ഭാരതി കെട്ടും ഭാണ്ഡവുമായി എന്റെ മുറിയിൽ വന്നു.
വാർഡൻ മിസ്സിസ് ലാൽ എന്നെ വിളിച്ചിട്ടു പറഞ്ഞു ഇനി അവർക്കെതിരെ ഒരു പരാതി കൂടി കിട്ടിയാൽ, ജെന്നി പരാതി കൊടുത്താൽ, അവരെ ഈ ഹോസ്റ്റലിൽ നിന്നു തന്നെ പുറത്താക്കും, അത്രമാത്രം പരാതികൾ ഉണ്ട്, അതുകൊണ്ട് ആശംസകൾ...
ഞാൻ തയ്യാറായിത്തന്നെ ഇരുന്നു. ഹോസ്റ്റലിലെ മലയാളി, തമിഴ്, തെലുങ്ക് (കന്നഡ ഉണ്ടായിരുന്നില്ല) മങ്കമാരും എനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്തിനും തയ്യാറായി കാത്തിരുന്നു.
മൂന്നാംനില വരെ കഷ്ടപ്പെട്ട് കയറി വന്ന് സൗഖ്യമാ? എന്നന്വേഷിച്ചു.
ഡിസംബറിലെ കൊടുംതണുപ്പിൽ ദില്ലിയിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ താഴുമ്പോൾ, ബദാമും മദർ ഡയറി പാലും , ഹീറ്ററും, രാജായിയും, സ്വെറ്ററുകളും എന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നത് തടഞ്ഞില്ല.
രാവിലെ നേരത്തെ ഉണരുന്ന ശീലമുള്ള എന്നെ കുഴിമടിച്ചിയാക്കാൻ, ഏഴുമണി വരെയെങ്കിലും രജായിക്കുള്ളിൽ ഉറങ്ങാൻ കൊടുംതണുപ്പ് നിർബന്ധിച്ചു കൊണ്ടിരുന്നു.
രാവിലെ, തണുപ്പുമായുള്ള എന്റെ പൊരുതൽ കണ്ട്, ദീപശിഖ ഭാരതി താഴെ മെസ്സിൽ നിന്ന് ഫ്ലാസ്ക്കിൽ എനിക്കും കൂടി കാപ്പിയെടുത്തു കൊണ്ടുവരുമായിരുന്നു.
കേരളത്തിലെ സുഖദമായ കാലാവസ്ഥയിൽ നിന്നു വന്ന എന്റെ കിടുകിടുപ്പ് അവരെ രസിപ്പിച്ചില്ലെന്നു മാത്രമല്ല അവർ എനിക്ക് നിർദ്ദേശങ്ങളും തരാൻ തുടങ്ങി.
പച്ചപ്പയറ് കഴിക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.
പിന്നെയാണ് അവർ എന്റെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചത്.
സെക്രട്ടറിയേറ്റ് ഓഫീസ് സമയം ഒമ്പതു മുതൽ അഞ്ചര വരെയായിരുന്നു. ഡി ടി സി ബസ്സിൽ വെറും ഒരു രൂപ ചിലവിൽ എനിക്കെന്റെ ഓഫീസിൽ എത്താമായിരുന്നുവെങ്കിലും ഒരുങ്ങി പുറത്തിറങ്ങാൻനേരം തിക്കും തിരക്കുമാണ്.
ഞാനൊരുങ്ങുന്നത് വായനക്കിടയിലും, കണ്ണടയ്ക്കുള്ളിലൂടെ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന്, ഒരു ദിവസം പതിയെ എഴുന്നേറ്റു വന്ന് എന്റെ ദുപ്പട്ട നേരെയിട്ടു തന്നപ്പോഴാണ് മനസ്സിലായത്.
എന്റെ കറുകറുത്ത മുടി കൊതിക്കെട്ടാൻ അവർക്ക് ഇഷ്ടമായിരുന്നു.
പല നിറങ്ങളിലുള്ള സുന്ദരൻ സ്വെറ്ററുകളും, ഷാളും മഫ്‌ളറും, സോക്സും, സ്കാർഫും എന്റെ പക്കൽ ഉണ്ടായിരുന്നു. എന്റെ സൽവാർ കമ്മീസിനിണങ്ങുന്ന സ്വെറ്ററും ഷാളും സോക്‌സും ഓരോ ദിവസവും അവർ തിരഞ്ഞെടുത്തുവച്ച്,ഞാൻ തിരക്കിട്ട് ഇറങ്ങിപ്പോകുന്നതിനു മുൻപ് അതെല്ലാം എന്നെ ഭംഗിയായി ധരിപ്പിക്കുമായിരുന്നു. സ്വെറ്ററിടാതെ പുറത്തിറങ്ങാൻ ഒരു തരത്തിലും അനുവാദമുണ്ടായിരുന്നില്ല.
ആ തണുപ്പുകാലത്തെ ഞാൻ അതിജീവിച്ചത് ധാക്കയിൽ നിന്ന് അലഹബാദിലേക്ക് കുടിയേറിയ ക്വാസി നസ്രുൾ ഇസ്‌ലാമിന്റെ സ്വന്തം നാട്ടുകാരായ "ഭാരതി" കുടുംബത്തിലെ പ്രിയപ്പെട്ട ശിഖാദീദിയുടെ സഹായത്തോടെയാണ്.
പ്രവൃത്തി ദിവസങ്ങളിൽ ഡിന്നർ സമയത്ത്, മെസ്സ് ഹാളിൽ, ഭക്ഷണത്തിന്റെ സ്വാദിനെച്ചൊല്ലി പ്രാന്തെടുത്തു പാചകക്കാരൻ വയസ്സൻ മറാഠി ബാബയെ തല്ലാനൊരുങ്ങി നിൽക്കുന്ന ചീറ്റപ്പുലികളെ ഒതുക്കാൻ മിസ്സിസ് ലാൽ പാടുപെടുമ്പോൾ, കാടുമാങ്ങയും പപ്പടവും ചമ്മന്തിപ്പൊടിയും എന്റെ പാത്രത്തിൽ കയ്യിട്ടു വാരി ചങ്ങാതിമാർ എടുത്തുകൊണ്ടു പോകുമ്പോൾ, അവരോടൊപ്പം ഞാൻ തമാശ പറഞ്ഞുറക്കെ ചിരിക്കുമ്പോൾ, ശിഖാദീദി കണ്ണുരുട്ടി.
നിന്റെ കൂട്ടുകാർക്ക് അന്തസ്സോടെ പെരുമാറിക്കൂടെ, ഊണുമേശ മര്യാദകൾ പാലിച്ചു കൂടെ എന്ന ചോദ്യങ്ങളാൽ വശം കെടുത്തി.
എല്ലാവരും റിലാക്സ് ചെയ്യുകയല്ലേ ദീദി എന്ന എന്റെ മറുപടിക്ക് ബദലായി അവരെന്നോട് പറഞ്ഞു, നിനക്ക് റിലാക്സ് ചെയ്യണോ, നമുക്ക് ദില്ലി ഹാട്ടിൽ പോയി ഫ്രൂട്ട് ബിയർ കഴിക്കാം. സാകേതിൽ പോയി സിനിമ കാണാം അല്ലേൽ താഴെ പുൽത്തകിടിയിൽ പോയിരിക്കാം....
എന്നും, എന്റെ രാത്രിയുറക്കം രണ്ടു മൂന്നു മണി വരെ മാറി നിൽക്കുമെങ്കിലും അവരോട് വിളക്കു കെടുത്താനും ഉറക്കെയുള്ള വാദങ്ങൾ നിർത്തൂ എന്ന് പറയാനും എനിക്ക് തോന്നിയില്ല.
അവരുടെ പഴയ റൂംമേറ്റ് രാജ്‌വീന്ദർ കൗർ എന്നെ വിളിച്ചു കൊണ്ടുപോയി ഉപദേശിച്ചു. ശിഖ രഹസ്യഭാഷയിലാണ് വീട്ടുകാരോട് സംസാരിക്കുന്നത് അവൾ ഇന്ത്യക്കാരിയല്ല . നീ സൂക്ഷിക്കണം.
ശിഖാദീദി ബംഗള ഭാഷയിലാണ് വീട്ടുകാരോട് സംസാരിച്ചിരുന്നത്. സർദാരിണിക്കു അത് മനസ്സിലാകാഞ്ഞിട്ടാണ് എന്ന് ഞാൻ ഉള്ളിൽ പറഞ്ഞു.
എന്റെ മുറിയിൽ വരുന്ന ചങ്ങാതിമാരോട് ദുർമുഖം കാണിക്കുകയും, എന്റെ കിടക്കയിൽ ഇരിക്കുന്നവരെ ഗെറ്റ്ഔട്ട് അടിക്കുകയും വരെ ചെയ്തതോടെ, അവരെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിന്റെ പുന്നാര വക്കീൽ എന്ന്..
ഗൃഹമന്ത്രാലയത്തിലും, വിദേശകാര്യമന്ത്രാലയത്തിലും 'റോ' യിലും ജോലി നോക്കുന്ന ഉദ്യോഗസ്ഥർ, ഞങ്ങളെ ഗെറ്റ്ഔട്ട് അടിക്കാൻ ഇവളരെടാ കൊടുക്ക് പരാതി എന്ന് അലറി....
സത്യത്തിൽ ദൈവദൂതയെപ്പോലെയാണ് പോർട്ട്ബ്ളയറുകാരി ലൈല ടിഗ്ഗ, ടൂറിസം മന്ത്രാലയത്തിലെ ഓഫീസർ, തൊട്ടപ്പുറത്തെ കോറിഡോറിലെ, റൂം നമ്പർ 301ലെ, താമസക്കാരി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, എന്നോട് ചോദിച്ചത് , തന്റെ റൂംമേറ്റ് ഈയാഴ്ച വെക്കേറ്റ് ചെയ്യും 301 ലേക്ക് വരുന്നോ എന്ന്.
ആ മുറിയുടെ ബാൽക്കണി ഹോസ്റ്റലിന്റെ മനോഹരമായ മുറ്റത്തേക്ക് അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞു ധാരാളം വെളിച്ചം ലഭിക്കുന്ന തരത്തിൽ ആയിരുന്നു.
ഞാൻ മിസ്സിസ് ലാലിനോട് ചോദിച്ചു, മാഡം എനിക്ക് തണുപ്പ് സഹിക്കാൻ വയ്യ, വെയിൽ വീഴുന്ന മുറിയിൽ മിസ് ടിഗ്ഗയുടെ മുറിയിൽ ഒഴിവുണ്ട് ഞാൻ അങ്ങോട്ട് മാറിക്കോട്ടെ. മിസ്സിസ് ലാൽ ചിരിച്ചു കൊണ്ട് തലയാട്ടി.
എനിക്ക് അലോട്ട്മെന്റ് തന്നു.
രാത്രികളിൽ കടൽ കാണാൻ കൊതിച്ച ആൻഡമാൻകാരി ലൈല ടിഗ്ഗ, മുറിയിലെ വിളക്കുകൾ കെടുത്തി, മെഴുകുതി കത്തിച്ചു മുറിയുടെ മധ്യത്തിൽ വച്ച് കപ്പലുകൾ വരുന്നതായി സങ്കൽപ്പിച്ചു, കടലും തിരയൊച്ചയും ആവാഹിച്ചു വരുത്തി കണ്ണീർ പൊഴിച്ചുറങ്ങി.
അച്ഛന്റെ വിരൽത്തുമ്പിൽ നിന്നടർന്ന ഞാനും ജനലിലൂടെ വരുന്ന നിലാവിൽ ടിഗ്ഗയുടെ കടലിലെ തിരയെണ്ണി.
ഞാൻ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി പോരും വരേയും അഡ്വക്കേറ്റ് ദീപ്ശിഖ ഭാരതിയുടെ മുറിയിൽ മറ്റാരും വന്നില്ല .
നാട്ടിലേക്ക് പോരുമ്പോൾ യാത്ര പറയാൻ ചെന്ന ഞാൻ, എന്നേക്കാൾ ഒത്തിരി പ്രായമുള്ള അവരുടെ കാലുകളിൽ തൊടാനാഞ്ഞു. എന്നെ ചേർത്തണച്ചു കൊണ്ട് ഇരുകവിളിലും ഒരുപാടുമ്മകൾ നൽകിക്കൊണ്ട് അവർ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു.
" നിന്റെ ഭർത്താവ് നിന്നെ കണക്കറ്റു സ്നേഹിക്കട്ടെ, നിനക്ക് ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, ദീർഘസുമംഗലിയായിരിക്കൂ ...നീ സൗഭാഗ്യവതി ആയിരിക്കും ... "

Wednesday, 3 August 2016

കുന്ദാദ്രി കുന്നുകളിലേക്ക്





ആ അവധി ദിനങ്ങളിൽ  കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ , ഷിമോഗ ജില്ലയിൽ, അഗുംബെ ആണ് എന്റെ സഹോദരൻ യാത്രക്കായി ചാർട്ട് ചെയ്തു വച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന മഴ പ്രദേശം.  ഞങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തത്   ഡിസംബർ മാസത്തിലെ അവസാന ദിവസങ്ങൾ.  മംഗലൂരിൽ നിന്ന് മൂന്നോ, വളരെ സാവധാനമായാൽ നാലോ മണിക്കൂർ നേരത്തെയോ ഡ്രൈവ്, അത്രേയുള്ളൂ.... മലയിലെ ആ ഗ്രാമത്തിലെത്താം.   

വാഹനത്തിന്റെ  ചില്ലുകൾ താഴ്ത്തി, പശ്ചിമഘട്ടത്തിലെ ശുദ്ധമായ വായു ആവോളം ഉള്ളിലേക്കെടുത്ത്, വനഭംഗി കണ്ട്   ഞങ്ങൾ അവിടെ ഉച്ചയോടെ എത്തി.  അഗുംബെ വളരെ ചെറിയ ഒരു ഗ്രാമമാണ്.  മാൽഗുഡി ഡേയ്‌സ് സീരിയലിലൂടെ എല്ലാവർക്കും പരിചിതമായ ഇടം.  “പച്ചപ്പൊന്ന്” എന്നത്രെ കന്നഡ നാട്ടുകാർ ഈ പ്രദേശത്തെ  വിളിക്കുന്നത് അത്രമാത്രം ഔഷധ സസ്യങ്ങൾ നിറഞ്ഞ,  ജൈവവൈവിധ്യങ്ങളാൽ നിറഞ്ഞു തുളുമ്പുന്ന മഴക്കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം. 

താമസിക്കാനായി ഒരു  അപ്പാർട്ടുമെന്റ് ബസ് സ്റ്റാന്റിന്റെ  തൊട്ടടുത്ത് റോഡരുകിൽ തന്നെയുണ്ട്.  റോഡിനപ്പുറം കുറച്ചു മാറി ഒരു ഇടത്തരം ഹോട്ടലും.  ശാന്തമായ അന്തരീക്ഷം, നല്ല തെളിഞ്ഞ വെയിലും. യാത്രാക്ഷീണം തീർക്കാൻ കുറച്ചുനേരം വിശ്രമിച്ചിട്ട് കുന്ദാദ്രി കുന്നുകളിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ.  അപാർട്മെന്റ് തരക്കേടില്ലാത്ത വിശ്രമസങ്കേതമൊരുക്കി.  തൊട്ടടുത്ത ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിച്ച്, തലേരാത്രിയിലെ യാത്രാക്ഷീണം ഞങ്ങൾ മയങ്ങിത്തീർത്തു. 

 നാലുമണിയോടടുപ്പിച്ച് കുന്ദാദ്രി കുന്നുകളിലേക്ക് പുറപ്പെടുമ്പോൾ, പോകുന്നവഴിക്ക് മാൽഗുഡി ഡേയ്സ് സീരിയൽ ഷൂട്ട്‌ ചെയ്ത വീടും കാണാം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.  എന്നാൽ തൊട്ടടുത്തായിട്ടും അതെവിടെയെന്നു ഞങ്ങൾക്ക് കണ്ടുപിടിക്കാനായില്ല.  വഴിയിലെ സൈറ്റ് സീയിങ് പോയന്റുകൾ ഒഴിവാക്കി കുന്ദാദ്രികുന്നുകളിലെ സൂര്യാസ്തമയം കാണാൻ ഞങ്ങൾ വേഗം വണ്ടി ആ വഴിക്ക് തിരിച്ചു. 

പശ്ചിമഘട്ടത്തിലെ കനത്ത കാടുകൾ, വേഴാമ്പലിൽന്റെ മുഴങ്ങുന്ന ഒച്ച, സായാഹ്‌നസൂര്യന്റെ പൊൻരശ്മികൾ ഞങ്ങളെ വരവേറ്റത് നിറഞ്ഞ പ്രകൃതിയാണ്. സ്വന്തം സ്വന്തമെന്ന പിടിച്ചടക്കലിനോട് വിട പറഞ്ഞിട്ടു വേണം കുന്നു കയറാൻ, എല്ലാമെല്ലാം വിട്ടു കൊടുക്കാൻ, ഒന്നിനേയും വേദനിപ്പിക്കാതിരിക്കാൻ ഉയിരിനെ പറത്തിവിട്ട്,  പാർശ്വനാഥൻ എന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരനെ പ്രതിഷ്ഠിച്ച ജൈനക്ഷേത്രം കാണാനും  സമുദ്രനിരപ്പിൽ നിന്ന് 2800 അടിയോളം ഉയരത്തിൽ നിന്ന് തരുനിരകളും, മേഘസഞ്ചാരങ്ങളും, പ്രപഞ്ചത്തിലെ ഓരോരോ കണത്തിലും നിറയുന്ന സന്ധ്യാവേളയിൽ മറയുന്ന അദ്‌ഭുതദീപ്തപ്രഭ   അനുഭവിക്കാനുമായി  കയറിയ കൽപ്പടവുകളിലോരോന്നിലും ഞാനെന്റെ വൃഥാചിന്തകൾ ഓരോന്നോരോന്നായി കുടഞ്ഞിട്ടു. എന്നിലെ പെൺവഴികൾ ചെന്നു നിൽക്കുമിടമല്ലോ ഇത് ഇതെന്ന്, ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ കുടികൊള്ളുന്ന ജൈനക്ഷേത്ര കവാടത്തിനപ്പുറം കൽക്കെട്ടുകൾ കൊണ്ട് ഭദ്രമാക്കിയ വിശാലമായ തടാകം കാൺകെ ഓർത്തു പോയി.  ഇത്രയും ഉയരെ സമൃദ്ധമായ ജലം നിറഞ്ഞ തടാകവും, അതിലേക്കിറങ്ങാൻ ക്ഷേത്രത്തിൽ നിന്നുള്ള കൽക്കെട്ടും.  പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ജൈനക്ഷേത്രം വലിയ കേടുപാടുകളില്ലാതെ കുന്നിനു മുകളിൽ തലയുയർത്തി.  ക്ഷേത്രം സൂക്ഷിപ്പുകാരനോ പൂജാരിയോ കൊളുത്തിയ ദീപപ്രഭയിൽ തീർത്ഥങ്കര വിഗ്രഹം കാണാനായി  ഉയരം കുറഞ്ഞ വാതിൽ കുനിഞ്ഞു കടന്ന് അകത്തേക്ക് പ്രവേശിച്ചു.   മങ്ങിയ ഇരുട്ടിൽ ചെറിയ ഉയരം കുറഞ്ഞ മുഖവാതിലിലൂടെ നല്ലപോലെ കുനിഞ്ഞു നിന്ന് നോക്കിയാൽ മാത്രംകാണാവുന്ന പാർശ്വനാഥ വിഗ്രഹം വണങ്ങി. കുന്നിനു മുകളിൽ കരിങ്കല്ലിൽ തീർത്ത ക്ഷേത്രവും വിഗ്രഹവും, ചുറ്റുമതിലും......  പിന്നെ സന്ധ്യാസിന്ദൂരം പശിമഘട്ടത്തിനുമേൽ ചിതറിത്തെറിക്കുന്നതു കാണാൻ പുറത്തിറങ്ങി, നല്ല വൃത്തിയായി കിടക്കുന്ന പാറക്കൂട്ടങ്ങൾക്കുമേൽ പടിഞ്ഞാട്ടു നോക്കി ഇരുന്നു........


കന്യാകുമാരിയിലെ, ഡാർജിലിങ്ങിലെ, മറീന ബീച്ചിലെ സൂര്യനേക്കാളും സൗമ്യദീപ്തമായ സന്ധ്യാസൂര്യനെ അറിഞ്ഞു.  മുക്കാലിയിൽ കാമറകൾ സ്‌ഥാപിച്ചു ഫോട്ടോഗ്രാഫർമാരായവർ ഒരു നിമിഷം പോലും മിഴിചിമ്മാതെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു.  കാഴ്ചയേക്കാളേറെ ഉള്ളിനെ സൗമ്യവും, ശാന്തവും, സ്ഥിതപ്രജ്ഞമാക്കുന്നതുമായ എന്തോ ഒന്ന് ആ പ്രദേശത്താകമാനം നിറഞ്ഞിരുന്നു.  ഒന്നിനേയും നോവിക്കാത്ത, ഒന്നുമൊന്നും സ്വന്തമാക്കാത്ത തീർത്ഥങ്കര പ്രണയം. 


ഇരുൾ പരക്കാൻ തുടങ്ങിയപ്പോൾ അഭൗമലോകത്തു നിന്ന് പുറത്താക്കപ്പെട്ട സ്വർഗ്ഗവാസികളെപ്പോലെ ഞങ്ങൾ തിരിച്ച്‌ കുന്നിറങ്ങി.  യാത്രകളെ പ്രണയിക്കുന്ന, എത്ര ബുദ്ധിമുട്ടിയാലും, അത് വകവയ്ക്കാതെ ഡ്രൈവിംഗ് ആസ്വദിച്ചു വാഹനമോടിക്കുന്ന, അവൻ പോകുന്നിടത്തെല്ലാം ഞങ്ങളെയും  കൊണ്ടുപോകണമെന്ന നിർബന്ധബുദ്ധിയുള്ള ഈ സായന്തനം എനിക്കായ് ഒരുക്കിത്തന്ന എന്റെ അനുജനെ ഞാൻ എത്ര കരുതിയാലും മതിയാകില്ല...