Tuesday, 29 September 2015

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം
എന്ന പാട്ട് അമ്മ പാടുന്നത് കേട്ടാണ്ത്രേ
അച്ഛന് മുടിഞ്ഞ പ്രേമം തോന്നീത്
ഒരു പോറലും പറ്റാതെ
അവരുടെ ചന്ദ്രികയെ അവർ എന്നും കാത്തു പോന്നു
പക്ഷേ പെട്ടന്നാണ്
അവരുടെ നിലാവ് മാഞ്ഞു പോയത്
നഷ്ടചന്ദ്രികയോർത്തുള്ള
അമ്മയുടെ ഈ  ഇരുപ്പ്
ആരെയും സങ്കടപ്പെടുത്തും
കയ്യിലുണ്ട്
ഉർവശി ബൂട്ടാലിയയുടെ പുസ്തകം
അപ്പുറത്ത്
വ്യാസമഹാഭാരതം തർജ്ജമ
മുന്നില് ടെലിവിഷൻ വാർത്ത
ചുറ്റും പേരക്കുട്ടികൾ
എനിക്ക്, ഒരു 20 കൊല്ലം കൂടി
ഇങ്ങനെ പോയാ മതീന്ന്
ഇടയ്ക്കിടെ ദീർഘനിശ്വാസം.
ഇന്ന് ചന്ദ്രഗ്രഹണാണ്ത്രേ
ഞാൻ തല തണുപ്പിക്കാംന്ന് വച്ചാ
ഗ്രഹണത്തിന്റന്ന്  മൈലാഞ്ചി തലയിൽ തേച്ചത്
പക്ഷേ ഒരു രക്ഷയില്ലല്ലോ
കണ്ട് കണ്ട് തളർന്നു
നെഞ്ചിലൊരു കല്ലുമായി
അടക്കിപ്പിടിച്ച നിലവിളിയുമായി
ഒരാളിങ്ങനെ കൂടെ
മറ്റെയാൾ ഇവിടെ എവിടെയോ ഉണ്ട്
ഞാനും അതാണ് തിരയുന്നത്
എനിക്കും അത് കേൾക്കാൻ  കൊതിയാണ്
രണ്ടു പേരുടെയും
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ..

Sunday, 27 September 2015

മാധവിക്കുട്ടി മലയാളിപ്പെണ്ണിനു കൊടുത്തിട്ട് പോയത്

ഞാൻ പ്രണയപാശത്താൽ ചുറ്റപ്പെട്ടവൾ
എന്റെ കാലുകൾ നിലത്തുറക്കുന്നില്ല
കൈകൾ ബലമില്ലാതെ തൂങ്ങി കിടക്കുന്നു
എനിക്ക് ഭൂമിയെ ചുറ്റുന്ന
ചന്ദ്രനെ കാണണം
നിലാവും, രാത്രിയും മണക്കണം.
ഞാൻ പ്രണയപാശത്താൽ ചുറ്റപ്പെട്ടവൾ
എനിക്ക് തനിച്ച് നടക്കാനാവതില്ല
പൂവും പൂമ്പാറ്റയും പുഴുവും
കാട്ടിലെ പാട്ടും എനിക്ക് വേണം
കഥകൾ പറഞ്ഞു കേൾക്കാൻ
എന്നത്തെക്കാളും ഇന്നെനിക്ക്
കൊതിയുണ്ട്
ഞാൻ പ്രണയപാശത്താൽ ചുറ്റപ്പെട്ടവൾ
എനിക്ക് രാധയും മീരയും ആകണ്ട
ഒരു മാധവിക്കുട്ടി മനസ്സിലുണ്ട്
പുന്നയൂർക്കുളത്ത് നിന്ന്
നിർമ്മലമായ മനസ്സോടെ
കഥ പറഞ്ഞു തന്ന പ്രണയിനി
എന്നെ പ്രണയ പാശത്താൽ
മുറുക്കിയത് അവരാണോ
കുഞ്ഞു കുഞ്ഞു വാക്കുകളിലൂടെ
വലിയ വലിയ ലോകങ്ങൾ
പാവം മലയാളിപ്പെണ്ണിന്

തുറന്നു കൊടുത്ത മഹതി

ഫിർ യെ ക്യാ ഹൈ ?

1999
ഇന്ദ്രപ്രസ്ഥം ,
അധികാരമുറങ്ങാത്ത
ജാഗ്രത്തായ  ഓഫീസ് മുറി
പുതിയതായി വന്ന
മലയാളി പെണ്‍കുട്ടി-
മാഡം എക്സ്
നെറ്റിയിൽ ചന്ദനക്കുറി,
മുടിയിൽ എണ്ണമയം
തൊട്ടടുത്ത കസേരയിൽ
ഉത്തർപ്രദേശുകാരൻ ,
ബ്രാഹ്മണൻ സഹപ്രവർത്തകൻ
മനോജ്കുമാർ പാണ്ടെ.
ശ്രാവണത്തിലെ ഉത്സവം രക്ഷാബന്ധൻ
രാഖി ബന്ധിച്ച മനോജ്കുമാർ പാണ്ടെ,
മധുരവുമായി ഭാര്യ വീണ പാണ്ടെ
വായുവിലേക്ക് ചോദ്യമെറിഞ്ഞു
വിദ്യാഭാസ്കർ ചുഘ്,
സീനിയർ സഹപ്രവർത്തകൻ
യെ  മാഡം ദളിത്‌ തോ  നഹി
ബ്രാഹ്മിണ്‍ ഭി നഹി,
ഫിർ യെ ക്യാ ഹൈ ?
കമ്മ്യൂണിസ്റ്റുകാരന്റെ മകൾ
മാഡം എക്സ് -ഹിന്ദി പഠിച്ചവൾ
ബ്രെഹ്ടിനെയും നെരുദയെയും
വായിച്ചവൾ
കോളേജ് കാമ്പസിൽ,
കവിതകൾ പാടിനടന്നവൾ
സ്വയം ചോദിച്ചു
ഞാൻ ആര്
ദളിതോ? ബ്രാഹ്മിണോ ?
നോർത്ത് ബ്ലോക്കിലെ
ത്രിവർണ്ണ കൊടി നോക്കി
കൈയ്യിലെ രാഖി നോക്കി
മെല്ലെ പറഞ്ഞു,
സാബ്ജി, മേം ഏക്‌ ലഡ്കി ഹും
എനിക്ക് ജാതി പെണ്‍ജാതി
ഞാൻ വശങ്ങളിലൂടെ
നടക്കുവോൾ.
രാഖി ഇല്ലെങ്കിൽ ഞാൻ തീറ്റപ്പണ്ടം

അല്ലെങ്കിൽ ഞാൻ പെങ്ങൾ.

ധനുഷ്ക്കോടി-അഭിശപ്ത നഗരം


ധനുഷ്ക്കോടിയെക്കുറിച്ചു ഒരു കുറിപ്പ് എഴുതണമെന്നു കരുതിയത്‌ ആ പ്രദേശത്തിന്റെ അസാധാരണത്വം കണ്ടിട്ട് മാത്രമല്ല, മറിച്ച് പണ്ട് ശ്രീലങ്കയിലേക്ക് അപ്പുപ്പന്മാർ കടൽ കടന്നു പോയത് ഇതിലെ ആയതു കൊണ്ട് കൂടിയാണ്. എന്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ)  സ്വാതന്ത്ര്യസമര സേനാനി ആകുന്നതിനു മുൻപ് അദ്ദേഹത്തിന്റെ 22-) വയസ്സിൽ വല്യപ്പുപ്പനോടൊപ്പം(അമ്മൂമ്മയുടെ അച്ഛൻ)  ലങ്കയിലേക്ക് ബോട്ട്   കയറി, എന്റെ മുത്തച്ഛന്,  വല്യപ്പുപ്പൻ (മുത്തച്ഛന്റെ അമ്മാവൻ) കണ്‍കണ്ട ദൈവമായിരുന്നു, വല്യപ്പുപ്പന് കൊളമ്പിൽ ജാപ്പാണം പുകയില കച്ചവടം നടത്തി വളരെയേറെ സമ്പാദ്യം, മറ്റൊരു കുടുംബം(ഭാര്യ, കുട്ടികൾ), ജാക്ക്പോട്ടിൽ  കമ്പം ഇതെല്ലാം ഉള്ള കാലം, കേമികളായ 4 പെങ്ങന്മാരുടെ ഒരേയൊരു ആങ്ങളയാണ് വല്യപ്പുപ്പൻ  അതുകൊണ്ട് മുത്തശ്ശി (അമ്മുമ്മയുടെ അമ്മ)   മഞ്ഞക്കിളിയുടെ, കരച്ചിലിന് യാതൊരു വിലയും കൊടുക്കാതെ, അദ്ദേഹം മരുമകനെയും കൊണ്ട്, ധനുഷ്ക്കോടി വഴി ലങ്കയിലേക്ക് ബോട്ട്  കയറി. എന്റെ അമ്മുമ്മ വല്യപ്പുപ്പന്റെയും മുത്തശ്ശി മഞ്ഞക്കിളിയുടെയും  ഒരേയൊരു മകൾ, മുത്തച്ഛന്റെ മൂത്ത മകനെ, വല്യപ്പൂപ്പന്റെ ആദ്യത്തെ പേരക്കുട്ടിയെ, ഇതിനകം  പ്രസവിച്ചു കഴിഞ്ഞിരുന്നു.  ലങ്കയിലേക്ക് ധനുഷ്ക്കോടിയിൽ നിന്ന് ബോട്ട് കയറി പോകുമ്പോൾ പരമ സാത്വികനായ എന്റെ മുത്തച്ഛൻ നീണ്ട ഒരു വിരഹത്തിനു തയ്യാറെടുത്തില്ല എങ്കിലും, ധനുഷ്ക്കോടി ഞങ്ങളുടെ കുടുംബത്തിനു, പ്രത്യേകിച്ച് എന്റെ അമ്മുമ്മക്ക് ഭൂമിയുടെ അറ്റമായി തോന്നി, 84 വയസ്സിൽ മുത്തച്ഛന്റെ ഫോട്ടോ മാറത്തടക്കി മരണത്തിലേക്ക് പതിയെ പോകുമ്പോഴും ആ അഭിശപ്ത നഗരത്തെക്കുറിച്ച്   അവർ പറഞ്ഞു.

ഞാൻ ധനുഷ്ക്കോടിക്ക് പുറപ്പെടുന്നതിനു മുൻപ് ഇത്തരം കാര്യങ്ങളൊന്നും ചിന്തിച്ചിരുന്നില്ല എങ്കിലും, മദുരയിൽ നിന്ന് വണ്ടി രാമേശ്വരം വഴിയിലേക്ക് തിരിഞ്ഞപ്പോൾ ഓർമയിലേക്ക് ഇവരെല്ലാം ഓടിയെത്തി, എന്റെ മുത്തച്ചനെയും  അമ്മൂമ്മയേയും മാത്രമേ ഞാൻ നേരിട്ട് കണ്ടിട്ടുള്ളൂ , കേട്ട് കേഴ്വിയിലൂടെ ഇവരെല്ലാം(അപ്പുപ്പൻ, മുത്തശ്ശി, അപ്പുപ്പന്റെ എന്തിനും പോന്ന നാല് പെങ്ങന്മാർ   ഒരു ചിത്രത്തിലെന്ന പോലെ എന്റെ മുന്നിലൂടെ പോയി.

കൊളംബിലെ മുത്തശ്ശിയമ്മക്ക് എന്ത് സംഭവിച്ചിരിക്കും, അവരെല്ലാം ഈ കടൽ കടന്നു അപ്പുറത്ത് അല്ലേ എന്ന ചിന്തകളും മറ്റും , പാമ്പൻ പാലത്തിനു മുകളിലൂടെ പോകുമ്പോൾ  പണ്ട് ഈ പ്രദേശം എങ്ങനെ ആയിരിക്കും എന്നെല്ലാം ഓർത്തു

മണ്ഡപം ഓഫീസിൽ നിന്നും വളരെ ലാഘവത്തോടെയാണ്  കുഞ്ഞു കുട്ടികളും അമ്മയും അടങ്ങുന്ന ഞങ്ങളുടെ സംഘം ഒരു ടെമ്പോ ട്രാവലിൽ ധനുഷ്ക്കോടിക്ക് പുറപ്പെട്ടത് , ഞാനും ശോഭനയും അടുത്തടുത്ത് ഇരുന്ന് കാഴ്ചകൾ കണ്ടു, കുറച്ചു ദൂരം ചെന്ന് ഒരു വാനിൽ മാറിക്കയറി യാത്ര തുടർന്നു. വണ്ടി ഒരു വളവു തിരിഞ്ഞതും , ഞാനും ശോഭനയും ഉറക്കെ നിലവിളിച്ചു, കൂട്ടത്തിൽ ഇത്തിരി മനസ്സലിവുള്ള കൃഷ്ണനെ വിളിച്ച് ഞങ്ങൾ നിറുത്താതെ കരഞ്ഞു, കൃഷ്ണ, വണ്ടി നിർത്താൻ പറയു, നമ്മളിപ്പോൾ കടലിൽ മുങ്ങി മരിക്കും എന്ന് പറഞ്ഞ്, എനിക്ക് സത്യത്തിൽ പണ്ട് ദുര്യോധനന് സംഭവിച്ച പോലെ എന്തോ ഒന്ന് സംഭവിച്ചിരുന്നു, ജലസ്ഥല വിഭ്രാന്തി എന്നോ  മറ്റോ പേരുള്ള ഒരൂട്ടം.  വണ്ടി നേരെ കടലിലേക്ക്‌ ...

റോഡ്‌ പേരിനുപോലും ഉണ്ടായിരുന്നില്ല, കടലിലൂടെ കപ്പൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും  "വാനിലെ യാത്ര  അതാദ്യമായിട്ടായിരുന്നു.  അകലെ പണ്ടത്തെ റെയിൽവേ ബ്രിഡ്ജ് ഒരു നേർത്ത വര പോലെ കണ്ടു, കനത്ത കൊടുങ്കാറ്റിൽ ബോട്ട്-മെയിൽ എക്സ്പ്രസ്സ്‌ യാത്രക്കാരോട് കൂടി കടലിൽ പോയത് അവിടെയാകാം.  വണ്ടി മുരണ്ടുകൊണ്ട്‌ വളരെ പതുക്കെ വെള്ളത്തിലൂടെ മുന്നോട്ടു പോയി, മുട്ടിനൊപ്പം വെള്ളത്തിൽ കുട്ടികൾ മത്സ്യം പിടിക്കുന്നതും, എതിരെ മറ്റൊരു വണ്ടി വരുന്നതും കണ്ടാണ്‌ എനിക്ക് കുറച്ചു സമാധാനം തോന്നിയത്,  ഈ വാഹനത്തിൽ ചെന്നാൽ എവിടെയെങ്കിലും ഒന്ന് ഇറങ്ങാം എന്നും, മറ്റും തോന്നലുണ്ടായി. പിന്നെയും കുറെദൂരം ചെന്നാണ് അല്പം മണൽ കയറിയ വണ്ടി കയറ്റി ഇടാവുന്ന പ്രദേശം കണ്ടത്, പിന്നെ അൽപാൽപം ഭൂതാവിഷ്ട നഗരം വെളിപ്പെട്ടു.  ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി, ഞാൻ എന്റെ പൂർവ്വ പിതാക്കളെ ഓർത്തു, ദ്വേഷ്യം വരുമ്പോൾ സിംഹളത്തിൽ ചീത്ത പറഞ്ഞിരുന്ന അമ്മൂമ്മയെയും(അത് സിംഹള ഭാഷയിലെ വഴക്ക് ആയിരുന്നുവെന്നു അമ്മ പിന്നീടെപ്പോഴോ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌).  കൊടുങ്കാറ്റിൽ തകർന്നു പോയ പള്ളി,, പോസ്റ്റ്‌ ഓഫീസ്, കെട്ടിടങ്ങൾ  കണ്ടു.  ഞാൻ ആ മണലിൽ കുത്തിയിരുന്നു.

ആ ഇരുപ്പിൽ ചുറ്റും കണ്ടു.  മണൽപരപ്പിൽ കേട്ടിടാവശിഷ്ടങ്ങളും, കുറച്ചു ഉണങ്ങിയ മനുഷ്യരും.  എല്ലാവരും ആശ്ചര്യത്തോടെ ഒരേ കാര്യം തന്നെ പറഞ്ഞു, എല്ലാം നഷ്ടപ്പെടുന്നവന്റെ സങ്കടം.  ഞങ്ങൾ ഷൂസുകൾ അഴിച്ചുവച്ച് വെറും മണലിൽ നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തിൽ  ആയിരുന്നു, കടൽ വളരെ സാധാരണ ഭാവത്തിലും, ചുറ്റും ചെറു കച്ചവടം നടത്തുന്ന ആളുകള്.  മോള് ചോദിച്ചു, അമ്മ, ഇതിലെ അല്ലെ രാമൻ സീതയെ അന്വേഷിച്ചു പോയത്, ജടായു മുറിവേറ്റു കിടന്നത്, ഈ കടലിനപ്പുറം രാവണന്റെ ലങ്കയാണോ, എന്നെല്ലാം  ഞാനും കുറെയേറെ ഓർത്തു, ഇത്രയും പൌരണികമായ ഇടം ഉപേക്ഷിക്കപ്പെട്ട ഒന്നായല്ലോ എന്ന് സങ്കടപ്പെട്ടു.  കാഴ്ചകൾക്ക് അപ്പുറത്തുള്ള, വരണ്ട ശൂന്യതയിലേക്ക് ഒരു പ്രദേശം ഒറ്റയടിക്ക് മറവു ചെയ്യപ്പെട്ടു, പഴയ നല്ലനാളുകളുടെ ഓര്മ്മകള് ഒന്നും തന്നെ ഇല്ല .  ഇതിലെയാണ് ഒരു കാലത്ത് ജീവനോപാധിക്കായും., ഉള്ളത് വർദ്ധിപ്പിക്കാനായും   ഒരുപാടാളുകള് കടല് കടന്നു പോയത്. അപ്പൂപ്പന്മാര് പൊന്നും പണവും അപ്പുറത്തെ ദ്വീപില് നിന്ന് വാരിക്കൊണ്ട് വന്നത് ഇതിലെയാണ്.  പ്രതീക്ഷകളില്ലാത്ത, ഉറങ്ങാന് ഒരു മേല്ക്കൂരപോലും ഇല്ലാത്ത ഈ പാവം മനുഷ്യരുടെ മുന് തലമുറക്കാരാണ്, സുന്ദരമായ വീടുകളിൽ താമസിച്ചിരുന്നത്  അവരുടെ ഉണര്ച്ച്കളില്, ട്രെയിനിന്റെ ചൂളം വിളി ഉണ്ടായിരുന്നു. പോസ്റ്റ് ഓഫീസില് നിന്ന് സന്ദേശങ്ങള് എത്തിയിരുന്നു, രാത്രി ഏറെ വൈകിയാലും പള്ളിമേടയില് വെളിച്ചം കത്തിയിരുന്നു. കടല് വളരെ ശാന്തമായിരുന്നു.

                ഞാൻ കച്ചവടം ചെയ്യുന്ന സ്ത്രീകളുടെ അടുത്ത് ചെന്നു. കൊടുങ്കാറ്റിൻ കെടുതിയിൽ നിന്ന് രക്ഷപ്പെട്ട (അയാൾ അന്ന് അവിടെ ഉണ്ടായിരുന്നില്ല)  ഒരാളുടെ മകൾ  ചിപ്പികളും മാലകളും  വിൽക്കുന്നുണ്ടായിരുന്നു.  അവർ പക്ഷേ ഞങ്ങളോട് അവിടെ നടന്ന സിനിമ ഷൂട്ടിങ്ങുകളെക്കുറിച്ചാണ് പറഞ്ഞത്.

                അവിടെ നിന്ന് ഞാൻ ഒരു കണ്ണാടി വാങ്ങി.  വട്ടത്തിലുള്ളത്, ഫ്രെയിം നിറയെ ചിപ്പികള് പതിപ്പിച്ചത്, മൃദുവായ പല വര്ണ്ണത്തിലുള്ള, ചിപ്പികള്. പിന്നീട് വീട് പണിത് അതിലേക്ക് താമസം മാറിയപ്പോൾ ഞാനത് തീൻമുറിയിലെ വാഷ്ബേസിന് മുകളിൽ തൂക്കി.  കണ്ണാടിയില് നോക്കുമ്പോള് ഒരുകൂട്ടം മനുഷ്യരുടെ വരണ്ട മുഖങ്ങള്. , നഗരാവശിഷ്ടങ്ങള്, എല്ലാം അവസാനിച്ചവന്റെ നിര്മ്മമത.

എന്തുകൊണ്ടോ അന്ന് രണ്ടു കടലും (നമ്മൾ പേരിട്ടു വിളിക്കുന്നത്‌ അങ്ങനെയാണല്ലോ) ചേരുന്നിടത്ത് ഞങ്ങൾ പോയില്ല, ആണ്‍ കടലും പെണ്‍ കടലും എന്നാണ് അന്നാട്ടുകാർ പറയുന്നത്, ആ കാഴ്ചകളിലേക്ക് പിന്നെയൊരിക്കൽ പോകാമെന്ന് കരുതി.   


ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയ മുൻ തലമുറക്ക്‌ സലാം..........


ബിന്ദുവിന്റെ ഭർത്താവും അച്ഛനും

ദേവരാജ് അരശ് മാർക്കറ്റിലേക്കുള്ള വഴി തിരിയുന്നിടത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ ബിന്ദുവിന്റെ രണ്ടു കയ്യിലും സഞ്ചികൾ ഉണ്ടായിരുന്നു.  പച്ചക്കറി വാങ്ങാനുള്ള സഞ്ചികൾ.  ബിന്ദുവിന് ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു മാർക്കറ്റിലേക്കുള്ള ആഴ്ചയിലെ ഒരു വരവ്. കാരറ്റും, ബീറ്റ്രൂട്ടും, കാബേജും, വയലറ്റ് വഴുതനയും, എന്ന് വേണ്ട മേത്തിയും, മുരിങ്ങയിലയും വരെ അവൾ വാങ്ങിക്കും.  അവളുടെ  ഭർത്താവ് അവളെ സന്തോഷത്തോടെ കൊണ്ട് പോകുന്ന ഒരേ ഒരിടം. ദേവരാജ് അരശ് മാർക്കറ്റ്. 

    രാവിലെ 8.30 നു ഓഫീസ് വാഹനം വരുമ്പോൾ പച്ചക്കറികൾ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കി, ലഞ്ച് ബൊക്സിന്റെ  തട്ടുകളിൽ നിക്ഷേപിച്ച്, ഉറങ്ങുന്ന ഒരു കുട്ടിയെ എന്ന പോലെ ആ ലഞ്ച് ബോക്സ്‌ അവൾ ഭർത്താവിന്റെ കൈകളിൽ ഏൽപ്പിക്കുമായിരുന്നു.  അവളുടെ ചോറും കറികളും ഭർത്താവിന്റെ ഉച്ചക്കൂട്ടത്തെ സന്തോഷിപ്പിച്ചു.  എല്ലാവരും അരെ വാഹ്  അരെ വാഹ്  പറഞ്ഞ് ചോറും കറികളും പങ്കു വച്ചു.  അവൾ കുടുംബ ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ ശ്രമിച്ചത് ഈ ലഞ്ച് ബൊക്സിലൂടെയാണ്.  അവരുടെ അരെ വാഹ്  അരെ വാഹ് വിളികളിൽ അവളുടെ ഭർത്താവ് സന്തുഷ്ടനാവുകയും വൈകീട്ട് ഓഫീസിൽ നിന്ന് പ്രസന്നവദനനായി തിരിച്ചെത്തുകയും ചെയ്തു.

   കാത്തു നിന്ന ബിന്ദുവിന്റെ അടുത്തേക്ക്, വണ്ടി പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് അദ്ദേഹം സാവധാനം വന്നു.  സാധാരണ മട്ടിലുള്ള ശകാരത്തിന് പകരം വാത്സല്യത്തോടെ ചോദിച്ചു എന്താ നിനക്ക് പൊട്ട് നന്നായി തോട്ടൂടെ, അവളുടെ വീതി കുറഞ്ഞ നെറ്റിയിൽ മുടിയിഴകൾ എപ്പോഴും വീണുകിടന്നിരുന്നു. അവൾ പതിവായി ഹനുമാൻ കോവിലിൽ പോവുകയും അവിടെ നിന്ന് കിട്ടുന്ന  കുങ്കുമം നെറ്റിയിൽ തൊടുകയും ചെയ്തു പോന്നു, മുടിയിൽ മല്ലിപ്പൂ, കാൽ വിരലിൽ മെറ്റി ഇതെല്ലാം  ഇഷ്ടമില്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മയെ സന്തോഷിപ്പിക്കാൻ അവൾ അണിഞ്ഞു.  അവളുടെ കുങ്കുമപ്പൊട്ട് വേഗം വിയർക്കുന്ന മുഖത്ത് എപ്പോഴും പടർന്നിരുന്നു. അതൊരു അലോസരമായി അവൾക്ക് തോന്നിയെങ്കിലും അമ്മയെ സന്തോഷിപ്പിക്കാനായി ആ ബുദ്ധിമുട്ട് സഹിച്ചു. ഭർത്താവ് അരുമയോടെ പൊട്ട് കൈയ്യിലുരുന്ന കൈലേസുകൊണ്ട് തുടച്ച് ഒരു കുഞ്ഞു വൃത്തത്തിൽ ആക്കി. അവർ കൈ കോർത്ത്‌ പിടിച്ച് മാർക്കറ്റിനുള്ളിലേക്ക് നടന്നു.  

     വിശാലമായ വൃത്തിയുള്ള മാർക്കറ്റ് എത്ര ആളുകൾ വന്നാലും തിരക്ക് തോന്നാത്ത മാർക്കറ്റ്, ബഹളം കൂട്ടാത്ത കച്ചവടക്കാർ, ഹള്ളികളിൽ നിന്ന് തങ്ങൾ വിളയിച്ചെടുത്ത വിളകൾ നേരിട്ട് കൊണ്ട് വരുന്ന കർഷകർ, കച്ചവടക്കാരായ സ്ത്രീകൾ, ഈ കാഴ്ച്ചകളിലെല്ലാം ഇത്ര പുതുമ എന്തിരിക്കുന്നു എന്ന് ഭർത്താവ് അവളോട്‌ ചോദിക്കുമായിരുന്നു.  മാർക്കറ്റിൽ കാഴ്ച കാണാനാണോ പച്ചക്കറി വാങ്ങനാണോ നീ വരുന്നത് എന്ന് അദ്ദേഹം തട്ടിക്കയറുക വരെ ചെയ്യാറുണ്ട്.  കാഴ്ച്ചകൾ, സ്വതന്ത്രമായ കാഴ്ചകൾ ഞങ്ങൾ പെണ്ണുങ്ങൾക്ക്‌, നിങ്ങളോട് ചേർന്ന് നിന്നല്ലേ കാണാനൊക്കൂ അല്ലാതെ ഞാൻ ഈ നഗരത്തിൽ എന്ത് കാണുന്നു എന്ന് കൊളുത്താതെ എന്നും അവൾ തല കുനിച്ച് പിടിച്ച് കുറ്റവാളിയെപ്പോലെ നടന്നു. അന്ന്  എന്തോ അദ്ദേഹം വളരെ ശാന്തനായി കാണപ്പെട്ടു. പതിവിന് വിപരീതമായി പച്ചക്കറിയും പഴങ്ങളും തിരഞ്ഞെടുക്കാൻ അവളെ സഹായിക്കുകയും അവളുടെ കയ്യിൽ നിന്ന് അവ വാങ്ങി സ്വന്തം കയ്യിൽ തൂക്കി നടക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് ഉറപ്പായി എന്തോ സംഭവിച്ചിട്ടുണ്ട് അതെന്താണ് എന്നറിയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.

 എന്ത് തന്നെയായാലും തന്നോട് പറയാൻ എന്നും ഭർത്താവിന്  കുറച്ച് തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്, നല്ലതായാലും ചീത്തയായാലും,   പകൽ നേരങ്ങളിൽ തന്നെ സഹായിക്കാൻ വരുന്ന പ്രേമ അക്ക കുഞ്ഞിനെ നോക്കി ക്വാർടേഴ്സിൽ ഉണ്ട് എന്നത് അവളുടെ നടത്തം പതുക്കെയാക്കി. ഭർത്താവ് എന്നും അളവുകളും കണക്കുകളും കൃത്യമായി സൂക്ഷിച്ചു പോന്നു.  സാധാരണ ബിന്ദുവിന്റെ വീട്ടില് അച്ഛനും അമ്മക്കുമൊപ്പം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് അവൾ ജീവിതത്തെ ലാഘവപ്പെടുത്തി, എല്ലാം പരസ്പരം അറിഞ്ഞും അറിയിച്ചും വീട്ടകം വളരെ ലളിതമാക്കി. കുറച്ചു നാളായി അവൾക്ക് ഒരു പേരുണ്ടെന്നും, അച്ഛനും അമ്മയും ഉണ്ടെന്നും, ഗ്രാമത്തിൽ ഒരു വീടുണ്ടെന്നും ഓർക്കാൻ അവൾ മറന്നു പോയിരുന്നു.  ബിന്ദുവിന്റെ അച്ഛന്റെ സ്നേഹാർദ്രമായ ഫോണ്‍ വിളികൾക്ക് അവൾ പകൽ നേരങ്ങളെ മാറ്റി വച്ചെങ്കിലും, ബിന്ദു പൂർണ്ണമായി അച്ഛനിൽ നിന്നും അടർന്നു പോന്നിരുന്നു.  അവൾക്ക് പരിചയമില്ലാത്ത ഗൂഢമായ രീതികൾ അവളെ വേദനിപ്പിച്ചെങ്കിലും, ബിന്ദു അതൊന്നും കാര്യമാക്കിയില്ല.  ഭർത്താവ് അവളെ ഒരിക്കലും പേര് വിളിച്ചില്ല. വലിയ കുടുംബ സദസ്സുകളിൽ "അവൾ" എന്ന് ബിന്ദു സംബോധന ചെയ്യപ്പെട്ടു.  ഓ അത് അവളങ്ങനൊക്കെ പറയും, അത് അവളുടെ പണിയാകും, അവൾക്കെന്തിന്റെ കുറവാ..ഇമ്മാതിരി.     ഇന്നെന്താണാവോ വിശേഷിച്ച് എന്നോർത്ത് അവൾ അദ്ഭുതപ്പെട്ടു. 

തിരിച്ച് കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോഴും ബിന്ദുവിന്റെ ഭർത്താവ് വളരെ ശാന്തനായി കാണപ്പെട്ടു.  ചെലുവമ്പ പാർക്കിനുമുന്നിൽ നിന്നും ആദിപമ്പ റോഡിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.  എനിക്ക് നാളെ ബോംബെ വരെ പോകണം.  അവിടെ കുറച്ച് ജോലികൾ ഉണ്ട്.  കുഞ്ഞിന് സുഖമില്ലത്തോണ്ട് നീ വീട്ടിൽ പോകണ്ട. രാത്രി ഇവിടെ പേടിക്കാനൊന്നും ഇല്ല.   സാധാരണ പോലെ അവൾ ഒന്നും പറഞ്ഞില്ല.  മുഴുവനും തലയാട്ടി കേട്ടു.  സമയം ഏതാണ്ട് എട്ടുമണി ആയി പ്രേമക്ക് വീടെത്തണം.  പച്ചക്കറികൾ കഴുകി വെടുപ്പാക്കി ഫ്രിഡ്ജിനുള്ളിൽ കയറ്റുന്നതിനിടയിൽ ബിന്ദു പ്രേമ അക്കയോട് ചോദിച്ചു .  നാളെ തന്റെ കൂടെ  നില്ക്കാമോ എന്ന്.  അക്ക അവളുടെ  മുന്നിലേക്ക്‌ പച്ചക്കറി നിറച്ച മുറം തള്ളിനീക്കി വച്ച്കൊണ്ട് പറഞ്ഞു.  അയ്യയ്യോ, അമ്മു അത് മട്ടും സൊല്ല വേണ്ട, നാങ്കളുക്ക് വീട് വിട്ടു രാത്രി തൂങ്കക്കൂടാത്.  എനക്ക് എന്നും തലവലി, അത് എൻ കണവൻ തന്തത്, അവര് എൻ തലയ്ക്കു പിന്നാടി  അടിപ്പേൻ,   യവര് ഇങ്കൈ വന്ത് തൊന്തരവ്‌ പണ്ണിടും.  റൊമ്പ പ്രചനം ആയിടും.

    രാത്രികൾ, അവൾക്ക് ഒരിക്കലും തനിയെ കഴിച്ചുകൂട്ടേണ്ടി വന്നിട്ടില്ല.  അവളുടെ വീട് എന്നും നിറവുള്ളതായിരുന്നു സുമനസ്സുകളുടെ നിറവ്.  മുറ്റത്ത്‌ നെല്ലും അടക്കയും ചൊരിഞ്ഞിടാൻ ധനു മാസത്തിൽ കളം പണിഞ്ഞിടുമ്പോൾ  എല്ലാവരും  മുറ്റത്ത്‌ പുല്ലു പായിൽ  വട്ടം കൂടിയിരിക്കും.   പാടത്ത് നിന്ന് ഇടശ്ശേരിയുടെ പൂതം പറമ്പിലേക്ക് കയറി വരുമെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് ബിന്ദു ഉമ്മറത്തിണ്ണ വരെ വന്ന് അകത്തേക്ക് ഓടിപ്പോകുമ്പോൾ എല്ലാരും കൂട്ടച്ചിരി ഉതിർക്കും. വളർന്നിട്ടും അത് മാറിയില്ല.  അതുകൊണ്ട് തന്നെയാകും കല്യാണം കഴിഞ്ഞ് ബിന്ദുവിനെ  കൊണ്ട് പോകുമ്പോൾ വല്യോപ്പ ഭർത്താവിന്റെ കൈ പിടിച്ച് പറഞ്ഞു അവളെ തനിച്ച് നിർത്തി എങ്ങും പോകരുത് കേട്ടോ.  മറ്റുള്ളോര് കാണാത്തത് അവൾ കാണും, കേൾക്കും എന്ന് ഭർത്താവിനോട് പറയാൻ ഓപ്പ മടിച്ചു.  ഭർത്താവിന്റെ ഉഗ്രഭാവം തുറന്നു സംസാരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കി. താൻ എന്തിനാണ് തന്റെ ഗ്രാമഗൃഹം വിട്ട്‌ ഈ ശൂന്യതയിലേക്ക് വന്നത് എന്ന് അറിയാതെ അവളുടെ മനസ്സ് വഴുതി, ഉടനേ അവൾ സ്വയം തിരുത്തി അദ്ദേഹം എന്നെ എത്ര സ്നേഹിക്കുന്നുണ്ട്, പിന്നെ ഈ ഗൌരവ പ്രകൃതി, അത് ജോലിയുടെ ഭാഗമാകും എന്ന്.  തനിക്കിവിടെ  എന്തിന്റെ കുറവാണ്, എല്ലാം കൂടുതലേ ഉള്ളൂ…  

പിറ്റേന്ന് രാവിലെ യാത്ര പറഞ്ഞിറങ്ങുമ്പോൾ വളരെ സാധാരണ മട്ടിൽ ഭർത്താവ് പറഞ്ഞു നിന്റെ അച്ഛന് സുഖമില്ലാതെ ഏതോ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു എന്ന് ഇന്നലെ മുരളി പറഞ്ഞു.  പിന്നെ ഞാൻ അതങ്ങ് മറന്നു. പോകട്ടെ.......  ബിന്ദു വേരിറങ്ങിയ പോലെ നിന്നു പോയി.  ഒരിക്കലും ഒന്നും സംഭവിക്കില്ല എന്ന് അവൾ കരുതിയ അച്ഛനാണ്.  ബിന്ദുവിന് വാതിൽ കൊട്ടിയടക്കാനും കുഞ്ഞിനെയുമെടുത്ത് ഓടിപ്പോകാനും തോന്നി.  കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ഭർത്താവ് പോയിക്കഴിഞ്ഞു എന്ന് അവൾക്ക് മനസ്സിലായി.  അവൾ വീട്ടിലേക്ക് വിളിക്കാനായി ഫോണിനടുത്തേക്ക് ചെന്നപ്പോൾ അത് കേട് വന്ന കാര്യം പറഞ്ഞതോർത്തു. അയൽക്കാരെ ബിന്ദുവിന് പരിചയമായി വരുന്നേയുള്ളൂ, അവൾ കണ്ണീരൊഴുക്കിക്കൊണ്ട് അങ്ങുമിങ്ങും നടന്നു.  ഉറങ്ങുന്ന കുഞ്ഞിന്റെ നിഷ്കളങ്ക മുഖം അവളെ കൂടുതൽ വേദനപ്പെടുത്തി.    ഭർത്താവിന് വേണമെങ്കിൽ അവളെ വീട്ടിലേക്ക് അയക്കാമായിരുന്നു.  (അത് അവൾ ഓർത്തതല്ല പിന്നീടെപ്പോഴോ വീട്ടിനുള്ളിൽ നിന്ന് കേട്ട സംഭാഷണ ശകലമാണ്).  എന്തെങ്കിലും ഒരു നല്ല വാർത്തക്കായി അവളുടെ മനസ്സ് കൊതിച്ചു.

  
അച്ഛൻ മരിച്ച് രണ്ടു നാൾ കഴിഞ്ഞാണ് ബിന്ദുവിന്റെ ഭർത്താവ് മടങ്ങി വന്നത്, ഇത്രയും ദൂരെ നിന്ന് നമ്മൾ നാട്ടിലേക്ക് തിരിച്ച് പോകണോ എന്ന ചോദ്യത്തിന് അവൾ അലറി, എത്ര ദൂരം? സ്വർഗത്തിലേക്കുള്ള ദൂരമല്ല, നമുക്ക് പോകാനുള്ളത്.   എട്ട് മണിക്കൂർ വണ്ടി ഓടിക്കാനുള്ള ദൂരം. ...അതത്ര വലിയ ദൂരമാണോ,  ഒരു ജീവൻ പിടയുമ്പോൾ മുന്നൂറു കിലോമീറ്റർ വലിയ ദൂരമാണോ.. ബിന്ദു ഇബ്സന്റെ "പാവവീട് " കണ്ടിട്ടില്ല.  അവൾ ഗ്രേസിയുടെ പടിയിറങ്ങിപ്പോയ പാർവതി വായിച്ചിട്ടില്ല, എങ്കിലും മുന്നൂറ് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടാൻ അവൾക്ക് മൂന്നു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.