Sunday, 28 February 2016

ഇരുട്ട് വന്നെന്നെ പൊതിഞ്ഞെടുക്കുമ്പോൾ..

ഇരുട്ട് വന്നെന്നെ പൊതിഞ്ഞെടുക്കുമ്പോൾ,
പൂഴിപ്പരപ്പിലൂടെന്നെ വലിച്ചെടുക്കുമ്പോൾ,
അരികെ തുള്ളുന്ന മഹാസമുദ്രവും,
അഴിയാ കുരുക്കിനെ ശരിവച്ചീടുമ്പോൾ,
ഭയന്ന് കണ്ണിറുക്കെ പൂട്ടി ഞാൻ, 
തിരിഞ്ഞു നോക്കുവാൻ ഒരുമ്പെടാത്തവൾ.
ഇതിലുമേറെ നീ വഴി നടന്നെന്ന്,
പെരും വനത്തിൽ നീ വഴി തെളിച്ചെന്ന്,
ഇലയനങ്ങാത്ത വനഭൂവിൽ നിൻ-
ചെറിയ കാലുകൾ അരിഞ്ഞെറിഞ്ഞെന്ന്
പുതിയ പാദങ്ങൾ മുളച്ചീടും വരെ
ഇഴഞ്ഞ പാതകൾ മറന്നു പോയെന്നോ ?
മറവിയാണല്ലോ മനുഷ്യജന്മത്തിൽ
സുഗന്ധമേറ്റുവാൻ തളിക്കും പുണ്യാഹം.
മറവികൊണ്ടല്ലോ മൃതിതൻ ഗൂഢമാം-
ജപങ്ങളെ നമ്മൾ എഴുതി വയ്ക്കുന്നു.
എന്നാൽ കഠിന നോവുകൾ സഹിച്ചൊരുവളും
കടന്നു പോകില്ല പ്രണയ തീരങ്ങൾ.
അതെങ്ങനെയോ ഇരിക്കട്ടെ ഇപ്പോൾ
ഇരുട്ടു വന്നെന്നെ പൊതിഞ്ഞെടുത്തല്ലോ .
മയിലായീശനെ ഭജിച്ചിടുന്നവൾ
അറിയുന്നെന്നുടെ മനോവിചാരങ്ങൾ.
പൊറുക്കുവോളവൾ, സഹിക്കുവോളവൾ,
ഞങ്ങളിരുവരും ഒരേ തരത്തിലുള്ളവർ.
കപാലവും കൊണ്ട് ഇരന്ന ദേവനോ,
അഴിച്ചെടുക്കുന്നു, കൊരുത്തെടുക്കുന്നു,
അവനിണങ്ങും പോൽ പിരിച്ചു ചേർക്കുന്നു,
അടിമുടിയെന്നെ, മഹിതയെ ഭൂവെ.
മൃതിയൂറുന്നൊരീ അഴലിനെ വെല്ലാൻ
നിറഞ്ഞ കണ്ഠത്താൽ നിലവിളിച്ചൂ ഞാൻ
എതിർത്തു നിന്നൂ ഞാൻ, പൊരുതി നിന്നൂ ഞാൻ
ഇരുട്ടു വന്നെന്നെ എടുത്തിടും വരെ ,
ഇരുട്ടു കൂട്ടിൽ ഞാൻ ഇരിക്കുമെങ്കിലും,
നനഞ്ഞ പൂഴിയിൽ പുതഞ്ഞുവെങ്കിലും
അകലെയായവൻ കൊളുത്തിവയ്ക്കുന്ന
ചെറിയ ദീപപ്രഭയെ ഓർക്കുന്നു.
മഹാസമുദ്രങ്ങൾക്കകലെ നിന്നവൻ
ഒരു ചീളെങ്കിലും എടുത്തു വന്നിടും .
അളന്നെടുക്കാതെ ചൊരിഞ്ഞീടുമാ -
നിറഞ്ഞ നെഞ്ചിലെ അനഘ നാദങ്ങൾ
അവൻ തൻ പ്രാണനിൽ നിന്നുയർന്ന
വായുവെൻ വ്യഥിത ദേഹിയിൽ അമർന്നിരിപ്പുണ്ട്.

Sunday, 7 February 2016

ഞെരിഞ്ഞമരുമ്പോഴും, പൊടിഞ്ഞുതിരുമ്പോഴും 
അരികിലാക്കപ്പെട്ട ജീവിതങ്ങൾ 
അതിജീവിക്കുന്നത് പലതരത്തിലാണ് .
കല്ലിലിടിച്ച്‌ പതം വരുത്തിയ 
വേവിച്ച ഇളം ചക്ക പോലൊരുവളെ 
എനിക്കറിയാം,
ഉപ്പിലിട്ട കണ്ണിമാങ്ങ പോലെ
ചുരുങ്ങിയവളെയും.
എരിവും കടുകും ചേർത്ത്
തീൻമുറിയിൽ എത്താൻ കാത്തു നിൽപ്പാണവർ
ഒരുവേള, ആരെങ്കിലും കൊള്ളാം എന്ന്
പറയുമെന്നോർത്ത്..
അറിയുന്നില്ല, ഇന്നത്തെ അത്താഴം വരെയേ
ഇലയിലുള്ളൂ എന്ന്

പെണ്ണൊരുത്തി

കേൾക്കാൻ കൊതിച്ച ഈണവും 
കാണാൻ കൊതിച്ച മുഖവും 
എന്തിനെന്നറിയാതെ, സ്മരണയിൽ 
തിക്കിത്തിരക്കിക്കയറവേ ,
ഉരിഞ്ഞു വീഴുന്ന ഓരോ അടരും 
വെളിപ്പെടാനുള്ള വഴിയൊരുക്കവേ
കഠിന താപത്താൽ ഒരുവൾ
തലയറഞ്ഞ്, മാറുലഞ്ഞ്,
കളങ്ങളെല്ലാം മായ്ക്കവേ
ഭയപ്പെടാതെ, ഭയപ്പെടാതെ
എന്നുരുവിട്ട് ..
കാത്തിരിപ്പിന്റെ വാതിലുകൾ
ഒന്നൊന്നായ് കടന്ന്
ഉറയൂരിയെറിഞ്ഞ പ്രാണനെ
വെയിലേറ്റു പൊള്ളാതെ, കുരുതിക്കൂട്ടിലെറിയാതെ
ഉള്ളം കയ്യിലെടുത്ത് ,
ഉടവാളും, കാൽച്ചിലമ്പും, അരമണി 
കിലുക്കവുമായി 
പെണ്ണൊരുത്തി പടി കടന്നു വന്നു