Sunday, 29 November 2015

ഇന്ത്യൻ പീനൽ കോഡ് 354- വകുപ്പ്


ആസക്തികൾ ഒടുങ്ങാതെ,  74 വയസ്സിൽ ഇങ്ങനെ കോടതി കയറേണ്ടി വരുമെന്ന് ദമയന്തി അമ്മ കരുതിയിരുന്നില്ല. ഇന്ത്യൻ പീനൽ കോഡ് 354 വകുപ്പ് പെണ്ണുങ്ങളുടെ മുഖത്ത് തുപ്പുന്നത് വിവരിക്കുന്ന വകുപ്പ് ആണ് അല്ലാതെ അസോൾട്ട് എന്നത്  എങ്ങനെ വിശദീകരിക്കാൻ ആണ് എന്ന് ലോ കോളേജിൽ, ഐ പി സി പഠിപ്പിക്കുമ്പോൾ രാധിക മാഡം പറയാറുള്ളത് ഞാൻ ഓർത്തു.  ഞാൻ ദമയന്തി അമ്മക്ക് കൂട്ട് വന്നതായിരുന്നു.  വനിതാ സെല്ലിന്റെ പുറത്തുള്ള ഇരിപ്പ് എന്നെ മടുപ്പിച്ചു, അവരുടെ വക്കീൽ വരാൻ ഇനിയും സമയമെടുക്കും, കേസ് വിളിക്കാൻ പിന്നെയും.   എനിക്ക് അവരുടെ കൂടെ വരേണ്ട ബാധ്യത ഒന്നും ഇല്ലായിരുന്നെങ്കിലും, മനുഷ്യത്വം ഓർത്ത് ഞാൻ കൂട്ടിനു ചെന്നു.  ദമയന്തി അമ്മ എന്റെ നാട്ടുകാരി, ഒരേ നാട്ടുവഴിയുടെ അങ്ങേത്തലക്കലും ഇങ്ങേത്തലക്കലും വീട്.  എന്റെ കുട്ടിക്കാലത്ത് അവർ ആ വഴിയിലൂടെ ഒന്നരയും മുണ്ടും ബ്ലൗസും ധരിച്ചു വിലാസവതി ആയി വിളങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്.  കരിവള കോർത്തിട്ടപോലത്തെ മുടിയും തെളിഞ്ഞ മുഖവും,.  ഒരിക്കൽ മാത്രം ഞാൻ അവരെ കഠിനമായി വെറുത്തു.  ഒരിക്കൽ മാത്രം, അത് എന്റെ കല്യാണം കഴിഞ്ഞ് ഭർത്താവിനെയും കൊണ്ട് അയൽവീടുകളിൽ കയറുന്ന കൂട്ടത്തിൽ അവിടെ ചെന്നപ്പോൾ മാത്രമാണ്.  ചായ തന്ന് വർത്തമാനം പറഞ്ഞ് പോകുന്നതിന് മുൻപ് ചായക്കപ്പ് അടുക്കളയിലേക്ക് എടുത്ത് വയ്ക്കാൻ ഞാൻ കൂടി ചെന്നപ്പോൾ അവർ പറഞ്ഞ ഡയലോഗ് കേട്ടാണ്.  അമ്മു നെന്റെ ചെക്കനുണ്ടല്ലോ കൊല കൊമ്പനാണ്‌ ട്ടോ എന്ന്.  എനിക്ക് ഒറ്റ അടി വച്ച് കൊടുക്കാൻ തോന്നി.  തള്ളേടെ ഒരു മനസ്സിലിരുപ്പ് അശ്രീകരം എന്ന് ഞാൻ മനസ്സില് പറഞ്ഞു, പിന്നെ എന്റെ ഒരു സ്ഥിരം ശൈലിയിൽ ഒന്നും അറിയാത്ത പോലെ ചോദിച്ചു, അതെന്താ വല്യമ്മേ അങ്ങനെ ഒരു കൊമ്പൻ എന്ന്, മകളെക്കാളും പ്രായം കുറഞ്ഞ എന്നോട് ബാക്കി പറയാൻ ആകാതെ അവര് പറഞ്ഞു, അത് ഞങ്ങള് പഴമക്കാര് പറേണ കാര്യ കുട്ട്യേ നെനക്ക് മനസിലാവില്ല എന്ന്, ഞാൻ ചിരി അമർത്തി കൊണ്ട് കണ്ടു, കൊതിയോടെ എന്റെ ഭർത്താവിനെ പാളി നോക്കുന്ന ദമയന്തി അമ്മയെ.  അന്ന് നാട്ടിൻ പുറത്ത് അഗമ്യഗമനങ്ങൾ സാധാരണമായിരുന്നു, രഹസ്യമായി എന്നോട് ബിന്ദു  പറഞ്ഞു, അതേ ആയമ്മേടെ വീട്ടില് എന്തിനാ ഉണ്ണീനെ കൊണ്ടോയത് വശീകരിച്ച് പിടിക്കും ട്ടോ എന്ന്.  ഞാൻ ബിന്ദുനോട്പറഞ്ഞു അതിലും വലിയ വശീകരണ മന്ത്രം എന്റേല് ഉണ്ടെന്ന്. ഈ വനിതാ സെല്ലിന്റെ പുറത്തെ ബെഞ്ചിലിരുന്ന് ഇതൊക്കെ ഞാൻ എന്തിനാണ് ഇപ്പോൾ ആലോചിക്കുന്നത്.  അന്നത്തെ സ്വാതന്ത്ര്യം ഇന്ന് ദമയന്തി അമ്മക്ക് ഇല്ലെന്ന് മനസ്സിലാക്കിയാണോ, അത് അവര് വയസ്സായത് കൊണ്ടാണോ, അതോ ഞങ്ങളുടെ ഗ്രാമം ഇത്തരക്കാരെ പരിചരിച്ചിരുന്ന രീതി മാറിയത് കൊണ്ടാണോ, എന്ത് കൊണ്ടാണ് 17 വയസ്സുകാരനെതിരെ, പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് അവർക്ക് കേസ് കൊടുക്കേണ്ടി വന്നത്.  ഗ്രാമത്തിന്റെ നന്മകൾ ഒരിക്കലും അവരെ ഒരു നെന്മണി കൊണ്ട് പോലും എറ്റിയിട്ടില്ല, ഒരു പൂത്തുമ്പി പോലെ, അവര് അവിടെ പാറി നടന്നു, അവർക്ക് ഇഷ്ടമുള്ളിടത്ത് പറന്നിരുന്നു.

മിനി  വക്കീൽ  കടുപ്പക്കാരിയാണ് എന്റെ ക്ലാസ്സ്‌ മേറ്റ്‌, സുഹൃത്ത്‌, ദമയന്തി അമ്മയെ ഞാൻ അവളെയാണ് ഏൽപ്പിച്ചത്, അവൾ വനിതാ സെല്ലിന്റെ മുന്നില് വന്നിറങ്ങിയപ്പോൾ ദമയന്തി അമ്മ പതുക്കെ എഴുന്നേറ്റ് നിന്ന് തൊഴുതു.  അവർ ഒരിക്കലും ശീലിക്കാത്ത കാര്യങ്ങൾ, ഇവരിതൊക്കെ എപ്പോ പഠിച്ചു എന്ന് ഞാൻ അത്ഭുതപ്പെട്ടു.   വനിതാ സെല്ലിലെ സി ഐ ഗ്രേസി അതല്ല അതിലും വലുത് പഠിപ്പിക്കും എന്ന് മനസ്സില് തിരുത്തി.  മിനിയോട്‌ അവർ കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി, മോളെ ഈ വയസ്സ് കാലത്ത് ഞാനിവിടെ വരാറായി നീ ഇതിന് ഒരു തീർപ്പുണ്ടാക്കണം എന്ന്.  കേസിന്റെ വിശദാംശങ്ങൾ ഞങ്ങൾ മുൻപേ ചർച്ച ചെയ്തിരുന്നത് കൊണ്ട് മിനി അകത്തു പോയി പരിചയക്കാരായ പോലീസുകാരെക്കൊണ്ട് അവരെ വിളിപ്പിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കി.

കനപ്പെട്ട മുഖവുമായി സി ഐ ഗ്രേസി കേസ് കേട്ടു, അവർ പിറുപിറുക്കുന്നുണ്ട് 70 കാലത്ത് തള്ളക്ക് എന്തിന്റെ സൂക്കെടാണ് എന്ന്. മിനിയെ അരല്പ്പം ഭയമുള്ളതുകൊണ്ട് ഉറക്കെ അല്ലെന്നു മാത്രം.   കേസ് ഇതാണ് അയൽവാസി 17 വയസ്സുകാരൻ പയ്യൻ, ദിവസവും രാത്രി ആയാൽ ദമയന്തി അമ്മയുടെ മുറ്റത്ത്‌ വിവസ്ത്രനായി വന്ന് നിൽക്കയാണ്‌.  പല തവണ അവർ വിലക്കി വടി എടുത്തു, അവസാനം ഒരു ദിവസം അവൻ അവരെ തള്ളി ഇട്ടപ്പോഴാണ്, അവർ കരഞ്ഞു കൊണ്ട് ഞങ്ങളുടെ പടി കയറി വന്നത്. ബിന്ദു  പറഞ്ഞു അതേ കുട്ടി സഹായിക്കണം കേട്ടോ അവർ    കഷ്ടത്തിലാണ്, എങ്ങനെ ജീവിച്ച ആളാ, പിന്നെ, ആരേയും അവര് ദ്രോഹിച്ചിട്ടില്ല, അവരുടെ ശീലം അങ്ങനല്ലേ അതറിഞ്ഞുടെ എന്ന്.  അങ്ങനെ ആണ് ഞാൻ അവരെയും കൂട്ടി മിനിയുടെ അടുത്ത് വന്നത്.  അവരുടെ വാരിയെല്ല് ഒടിഞ്ഞു പോയത് പ്ലാസ്റ്റെർ ഇട്ടിട്ടുണ്ടായിരുന്നു, മയങ്ങിയ നരച്ച കണ്ണുകൾ കലങ്ങിയും.  മിനിക്കും സങ്കടം തോന്നി.

17 വയസ്സുകാരൻ വിശാൽ ഗൾഫുകാരൻ ചന്ദ്രൻ ചേട്ടന്റെയും സുഭദ്രയുടെയും  ഒറ്റ മകൻ, അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണി, എന്തിനും ഏതിനും അപ്പുറവും ഇപ്പുറവും അച്ഛനും അമ്മയും തയ്യാർ, ഇടയ്ക്കു ഇടയ്ക്കു അയൽക്കാരൻ സുബ്രന്റെ വീട്ടില് പൊകുമെന്നൊഴിച് ചന്ദ്രൻ ചേട്ടന് ഒരു സ്വഭാവ ദൂഷ്യവും ഇല്ല.  ആ പോക്ക് അങ്ങേരുടെ ഭാര്യയുടെ അറിവോടെയും സമ്മതത്തോടെയും ആണ്. സുബ്രൻ അങ്ങോരുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ. എന്റെ കുട്ടിക്കാലത്ത് നിന്ന് വ്യത്യസ്ഥമായി അവിടെ കുട്ടികൂട്ടങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞത് മോള് പറയുമ്പോഴാണ്, അതേ അമ്മ പറയണ പോലെ ഇവിടെ ആരും ഇല്ലല്ലോ കളിക്കാൻ എന്ന്, വല്ലപ്പോഴും വരുമ്പോൾ ആരുണ്ടാവും കൂട്ടുകാർ എന്ന് ഞാനും തിരിച്ച് പറഞ്ഞു, ഞങ്ങൾ അവിടെ കളിക്കാത്ത കളികളില്ല, കേറാത്ത മരങ്ങളില്ല, ചാടാത്ത പുഴയും, കൊതി കൊണ്ട് കണ്ണ് തള്ളി മോള് ഇരിക്കും, പിന്നെ പരിഭവത്തോടെ പറയും എന്നെ കൂട്ടില് ഇട്ടേക്ക്‌ ല്ലേ എന്ന്.
വിശാലിനും കൂട്ടുകാർ ഇല്ല, വായന ശാല പരിപാടികൾ ഗ്രാമത്തിൽ ഇല്ലാതായി, പകരം ഇന്റെർനെറ്റിനു മുന്നില്, സ്മാർട്ട്‌ ഫോണിന് ഒപ്പം കൌമാരം.  കുട്ടികൾ എപ്പോഴും തിരക്കിൽ, അവർ കാണുന്ന കാഴ്ചകൾ വേറെ, സുഭദ്ര മുഴുവൻ സമയവും അടുക്കള, സീരിയൽ തരംഗത്തിൽ.
വിശാൽ, അവൻ ബുദ്ധിയുള്ള കുട്ടി, ഗ്രാമത്തിലെ ആണ്‍കുട്ടികളുടെ കളിസ്ഥലത്ത് പബ്ലിക്‌ ഹെൽത്ത് സെന്റര് വന്നതിന് ശേഷം കുട്ടികൾ കൂട്ടം കൂടുന്നത് നിർത്തി ,  ഓല/ ഓട്  വീടുകൾ എല്ലാം കോണ്‍ക്രീറ്റ് വീടുകൾ ആയി.  വീടുകൾക്ക് ചുറ്റിലും മതിലുകൾ വന്നു. എല്ലാവരും മുൻവശത്തെ വാതിൽ അടച്ചിടാൻ തുടങ്ങി. അയൽക്കാര്  ബെല്ലടിച്ചിട്ട്‌ കാത്തു നിന്ന് കയറാൻ പഠിച്ചു, പാത്തുമ്മ ഒക്കെ ആണ് കഷ്ടപ്പെട്ടത്, പാട്ടും പാടി വീട്ടിലേക്ക് ഒരു വരവുണ്ട് അത് നിന്നു.

പാത്തുമ്മ ദമയന്തി അമ്മയുടെ കൂട്ടുകാരി ആയിരുന്നു, അവരെല്ലാം കള്ളക്കഥകൾ പറഞ്ഞ് ചിരിക്കാൻ മിടുക്കികളും…..ആയ കാലത്ത് അവരെല്ലാം ജീവിതം നന്നായി ആസ്വദിച്ചു, സുഖങ്ങളും ദു:ഖങ്ങളും ഒന്നിച്ച് പങ്കു വച്ചു, ഇല്ലായ്മയിലും അവർ ചിരിച്ചു, കയ്പേറിയ ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തി. എന്റെ ഗ്രാമത്തിലെ പഴയ തലമുറ.
 
ഒട്ടേറെ ഇടുങ്ങിയ പാതകളിൽ നടന്ന ദമയന്തി അമ്മ ക്ഷമിക്കാൻ തയ്യാറായിരുന്നു, പക്ഷേ സുഭദ്രയുടെ വാക്കുകൾ അവരെ തളർത്തി കളഞ്ഞു, ഒരുമ്പെട്ടോള്, എത്ര പേരെ കണ്ണീരു കുടിപ്പിച്ചു, വയസ്സായിട്ട് മതിയായിട്ടില്ല, എന്റെ മോന്റെ നേർക്കാണ് കണ്ണ്. ദമയന്തി അമ്മയെ എനിക്ക് അറിയാമായിരുന്നു, അവർ ആരെയും ഉപദ്രവിച്ചിട്ടില്ല, അവർ എവിടെയും അതിക്രമിച്ചു കയറിയിട്ടില്ല. പക്ഷേ 17 വയസ്സുകാരൻ അതിക്രമിച്ചു കയറി അവൻ മനുഷ്യനെ കണ്ടില്ല, പകരം അവന് എവിടെയും കയറാം എന്നും ആവശ്യമുള്ളത്, തട്ടി എടുക്കാം എന്നും, ആശക്തരായവരെ ഒട്ടും ഭയക്കേണ്ടതില്ല എന്നും ചെറുപ്പത്തിലേ മനസ്സിലാക്കി. 
ദമയന്തി അമ്മ, അവർ ഒരു പൂത്തുമ്പി ആയിരുന്നു, പൂക്കൾ വിളിച്ചാൽ പറന്നിറങ്ങുന്ന ഒരു പൂത്തുമ്പി. ഞാനും കൂട്ടുകാരും അവരുടെ മുടിക്കെട്ടും നടപ്പും അനുകരിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല, അമ്മക്ക് അവരെ വല്യ ഇഷ്ടം ഉണ്ടായിരുന്നില്ല, എന്നാലും പറയും പറപ്പുക്കാവ് ഭഗവതി തന്നെ എന്തൊരു ഐശ്വര്യാ എന്ന്. അവർ പ്രത്യേകതകൾ ഉള്ള സ്ത്രീ ആയിരുന്നു, മുഴുവനും അർത്ഥത്തിൽ ഒരു സ്ത്രീ അതുകൊണ്ട് തന്നെ സുഭദ്ര പറയുന്നത് കേൾക്കാൻ ഞാൻ നിന്നില്ല, അവരുടെ മകൻ എങ്ങനെ ദമയന്തി അമ്മയെ ഇങ്ങനെ മനസ്സിലാക്കി, ഞങ്ങളുടെ തലമുറ മനസ്സില്ലാക്കിയത് പോലെ അവന് അവരെ കാണാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല, അത് ഗ്രാമത്തിന്റെ തെറ്റാണ്, പുതു ഗ്രാമത്തിന്റെ.
ദമയന്തി അമ്മ കേസുമായി മുന്നോട്ടു പോകും, ഞാൻ അവർക്ക് മുഴുവൻ തുണയും കൊടുക്കും. ഗ്രേസി സി ഐ യുടെ കണ്ണുരുട്ടൽ കഴിഞ്ഞ് ഞാനും മിനിയും കൂടി  ദമയന്തി അമ്മയെയും കൊണ്ട് പുറത്തു വന്നു. ഞങ്ങൾ നാട്ടിൽ, ദമയന്തി അമ്മയുടെ വീട്ടില് അവരെ കൊണ്ട് ചെന്ന് ആക്കണം എന്ന് ഉദ്ദേശിച്ചിരുന്നു. പക്ഷേ ചെന്നപ്പോൾ വളരെ വിചിത്രമായി തോന്നി, ആരും അവരുടെ വീട്ടില്, ആരും, അവരുടെ മകൻ ഉൾപ്പെടെ ആരും,  അവരെ കുറ്റപ്പെടുത്തിയില്ല, ഞങ്ങൾക്ക് അവർ നല്ല മധുരമിട്ട ചായയും, അടയും തന്നു. അത് എന്റെ ഗ്രാമത്തിന്റെ   വിരുന്നുകാർക്കുള്ള വിഭവമാണ്, ഒന്നുകിൽ അട അല്ലെങ്കിൽ പത്തിരി നല്ല കട്ടിപ്പത്തിരി. മുരടനായ അവരുടെ മകൻ സുരേന്ദ്രൻ എന്നോട് പറഞ്ഞു അമ്മു കഷ്ടപ്പെടേണ്ടിരുന്നില്ല വിളിച്ചെങ്കിൽ ഞാൻ അങ്ങ്ട് വന്നേനെ എന്ന്. പിന്നെ പറഞ്ഞു പത്രക്കാർ വന്നിട്ടുണ്ടായിരുന്നു അവർ നാളെ അമ്മയെ കാണാൻ വരും അപ്പൊ അമ്മുവും വരണം കേട്ടോ എന്ന്, ഞാൻ വാ പൊളിച്ച് ഇരുന്നു, അയാൾ കീചക വധം ആടുമെന്നും എന്റെ കുടൽ മാല വലിച്ചു പുറത്തിടും എന്നും കരുതി ഇരിക്കുമ്പോഴാണ് ഇത്. രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല, പൊതുവേ വീടിന് പുറത്തുള്ളത് ഞാൻ പുറത്തു തന്നെ ഇട്ട് വാതിലടക്കുക ആണ് പതിവ്, എന്തോ അന്നെനിക്ക് അതിന് കഴിഞ്ഞില്ല.  ഞാൻ തറവാട്ടിൽ അന്തി ഉറങീട്ടും ഒരുപാട് കാലമായിരുന്നു. രാവിലെ പതിവുപോലെ ബിന്ദു  വന്ന് വിളിച്ചപ്പോൾ ആണ് കണ്ണും തിരുമ്മി ചെന്നത്, അതേ അത് തന്നെ ദമയന്തി അമ്മ എന്റെ കൂടെ വരാൻ തയ്യാറായി വന്നിട്ടുണ്ട്.
മുറ്റത്ത്‌ കോൽപ്പുളിയുടെ കുഞ്ഞിലകളും പൂവുകളും നിറയെ വീണു കിടന്നിരുന്നു.  ബിന്ദു മുറ്റമടിക്കാൻ തുടങ്ങിയിട്ടില്ല.  ഞാൻ ഉമ്മറത്തെ ഗ്രില്ലിൽ പിടിച്ച് അവരോട് അകത്ത് വരാൻ പറഞ്ഞു.  കൂനിക്കൂടി പിഞ്ഞിപ്പോയ ഒരു പട്ടു തലയണ പോലെ അവർ സോഫയിലേക്ക് ചരിഞ്ഞു.  അവർ എല്ലാം സഹിച്ച് മിണ്ടാതിരുന്നെങ്കിൽ  ആരും അവരെ ഒന്നും ചെയ്യുമായിരുന്നില്ല.  തള്ള വെറുതെ കേസിന് പോയി നാണം കെടുത്തി എന്ന് മകൻ.  ഇനി "സാധനത്തിനെ" ഇവിടെ നിർത്താൻ പറ്റില്ലെന്ന്. ഇന്നലെ ഞങ്ങൾ പോന്നതിന് ശേഷം അവർക്ക് നല്ല പ്രഹരങ്ങൾ ലഭിച്ചുവെന്ന്.   74-)0 വയസ്സില് മാനഹാനി മാത്രമല്ല ജീവഹാനി കൂടെ ഭയന്ന് നാട് വിടാൻ കിട്ടിയ കാരണം, IPC 354.   മൂന്ന് പെണ്‍കുട്ടികൾ ഉണ്ടായതിന് ശേഷം മോഹിച്ചുണ്ടായ മകൻ, അവരെ കഴുത്തിന്‌ പിടിച്ച് തള്ളിയത്രേ.  പുറത്തെ വരാന്തയിൽ തുണിക്കെട്ട് പോലെ അവർ വന്ന് വീണു എന്നും, ഇരുമ്പ് കസാല കൊണ്ട് തലയ്ക്കടിക്കാൻ നോക്കിയപ്പോൾ താനാണ് രക്ഷിച്ചതെന്നും കൂടെ വന്ന മരുമകൾ പറഞ്ഞു. രാത്രി മുഴുവൻ അമ്മായിഅമ്മയും മരുമകളും വിറകുപുരയിൽ കഴിഞ്ഞു കൂടി എന്നും നേരം വെളുത്തപ്പോൾ എന്റെ വീട്ടിലെത്തിയെന്നും. 

 ഇനി ദമയന്തി അമ്മയെയും  കൂടി ആ കൂട്ടത്തിൽ എനിക്ക് ചേർക്കണം, അനേകമനേകം ഫയലുകൾ അടയിരിക്കുന്ന വക്കീലാപ്പീസിന്റെ അലമാരിയിലെ കൂട്ടത്തിൽ, അല്ലാതെ എന്നെപ്പോലെ ഒരാള് അവരെ എവിടെ ഒളിപ്പിക്കും ?   അവിടെ അനേകമനേകം ഫയലുകൾ ഉണ്ട്, മുന്നൂറ്റി അമ്പത്തിനാലാം വകുപ്പ് നിലം തൊടാതെ നിർത്തിയിരിക്കുന്ന ഒരുപാട് സ്ത്രീകളുടെ കഥകൾ ഉറങ്ങുന്ന ഫയലുകൾ, സുപ്രീം കോടതിയിലെ പ്രാക്ടീസ് നിർത്തിയ എന്റെ പ്രിയ ചങ്ങാതിയുടെ മുതൽ പത്തു വയസ്സുകാരി പ്രിയയുടെ വരെ.  ചിലത് തെളിഞ്ഞ കേസുകൾ, എന്നാലും തെളിയാത്ത സ്ത്രീ ജീവിതങ്ങൾ.. തെളിയാത്ത കേസുകൾ  പരാതിക്കാരുടെ മുന്നില് അടഞ്ഞ വാതിലുകളായി…..

പുഴയും പാടവും ചോദിച്ചത്

പുഴ വിതുമ്പുന്നു, പാടം വിതുമ്പുന്നു,
പതിയെ എന്നുടെ കാലൊച്ച കേൾക്കവേ ,
അവരിരുവരും ചങ്ങാതിമാരല്ലോ
ചെറിയ പാവാട തുന്നിയ നാൾ മുതൽ.
ഇവിടെ ഇപ്പോഴും മുന്താണിയില്ലാത്ത ,
പഴയ സാരിയായ് ചുങ്ങിച്ചുളുങ്ങിടും,
പഴയ പാടവും , പാവുട്ട പൂത്തൊരു-
പുതിയ പാടവും എന്നോട് ചോദിച്ചു.
പറയു ഞങ്ങടെ ഓമനയായ നീ
ഉലയിലൂതിയ പോലതെന്തിങ്ങനെ ?
കരുതലോടെ നീ കാത്തിരിക്കുന്നുവോ ?
ഇനിയുമെത്രയോ ചുറ്റിക മേട്ടങ്ങൾ ?
വരികൾ തേടുന്നു വാക്കുകൾ തേടുന്നു,
അലയുമെന്നുടെ താന്തമാം മാനസം.
ഇനിയെനിക്കില്ല സ്വച്ഛമാം ചിന്തകൾ,
ഇനിയെനിക്കില്ല പൂവെണ്‍  നിലാവുകൾ.
ഇനിയൊരിക്കലും ഞാനറിഞ്ഞീടില്ല
കരുതലുള്ളൊരു ഹൃത്തിൻ മിടിപ്പുകൾ.

കരുണ തേടുന്നു കാനനം തേടുന്നു,
നിറനിലാവിനെ തള്ളിക്കളഞ്ഞൊരാൾ.
അവനു നൽകുവാൻ ഒന്നുമില്ലെന്നുടെ,
മുഴുനിലാവിനെ കീറിയെറിഞ്ഞവൻ.
കറകളഞ്ഞൊരു ശുദ്ധമാം പ്രാണനെ,
ഇരുളിലൊറ്റയ്ക്കു ചങ്ങലക്കിട്ടവൻ.
കഠിനജീവിതം ഞാനിനിയെങ്ങനെ
കരിനിഴലിതിൽ മുന്നോട്ട് നീക്കിടും.
ഇനിയുമെന്നോട് ചോദിക്കയില്ല നീ
പഴയ പിന്നിയ പരമ്പരാ ഗാഥകൾ.
പുഴ പറയട്ടെ പാടം പറയട്ടെ

പഴയ ചങ്ങാതിതൻ നേരുകൾ !! 

Wednesday, 18 November 2015

ഞാൻ എങ്ങനെ എന്നെ വിളക്കിയെടുക്കുന്നു

എന്നോട് പറഞ്ഞിട്ടുള്ളത്
എന്നുമെന്നുമിങ്ങനെ നുറുങ്ങി ...
ചിതറിക്കഴിയാനാണ് .
പ്രഭാതവും , മദ്ധ്യാഹ്നവും, സന്ധ്യയും,
പലർക്കായി പകുത്തുകൊടുത്ത്,
വെറും കൈയ്യോടെ , രാത്രിയിലേക്ക്‌ മടങ്ങാൻ .
പടിഞ്ഞാട്ട് നോക്കുമ്പോൾ ,
ആതിര നക്ഷത്രം തീക്കട്ടപോലെ തിളങ്ങുന്നുണ്ടെങ്കിൽ,
ഉറപ്പിക്കാം എന്റെ ജോലികൾ തീർന്നെന്ന് .
ഇനി അടിച്ചു നനച്ച കോട്ടണ്‍ സാരി പോലെ -
എന്നെ എനിക്ക് ആറാനിടാം.
  ഇരുട്ടിൽ പുറത്ത്
പെരുമഴ പെയ്യുന്നിടത്ത്
കുടയുമായി അവൻ നിൽപ്പുണ്ട്.
അടിച്ചു വീശുന്ന കാറ്റിൽ,
ആര്യവേപ്പിലകൾ തുള്ളുന്നിടത്ത്‌ ,
ക്ലേശിച്ച് കുട നിവർത്തി അവനുണ്ട് .
എനിക്കറിയാം,
ആ കുടക്കീഴിൽ എനിക്കിടമുണ്ടെന്ന് .
അത്താഴത്തിന് ഒരുരുള ,
അവനെനിക്കായി മാറ്റിവയ്ക്കുമെന്ന് .
തീക്ഷ്ണമായ അവന്റെ ചൂടിൽ,
എന്റെ ചിതറിയ അസ്ഥികൾ ,
വിളക്കിയെടുക്കുമെന്ന്.
അങ്ങനെയങ്ങനെ,
പിറ്റേന്നത്തെ പ്രഭാതത്തിനായി,

ഞാൻ എന്നെ വീണ്ടെടുക്കുമെന്നും.

Monday, 16 November 2015

അവസാനിക്കാത്ത യാത്രകൾ

ഓരോ യാത്ര പുറപ്പെടുമ്പോഴും അവസാനിക്കുമ്പോഴും അവൾ മരണം ഓർക്കും. അതെന്താണെന്ന് അവൾക്കറിയില്ല. എല്ലാം അവസാനിപ്പിച്ച് പോകയാണ് എന്നൊരു തോന്നൽ വീട് വിട്ടുപോകുമ്പോഴെല്ലാം അവളെ പിടികൂടും. വിരസമായ ജീവിത വഴികളിൽ യാത്ര തരുന്ന വ്യത്യസ്ഥാനുഭവങ്ങൾ നുകരാൻ കൊതിയുണ്ടെങ്കിലും, വീട്ടുവാതിൽ അടയുമ്പോഴും താക്കോൽ തിരിയുമ്പോഴുംഅവളുടെ മനസ്സും തിരിയാൻ തുടങ്ങും. വേണ്ടാരുന്നു എന്ന്. എന്താന്നറിയാത്ത ഒരു ഭീതി.... സ്ഥിരത ഒരുപാട് കൊതിക്കുമ്പോഴും എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരാളെ അവൾ ഉള്ളിൽ കാണുന്നുണ്ട്. ആ ചാഞ്ചാടുന്ന ആളെ മരണം ഭയപ്പെടുത്തുന്നില്ല, മരണം എന്നല്ല ഒന്നും തന്നെ ഭയപ്പെടുത്തുന്നില്ല. അവളിങ്ങനെ ഒഴുകി ഒഴുകി പോകും. പക്ഷേ മറ്റെയാൾക്ക് തൊട്ടതും പിടിച്ചതും കണ്ടതും കാണാത്തതും ഭയമായാണ് അനുഭവപ്പെടുന്നത്. കരിമ്പനകളും തെളിഞ്ഞ ആകാശവും വിശാലമായ തുറന്ന പ്രദേശങ്ങളും ആ പാവത്തിനെ, വിസ്മയഭരിതയാക്കും. അവൾ മരണത്തെക്കുറിച്ചോർത്തും വിസ്മയം കൊള്ളും. ഉറക്കത്തിൽ പല തവണ മരിച്ചുപോയെന്ന് സ്വപ്നം കണ്ട് വിവശയാകും. ഉണരുമ്പോൾ നെഞ്ചിൽ കുടുങ്ങിയ വെടിയുണ്ട തപ്പിയെടുക്കാൻ അവൾ ബദ്ധപ്പെടും, ഉറക്കവും ഉണർവ്വും, ജീവനും മരണവും അപ്പുറവും ഇപ്പുറവും നിന്ന് കള്ളക്കളി കളിക്കയാണ് എന്ന് മനസ്സിലാക്കും. എങ്കിലും ഭയപ്പെടും. കടലും കരയും അവളെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കും. ഭയന്ന് പിന്മാറുന്നവൾ, പാവമായവൾ മറ്റവളെ നോക്കും ഇനി നിന്റെ വഴി എന്ന് പിറുപിറുക്കും. ഒന്നിനേയും പേടിയില്ലാത്തവൾ പക്ഷേ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവുക തന്നെ ചെയ്യും. അവൾക്കു കൊതിയാണ്, നീലജലത്തിൽ മുങ്ങിപ്പൊങ്ങാനും, വർണ്ണാഭമായ പവിഴങ്ങളും ചിപ്പികളും വാരിയെടുക്കാനും, വെയിലേറ്റു തിളങ്ങാനും. അവൾക്കു പേടിയില്ല ഒന്നിനേയും......... അവൾ ആഴങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. അവളാണ് മണല്ക്കൂനകൾക്ക് മുകളിൽ കൊട്ടാരം കെട്ടുന്നവൾ. കാറ്റിനെ അവൾ വരുതിയിലാക്കും. അവൾക്കറിയാം കമഴ്ത്തി വച്ച ആകാശത്തിലേക്ക് പടവുകൾ ഉണ്ടെന്ന് ….പക്ഷേ പാവം പേടിപ്പെണ്ണ്, കണ്ണ് നിറച്ചോണ്ട് ചോദിക്കും, നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ എന്ന്. ഓരോ യാത്രകളും കഴിയുമ്പോൾ, ഭീതിയേതുമില്ലാതെ ഒഴുകി നീങ്ങി മറുപാതി പറയും ഇതൊരു കഷ്ടപ്പാടാണോ പെണ്ണേ ..നീ കാണാത്തത് മുഴുവനും ഞാൻ കാണുന്നുണ്ട്.

വഴിപാടുകളുടെ നാൾ വഴി പുസ്തകം

മേലധികാരിയിൽ നിന്ന് 15 ദിവസത്തെ CCL (Child Care Leave) അഥവാ "ബാൽ ദേഖ്ഭാൽ ചുട്ടി" sanction ചെയ്തു കിട്ടാൻ ഭഗവതിക്ക് വഴിപാട് നേർന്ന് ഞങ്ങള് രണ്ടും കൂടെ കാത്തിരിക്കുന്ന സമയത്താണ് ഞാൻ കടന്നുപോന്ന "നേർച്ച" വഴികളെക്കുറിച്ച് അല്ലെങ്കിൽ എനിക്ക് പരിചിതമായ കാഴ്ച്ച നേർച്ചകളെക്കുറിച്ച് ഓർത്തത്. ഒന്നര വയസ്സിൽ തലച്ചോറിൽ പനി ബാധിച്ച് മരണത്തിനും ജീവിതത്തിനും ഇടയിൽ ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ അച്ഛന്റെ ഓപ്പോൾ, എന്റെ കയ്യിൽ, ജപിച്ചൂതിയ ചരട് കെട്ടിയെന്നും അത് വലിച്ചു പൊട്ടിച്ചു കളഞ്ഞ് ഹൃദയം പൊട്ടി അച്ഛൻ പറഞ്ഞുന്നും കേട്ടിട്ടുണ്ട്, എന്റെ മോൾക്ക് മഹാനായ ഒരു മനുഷ്യസ്നേഹിയുടെ മകളുടെ പേരാണ് ഇട്ടിരിക്കുന്നത്. അവൾക്ക് നിങ്ങള്ടെ ഈ ചരടിന്റെ ഒന്നും ആവശ്യമില്ല അല്ലാതെ തന്നെ അവൾ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന്. അതേ അച്ഛൻ തന്നെയാണ് വാവിനും സംക്രാന്തിക്കും മറ്റു വിശേഷ ദിവസങ്ങളിലും പടിഞ്ഞാറ്റി വൃത്തിയാക്കാറ്, വീത് വയ്ക്കാറ് എന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടില്ല. അച്ഛന് രണ്ടും രണ്ടായിരുന്നു, മരുന്നും മന്ത്രവും.
കുട്ടിക്കാലത്ത് ജപിച്ചൂതാൻ ഒരു വൈദ്യര് വരുമായിരുന്നു. അമ്മുമ്മ അയാൾക്ക് മുന്നില് ലോട്ടയിൽ വെള്ളവും, ഇലച്ചീന്തിൽ ഭസ്മവും പുഷ്പങ്ങളും വച്ച് ഞങ്ങളെ മുന്നില് ആനയിച്ചിരുത്തുമായിരുന്നു. അയാൾ മന്ത്രങ്ങൾ ചൊല്ലി കൈ ഞൊടിച്ചു ഞങ്ങളുടെ തലക്കു ചുറ്റും വൃത്തം വരച്ച് ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിൽ ഉള്ള ഭസ്മം ലോട്ടയിൽ നിക്ഷേപിക്കും, അങ്ങിനെ മൂന്നു പ്രാവശ്യം ഓരോരുത്തരെയും ഉഴിഞ്ഞ് മിണ്ടാതെ ആ വെള്ളം തുളസിത്തറയിലെ മഞ്ഞളിന്റെ ചുവട്ടില് ഒഴിച്ച് ഞങ്ങൾക്കുള്ള കണ്ണേറിനെ ഒഴിപ്പിക്കുമായിരുന്നു. ഈ കലാപരിപാടികൾ അച്ഛനും അമ്മാവനും വീട്ടിലില്ലാത്ത സമയത്തു നടത്തി പോന്നു. (വിശാലമായ വീട്ടകത്തെ അതേ തളത്തിൽ പല വൈകുന്നേരങ്ങളിലും പാർടി ബ്രാഞ്ച് മീറ്റിങ്ങുകൾ കൂടി).
എന്നാൽ അച്ഛന്റെ ഗ്രാമത്തിൽ ഓരോ വീട്ടിലും, അമ്പലങ്ങളും, ഓരോരുത്തർക്കും പ്രത്യേകം മൂർത്തികളും ഉണ്ടായിരുന്നു. ഞങ്ങടെ വീട്ടില് പടിഞ്ഞാറ്റിയും, പടിഞ്ഞാറ്റിയിൽ വിഷ്ണുമായ പ്രതിഷ്ഠയും, തറവാട്ടുകാർക്കു പൊതുവായി കാവും, പിന്നെ ചാത്തന് കാവൽ കോന്നൻ പടിപ്പുറത്തും ഇരുന്നിരുന്നു. കോന്നൻ കീഴ്ജാതിക്കാരൻ ആയതിനാൽ, മുറ്റത്തോ, അകത്തോ പ്രവേശനം കിട്ടിയില്ല. ചാത്തൻ, ചിറ്റണ്ട മനക്കൽ നിന്ന് തിരിപ്പുറത്ത് വന്നു. അതുകൊണ്ട് തന്നെ ചാത്തനാളത്തിന് ഉടുക്ക് കൊട്ടുമ്പോൾ, “ചിറ്റണ്ട”, “ചിറ്റണ്ട” എന്ന് ഉടുക്കുകൾ ശബ്ദിച്ചു. മനക്കൽ സ്വർണപ്പണിക്ക് പോയ കാർന്നോരോട്, തിരിച്ചു പോകുന്ന അന്ന്, നമ്പൂരി പറഞ്ഞൂത്രേ, രാമ, ഈ തിരി കൈയ്യിൽ ഇരിക്കട്ടെ, രാത്രി ഇരുട്ടത്ത് കത്തിച്ചു നടന്നോളുണ്ട്, കൂടെ ഒരാളുള്ള പോലെ തോന്നും തിരിഞ്ഞു നോക്കരുത്. വീടിന്റെ പടിപ്പുര എത്താറാവുമ്പോൾ തിരി പുറകോട്ടിടണം എന്ന്. തിരി തെരക്കുമ്പോൾ നമ്പൂരി പറഞ്ഞിരുന്നൂന്ന്, നീ പോയ് വായോട്ടാ, നീ പോയ് വായോട്ടാ...
എന്നാൽ വീട്ടിലെത്തിയ കാർന്നോർ തിരി പുറത്തിടാൻ മറന്നു. ഏറെനാളത്തെ വിരഹത്തിനു ശേഷം വീട്ടുകാരെ കണ്ട അദ്ദേഹം സന്തോഷാതിരേകത്താൽ വീടുമായി ലയിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിൽ പല ദുർഘടങ്ങളും ഉണ്ടായി. വീട്ടിനുള്ളിൽ ഇരുന്നിരുന്ന വസ്തുക്കൾ പുറത്തേക്ക് എറിയപ്പെട്ടു. വെച്ചോടത്തു കാണ് ല്യല്ലോ ഒരു സാധനോം എന്ന് തുടരെ പരാതികൾ, പോരാതെ എല്ലാവർക്കും രക്താതിസാരവും. നാല്കെട്ടും നടുമുറ്റവും ചുറ്റിക മേട്ടം കേൾക്കാൻ കൊതിച്ചു. സ്വർണ്ണത്തരികൾ മുറ്റത്ത് നൃത്തം ചെയ്യാതായി. ചിറ്റണ്ട മനക്കൽ ആള് പോയി, കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. നമ്പൂരി വഴി പറഞ്ഞു കൊടുത്തു, ചാത്തനെ വീട്ടകത്ത് പ്രതിഷ്ടിക്കാം എന്ന് ധാരണയായി. പടിഞ്ഞാറ്റി പണിതു. ഇടനാഴിയിലേക്ക് തുറക്കും വിധം കിഴക്കോട്ട് അഭിമുഖമായി. പടിഞ്ഞാറ്റിയിൽ യഥാവിധി പ്രതിഷ്ടിച്ചു. കലശം കഴിച്ചു. ചാത്തന് തൃപ്തിയായി. തറവാട്ടിൽ ഐശ്വര്യം ഉണ്ടായി. തട്ടാന്റെ പറമ്പും, തട്ടാന്റെ ഞാലും, ഒരു പ്രദേശം മുഴുവനും നിറഞ്ഞു. നാട്ടിൽ എന്തെങ്കിലും നഷ്ടപ്പെട്ട് പോയാൽ നഷ്ടമായവൻ ചാത്തന് കള്ളും തവിടും നേർന്നു. അത് വീണ്ടു കിട്ടുമ്പോൾ യഥാവിധി കള്ളും തവിടും സമർപ്പിച്ചു പോന്നു
കുട്ടിക്കാലത്ത് ചാത്തനാളവും, സർപ്പക്കളം പാട്ടും ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കണ്ടു പോന്നു, ഞങ്ങളുടെ തറവാട്ടിലെ പെണ്കുട്ടികൾ, പിന്നെയും പിന്നെയും പെണ്ണിനെ പ്രസവിക്കുന്നത് നിർത്താൻ സർപ്പങ്ങൾക്ക് കുടം കമിഴ്ത്തൽ വഴിപാട് നല്കി. പുള്ളുവൻ കൃത്യമായി എല്ലാ മാസവും നവോറ് പാടാൻ എത്തി, കൂടെ പുള്ളോതതി കുടം കൊട്ടി പാടി, അത് ഞങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു. പുള്ളോർക്കുടത്തിന്റെ ഒച്ച ദൂരെ നിന്ന് കേൾക്കുമ്പോഴേ, ഞങ്ങൾ ഉത്സാഹഭരിതരായി.
അമ്മൂമ്മയ്ക്ക് അച്ഛന്റെ വീട്ടിലെ ദൈവങ്ങളെ വല്യ വിശ്വാസം പോരായിരുന്നു, അവര് രാമനെയും കൃഷ്ണനെയും പൂജിച്ചു. കീർത്തനങ്ങളും, നാമങ്ങളും, ചൊല്ലി പഠിപ്പിച്ചു. കൃഷ്ണന് മാല കെട്ടി എന്നും പൂജിച്ചു, എന്നും വെളുപ്പിന് നാല് മണിക്ക് ഉണർന്ന് വീടിനെ ജീവസ്സുറ്റതാക്കി. കുട്ടികൾ പ്രഭാതങ്ങളിൽ ഹരിനാമ കീർത്തനം കേട്ട് ഉണർന്നു. സ്ത്രീകൾ വെളുപ്പിന് നാല് മണിക്ക് ശേഷം ഉറങ്ങുന്നത് മഹാ അപരാധമായി കരുതി. വീടിനെ ഉണർത്തേണ്ടത്, അതിൽ ഉണർവ്വ് ഊതിയൂതി നിറക്കേണ്ടത് പെണ്ണ് തന്നെയാണെന്ന് പറഞ്ഞു തന്നു. അമ്പലത്തിൽ എല്ലാർക്കും വേണ്ടി പുഷ്പാഞ്ജലി നടത്തേണ്ടതും സ്വന്തം കടമയായി കരുതി. മുടങ്ങാതെ അതെല്ലാം ചെയ്തു പോന്നു. പിന്നെയും എത്രയോ വഴിപാടുകൾ, കല്യാണം കഴിയാൻ, നല്ല ഭർത്താവിനെ കിട്ടാൻ, കുട്ട്യോളുണ്ടാവാൻ, കുട്ട്യോളുടെ അസുഖം മാറാൻ, അവറ്റ പരീക്ഷകൾ പാസാവാൻ,...
വഴിപാടുകളുടെ നാൾവഴി പുസ്തകം എഴുതുമ്പോൾ വ്യത്യസ്തമായ രണ്ട് അടരുകളിൽ ഒരേ സമയം കാലുറപ്പിച്ച ഞാൻ കുഴങ്ങിപ്പോകാതിരിക്കുന്നത് എങ്ങനെ? രണ്ടും എനിക്ക് പ്രിയപ്പെട്ടത്..
Like   Comment