വമ്പൻ ചിനാർ മരങ്ങളുടെയും സുന്ദരൻമാരും സുന്ദരിമാരും സമാധാനികളുമായ മനുഷ്യരുടെയും നാട്ടിലൂടെ, തോക്കേന്തിയ അനേകം പട്ടാളക്കാർ കാവൽ നിൽക്കുന്ന വഴികളിലൂടെ, സഞ്ചരിക്കുമ്പോൾ, മറ്റൊന്നുംതന്നെ തങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടിൽ, പ്രകൃതിയെ മാത്രം പുണർന്നുകൊണ്ട് നിശ്ചിന്തരായി വാഹനത്തിലിരുന്ന് എല്ലാവരും കാഴ്ചകൾ കണ്ടു. ആരോ പറയുന്നുണ്ടായിരുന്നു വെറുതെയല്ല, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് എന്ന് കവി പാടിയത് എന്ന്. സാധാരണ ഒരു മനുഷ്യൻ മുഗ്ദ്ധനായി മതിമറന്നു പോകും. അൽപ്പം മൂടിക്കെട്ടിയ ആകാശവും, പതിയെ പുറത്തേക്ക് നോക്കുന്ന സൂര്യനും, ധ്യാനത്തിലെന്ന പോലെ പോപ്ലാർ വൃക്ഷങ്ങളും, വയലുകളിൽ പണിയെടുക്കുന്ന കർഷകരും, പുസ്തകസഞ്ചി പുറത്തു ചുമന്ന് സ്കൂൾ കുട്ടികളും. എത്രയോ ശാന്തമായ സുന്ദരമായ ഇടങ്ങൾ. ബിജ്ബെഹാരയിൽ ഝെലം നദിക്കു കുറുകെ കടന്നു പോകുമ്പോൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങാനും, വയലുകളിൽ പണിയെടുക്കുന്നവരോട് വർത്തമാനം പറയാനും, എന്നോ ഒരു കാലത്ത് അതിലേ കടന്നുപോയ ഒരാളെപ്പോലെ പിച്ചളപ്പാത്രങ്ങളും ലൊട്ടുലൊടുക്കു സാധനങ്ങളും വിൽക്കുന്ന കടകളിൽ ചെന്ന് അതിന്റെ വില ചോദിക്കാനും, പണ്ട് ഇത്ര വില ഉണ്ടായിരുന്നില്ലല്ലോ എന്ന് പറയാനും, ആകാശം നോക്കി നടക്കാനും എനിക്ക് കൊതിയായി. വണ്ടി നിർത്തി കാഴ്ച്ചകൾ കണ്ടുകണ്ട് പോകയാണെങ്കിൽ ഇന്ന് പഹൽഗാമിൽ എത്തുകയുണ്ടാകില്ലെന്നും ചുരുങ്ങിയത് ഒരു മുപ്പതു ദിവസമെങ്കിലും വേണ്ടിവരും അത്തരത്തിൽ വിശദമായ ഒരു യാത്രയ്ക്ക് എന്നും ഡ്രൈവർ സുൽത്താൻജി എന്നെ ഓർമിപ്പിച്ചു. മുന്നോട്ടു മുന്നോട്ടു പോകുമ്പോൾ റോഡിനു സമാന്തരമായി ലിദ്ദർ നദി തിരക്കിട്ടു പായുന്നുണ്ടായിരുന്നു, അവൾക്കു ഝെലവുമായി ഒത്തുചേരണം, പച്ച കുന്നുകളിലെ ഫിർ മരങ്ങളെ സാക്ഷിനിർത്തി ലിദ്ദർ അതിവേഗം ഒഴുകി. ഞങ്ങളുടെ കണ്ണുകൾക്ക് പിടിച്ചെടുക്കാൻ കഴിയാത്തത്ര കാഴ്ചകളായിരുന്നു ചുറ്റിനും. ഏറ്റവുമകലെ മഞ്ഞു മൂടിയ പർവ്വത ശിഖരങ്ങളും, അതിനിപ്പുറം ഹരിതാഭമായ കുന്നുകളും, ഋഷിമാരുടെ ജടപോലെയെന്ന് കവി പാടിയ ദേവദാരു വൃക്ഷങ്ങളും, കീഴെ പാറകൾ അതിരിട്ട ലിദ്ദർ താഴ്വാരവും.
മൂന്നു മൂന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ പഹൽഗാമിൽ എത്തിച്ചേർന്നു. വണ്ടി പാർക്കു ചെയ്യുന്നിടത്തേക്ക് കുതിരകളുടെ ഉടമസ്ഥർ ഓടിയെത്തി. കാശ്മീർ വാലി എന്ന് അവർ വിളിക്കുന്ന താഴ്വര വരെ കൊണ്ടുപോകാം എന്നും അതിനുള്ള നിരക്കുകൾ എന്തെന്നും വിശദമാക്കി, വലിയ വിലപേശലുകൾ ഇല്ലാതെ എല്ലാവരും പെട്ടന്നു തന്നെ തീരുമാനം എടുത്തു. ബാദൽ എന്നു പേരുള്ള കുതിരയെ അരികിലേക്ക് കൊണ്ടു വന്ന് ഇംതിയാസ് അഹമ്മദ് ഖാൻ എന്നോടു പറഞ്ഞു മാഡം കയറൂ. സത്യത്തിൽ വലിയ ക്ലേശമൊന്നും ഇല്ലാതെ ഞാൻ കയറുകയും ഇരിപ്പുറപ്പിക്കയും ചെയ്തു. കയറുമ്പോൾ കുതിരക്കാരന്റെ കയ്യിൽ പിടിക്കേണ്ടി വന്നു, പക്ഷേ ഒട്ടും ബുദ്ധിമുട്ടിയില്ല. അത്ര ഇണക്കമുള്ള മേഘക്കുതിര. പിറകിൽ നിന്ന് കമന്റടികൾ കേട്ടു. മറ്റു കുതിരസവാരിക്കാർ, എന്റെ കൂട്ടക്കാർ. ലക്ഷ്മി ബായി കയറിയോ, സ്റ്റൈൽ കൊള്ളാം എന്നും മറ്റും(ഇരുചക്ര വാഹനത്തിൽ കയറാൻ പോലും മടിക്കുന്ന എന്നെ കളിയാക്കുന്നതാണ്). മക്കൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അമ്മേ, വല്യമ്മേ ഉഗ്രൻ എന്ന്. അവരെയെല്ലാം എടുത്താണ് കുതിരപ്പുറത്ത് ഇരുത്തിയത്. പഹൽഗാം, അമർനാഥ് യാത്രക്കുള്ള ബേസ് കാമ്പ് ആണ്. ധാരാളം യാത്രികരെ ആ വഴിക്ക് കണ്ടു. നിരപ്പായ ടാറിട്ട നല്ല റോഡിലൂടെ ഒന്നര കിലോമീറ്റർ പോയതിനുശേഷം മല കയറാൻ തുടങ്ങി. കുതിര എന്നെയും കൊണ്ട് പാറക്കല്ലുകൾക്കു മുകളിലൂടെ ചാടി നീങ്ങി മാറിയപ്പോൾ ഇംതിയാസ് പറഞ്ഞു, മാഡം പേടിക്കേണ്ട താഴെ വീഴില്ല. എങ്കിലും ഞാൻ മോഹിച്ചു, ഒന്നു താഴെ ഇറങ്ങാൻ ഒരു നിരപ്പായ പ്രതലം കാണാൻ. മുക്കാൽ മണിക്കൂർ നേരത്തെ ഓട്ടത്തിനു ശേഷം ഇറങ്ങാനുള്ള സിഗ്നൽ കിട്ടി. വളരെ സാവധാനം ഇടതു കാലിലൂന്നി കുതിരപ്പുറത്തു നിന്നും ഇറങ്ങി. ചുറ്റും വൻ മലനിരകൾ, മഞ്ഞു മൂടിയ ശിഖരങ്ങൾ, അസ്ത്യുത്തരാം ദിശി ദേവതാത്മ , ഹിമാലയോ നാമ നഗാധിരാജ…
നിറയെ യാത്രികരുള്ളതുകൊണ്ട് വിജനമായ വനഭംഗി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിച്ച് വീണ്ടും കുതിരപ്പുറത്ത് കയറി മുന്നോട്ട്, നൌഗാം ഗ്രാമവാസിയായ ഇംതിയാസ് എന്നോട് സംസാരിക്കാൻ തുടങ്ങി. പത്താംതരം വരെ പഠിച്ചു, വീട്ടിലെ ബുദ്ധിമുട്ടുകൾ കൊണ്ട് പഠനം അവസാനിപ്പിച്ച് കുതിരക്കാരനായി. അച്ഛന് നല്ല സുഖമില്ല. അമ്മയും സഹോദരനും അച്ഛനും അടങ്ങുന്ന കുടുംബം ഈ വരുമാനം കൊണ്ട് പുലരുന്നു. സഹോദരിയെ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സഹോദരൻ പഠിക്കുന്നു. ഒരു തവണ താഴ്വാരം വരെ കൊണ്ട് പോയി തിരികെ വന്നാൽ മാലിക് 200 രൂപ കൊടുക്കും. ഒരു കിലോ സാധാരണ കാശ്മീരി അരിക്ക് 30 രൂപ വിലയുണ്ട്. അവരുടെ ഇഷ്ടഭക്ഷണം ചോറ് തന്നെയാണ്. റൊട്ടിയല്ല. 20 വയസ്സു മാത്രം പ്രായമുള്ള അവന് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരമുണ്ടെന്ന് ഞാൻ പറഞ്ഞു. പക്ഷേ അവനതു കണക്കിലെടുത്തതായി തോന്നിയില്ല. വീണ്ടും വീണ്ടും അബ്ബയുടെ അസുഖത്തെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു. ഇത്രയും സുന്ദരമായ പ്രകൃതിയും, പ്രകൃതി സമ്പത്തും, പണിയെടുക്കാനുള്ള മനസ്സും ഉണ്ടായിട്ടും ദാരിദ്ര്യത്തിൽ കഴിയുന്ന വലിയ വിഭാഗം ആളുകളിലൊരുവൻ. തൊഴിൽനിയമങ്ങളും, മിനിമം വെജെസ് ആക്ടും, ട്രേഡ് യൂണിയനുകളും ഒന്നും ഇവർക്കറിയില്ല. പിന്നീട് എന്തോ ഓർത്തെന്ന മട്ടിൽ ഇംതിയാസ് എന്നോട് പറഞ്ഞു, ദീദി ആപ് ടെൻഷൻ മത് ലീജിയേ, ദേഖിയേ കിത്നാ സുന്ദർ ഹൈ, ഹമാര ഗാവ്..അവനെപ്പോഴോ എന്നെ ദീദി എന്നു വിളിക്കാൻ തുടങ്ങിയിരുന്നു. മഞ്ഞുറഞ്ഞ് കിടക്കുന്നയിടങ്ങളിൽ കുട്ടികൾ മഞ്ഞു വാരിയെറിഞ്ഞു കളിക്കാനും തുടങ്ങിയിരുന്നു. ദേവദാരു വൃക്ഷങ്ങൾ അതീവ നിശബ്ദത പാലിച്ചു. കാറ്റ് കടന്നു വന്നതേയില്ല. കുതിരകൾ പുല്ലു തിന്നുകയും, ചെറിയ അരുവിയിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. കുതിരക്കാർ ചെറുപ്പക്കാർ അല്പം വിശ്രമിച്ചു. ഞാൻ മെല്ലെ നടന്നു നീങ്ങി. കുരങ്ങന്മാർ പുല്പ്പരപ്പുകളിൽ ചാടി മറിയുന്നുണ്ടായിരുന്നു. പച്ചപ്പട്ടിൽ വെളുത്ത വൈരക്കല്ലുകൾ പോലെ കൊച്ചു പൂക്കൾ, പുല്ലിൽ മലർന്നു കിടന്നു ആകാശത്തേക്ക് നോക്കിയപ്പോൾ ഒറ്റ കഴുകൻ വലം വയ്ക്കുന്നതും കണ്ടു. മുന്നോട്ടു മുന്നോട്ടു യാത്രയായപ്പോൾ കാടിന്റെ ഭംഗിയും വെള്ളച്ചാട്ടങ്ങളുടെ ഗാംഭീര്യവും അറിഞ്ഞു. ഇംതിയാസ് ഖാൻ ഏതോ ചെടിയുടെ വേരും കൊണ്ടു വന്നു. വളരെ വിലപിടിച്ചതാണ് എന്ന് പറഞ്ഞു. അതിന്റെ പേര് ഞാൻ ചോദിച്ചെങ്കിലും, അവൻ പറഞ്ഞ മറുപടി എനിക്ക് മനസ്സിലായില്ല. അതൊരഞ്ചാറെണ്ണം ലഭിച്ചാൽ മാർക്കറ്റിൽ വിൽക്കാമായിരുന്നു എന്നവൻ പറഞ്ഞു.
സമയം പോകുന്നത് അറിഞ്ഞതേയില്ല, ഞങ്ങൾക്ക് തിരിച്ചു പോരാനുള്ള സമയമായി
തിരികെയുള്ള യാത്ര എല്ലാവരെയും കുറച്ചു ബുദ്ധിമുട്ടിലാക്കി, കുന്നിൻ പള്ളയിലെ വരമ്പു പോലെയുള്ളവഴികളിലൂടെ കുതിര ചാടിയപ്പോൾ ഉറക്കെ നിലവിളികൾ കേൾക്കാമായിരുന്നു. ഞാൻ മേഘക്കുതിരയോടു ചോദിച്ചു, എന്നെപ്പോലെ ഒരുവളെ പുറത്തേറ്റി നീ തളർന്നോ എന്ന്. ഇംതിയാസ് മറുപടി പറഞ്ഞു, കുതിരക്കു തളർച്ചയില്ല, അവൻ സന്തോഷവാനാണ്. അവന്റെ മനസ്സ് എനിക്കറിയാം. തിരികെ റോഡിലേക്ക് പ്രവേശിച്ചപ്പോൾ എതിരെ വരുന്ന കാശ്മീരി വൃദ്ധൻ അഭിവാദ്യം ചെയ്യുന്നതും, ഇംതിയാസ് പ്രത്യഭിവാദ്യം ചെയ്യുന്നതും ഞാൻ കണ്ടു, കാശ്മീരിയിൽ അവരെന്താണ് പരസ്പരം പറഞ്ഞതെന്ന് ഞാൻ ചോദിച്ചു, യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന് വൃദ്ധൻ അന്വേഷിച്ചതാണ് എന്നവൻ പറഞ്ഞു, തുടർന്നു പറഞ്ഞു, ചേച്ചി, ഇവിടെയുള്ള മനുഷ്യര് വളരെ നല്ലവരാണ്, എല്ലാവരും സുഖമായും സന്തോഷമായും ജീവിക്കാൻ ആഗ്രഹിക്കുന്നവർ. ആപ്പിൾ പോലെ ചുവന്ന കവിളുകൾ ഉള്ള കുഞ്ഞുങ്ങൾ, ഫിരൻ ധരിച്ച സ്ത്രീ പുരുഷന്മാർ. എല്ലാവരും നല്ല ചന്തമുള്ളവർ. കുതിരപ്പുറത്തു നിന്നും ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു ഇംതിയാസ് ഖാൻ നീയും സുന്ദരനാണ് എന്ന്. അവൻ മറുപടി പറഞ്ഞു. ദീദി ഗഹരാ ഗം ഇധർ ച്ചോട്കേ ജാവോ, കാശ്മീർ യെ ഗം ലെ ലേംഗേ. നീ എന്താണ് പറയുന്നത് കുട്ടി എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു ദീദി ആപ്കെ ആംഖോം മേം സെ മുജെ പതാ ഹെ... . നിന്നെ ഞാൻ ഒരിക്കലും മറക്കില്ല ഇംതിയാസ് ഖാൻ മേഘക്കുതിരപ്പുറത്തു കയറ്റി എന്നെ കാടും, പുഴയും, മഞ്ഞും , വൃക്ഷങ്ങളും കാണിച്ചു തന്ന ചെറുപ്പക്കാരാ നിനക്ക് നല്ലത് വരട്ടെ, ഇൻഷാ അള്ളാ..
