Sunday, 14 August 2016

ഏതോ ഒരുവളെക്കുറിച്ച്

കഴിഞ്ഞു പോയ വർഷത്തിൽ,
മേഘങ്ങൾ പൊട്ടിപ്പിളർന്ന്,
പ്രളയജലം നഗരത്തെ വിഴുങ്ങിയ നാളിൽ,
ഒഴുക്കിലൊലിച്ചു പോയ ഒരുവളുണ്ട്....
ഒഴുക്കിനെതിരെ നീന്താൻ വശമില്ലാത്തവൾ..
കുട്ടിക്കാലത്ത്, സ്നേഹസാമ്രാജ്യത്തിലെ റാണിയായിരുന്നവൾ
അലച്ചാർത്തു നിന്ന ആഷാഢത്തിലെ ഒരു പ്രഭാതത്തിൽ
പൂമുഖത്ത് ചവിട്ടുപടിയോളം വെള്ളം കയറുന്നതിനൊപ്പം
അവളും കയറിക്കയറി വന്നു.
ഇരിക്കാനിട്ടു കൊടുത്തതിൽ ഇരിക്കാതെ,
ഒരു കടും കാപ്പിക്ക് കൈ നീട്ടി,,,
മെലിഞ്ഞ, അസ്ഥികളിൽ നിന്ന്
കണ്ണീരൊട്ടിയ വിരലുകളിൽ നിന്ന്
ചിത്രകാരന്റെ ഭാര്യ, ചിത്രകാരന്റെ ഭാര്യ
എന്നു ഞാനുറപ്പിച്ചു....
സ്നേഹത്തിനർപ്പിക്കാൻ കാതുകളില്ലാത്ത ചിത്രകാരൻ..
മരിച്ചവൾക്ക് ഇവിടെ ഇടമില്ലെന്ന്
കടുംകാപ്പി കൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു
പിഴച്ചവൾ തന്നെ മരിച്ചവൾ എന്ന് അമ്മ തിരുത്തി..
പാവം, പാവം,
എന്നുള്ളിനുള്ളിൽ ആരോ നിലവിളിക്കവേ
ഒറ്റയായവൾ,,,,,
ആരിൽനിന്നും ഒന്നുമെടുക്കാനറിയാത്തവൾ,
പതിയേ പടിയിറങ്ങിപ്പോയി ….
എന്റെ ഭർത്താവ് പിറുപിറുത്തു
അവളുടെ പേരിന്റെ അർത്ഥം രാത്രിയെന്നാണ്, രാത്രിയെന്നാണ്
നാത്തൂന്മാർ രണ്ടുപേരും പ.റഞ്ഞു
അല്ല, അത് ബിന്ദുവോ എലിസബത്തോ ആണെന്ന്...
ഏതായാലും എന്റെ പേരും അവരുടെ പേരും അവർ പറഞ്ഞില്ല

ചിത്രമെഴുത്തുകാരാ...


കടും നിറങ്ങൾ കൊണ്ടു മാത്രം- 
കാൻവാസിനെ പൊള്ളിച്ച,
ചിത്രമെഴുത്തുകാരാ ,
വരകളും, വർണ്ണങ്ങളും-
കട്ടെടുത്തവയല്ലെന്നെനിക്കറിയാം,
എങ്കിലും ,
ജീവിതം ജീവിതമെന്നെഴുതാത്ത,
ചില്ലുകൂട്ടിലിട്ട ചിത്രങ്ങൾ ,
എനിക്ക് വിലക്കു തരല്ലേ ...
(നീ വരച്ച കണ്ണീർ നിറമുള്ള പെൺ ചിത്രങ്ങളും.... )
എനിക്കു വേണം
കുങ്കുമച്ചുവപ്പും ഒരു സൂര്യനും,
കിളികൾ പറക്കും വാനം,
മടുക്കുമ്പോൾ തിരിഞ്ഞു നടക്കാൻ,
ഒരു കടൽ ,
നിലാവ് തഴുകുന്ന ഒരു കുഞ്ഞു മുഖം,
പിന്നെ ഞാൻ പടർന്ന്, പൂത്തുലഞ്ഞ
ആ വൻ വൃക്ഷവും..

ദീപശിഖ ഭാരതി

വസ്ത്രം ധരിക്കുന്നതും ധരിപ്പിക്കുന്നതും കലയാണെന്ന് ദീപശിഖ ഭാരതി, ഹോസ്റ്റൽ ശുഭാഞ്ചലിലെ എന്റെ സഹവാസി, സുപ്രീം കോടതി അഭിഭാഷക വിശ്വസിച്ചിരുന്നു.
ദീപശിഖ ഭാരതി അലഹാബാദുകാരിയായിരുന്നു, വർക്കിങ് വിമെൻസ് ഹോസ്റ്റലിൽ ഒരാളുമായും അവർ ചേർന്നു പോയില്ല.
രാത്രി വൈകുവോളം മുറിയിൽ വിളക്കെരിച്ചു കേസുകൾ വായിച്ചും , വെള്ള കോട്ടൺ സാരികൾ ധോബിക്ക് കൊടുക്കാതെ കഴുകി സ്റ്റാർച്ചിൽ മുക്കി ബാൽക്കണിയിൽ വിരിച്ചും, പയറു വർഗ്ഗങ്ങൾ മുളപ്പിച്ചു പച്ചക്ക് തിന്നുന്നതിന്റെ ബാക്കി മുറിയിലെ മേശപ്പുറത്തു വിതറിയിട്ടും,സഹവാസിയെ പരമാവധി അടക്കി ഭരിച്ചും അവർ താമസിച്ചിരുന്ന മുറിയിൽ ആധിപത്യം ഉറപ്പിച്ചു.
മുഖ്യമായും ഗവ. ജീവനക്കാർക്കായുള്ള ഹോസ്റ്റൽ.
എല്ലാവരേയും ഭരിക്കുന്നവർ പൊതുവെ ഭരിക്കപ്പെടാൻ ഇഷ്ടപ്പെടില്ല എന്ന സാമാന്യ തത്ത്വം കാരണം സർക്കാർ ജീവനക്കാർ ആരും അവരുമായി ഒരു ഒത്തുതീർപ്പിലെത്തിയില്ല.
മറ്റു രണ്ട് അഭിഭാഷകർ ഒരു മുറി പങ്കിട്ടെടുത്തപ്പോൾ, സാഗരിക ഘോഷ് എന്ന ജേർണലിസ്റ്റ് സുഹൃത്ത് ഒഴിഞ്ഞുപോയതിന്റെ പിറ്റേന്ന് ദീപശിഖ ഭാരതി കെട്ടും ഭാണ്ഡവുമായി എന്റെ മുറിയിൽ വന്നു.
വാർഡൻ മിസ്സിസ് ലാൽ എന്നെ വിളിച്ചിട്ടു പറഞ്ഞു ഇനി അവർക്കെതിരെ ഒരു പരാതി കൂടി കിട്ടിയാൽ, ജെന്നി പരാതി കൊടുത്താൽ, അവരെ ഈ ഹോസ്റ്റലിൽ നിന്നു തന്നെ പുറത്താക്കും, അത്രമാത്രം പരാതികൾ ഉണ്ട്, അതുകൊണ്ട് ആശംസകൾ...
ഞാൻ തയ്യാറായിത്തന്നെ ഇരുന്നു. ഹോസ്റ്റലിലെ മലയാളി, തമിഴ്, തെലുങ്ക് (കന്നഡ ഉണ്ടായിരുന്നില്ല) മങ്കമാരും എനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്തിനും തയ്യാറായി കാത്തിരുന്നു.
മൂന്നാംനില വരെ കഷ്ടപ്പെട്ട് കയറി വന്ന് സൗഖ്യമാ? എന്നന്വേഷിച്ചു.
ഡിസംബറിലെ കൊടുംതണുപ്പിൽ ദില്ലിയിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ താഴുമ്പോൾ, ബദാമും മദർ ഡയറി പാലും , ഹീറ്ററും, രാജായിയും, സ്വെറ്ററുകളും എന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നത് തടഞ്ഞില്ല.
രാവിലെ നേരത്തെ ഉണരുന്ന ശീലമുള്ള എന്നെ കുഴിമടിച്ചിയാക്കാൻ, ഏഴുമണി വരെയെങ്കിലും രജായിക്കുള്ളിൽ ഉറങ്ങാൻ കൊടുംതണുപ്പ് നിർബന്ധിച്ചു കൊണ്ടിരുന്നു.
രാവിലെ, തണുപ്പുമായുള്ള എന്റെ പൊരുതൽ കണ്ട്, ദീപശിഖ ഭാരതി താഴെ മെസ്സിൽ നിന്ന് ഫ്ലാസ്ക്കിൽ എനിക്കും കൂടി കാപ്പിയെടുത്തു കൊണ്ടുവരുമായിരുന്നു.
കേരളത്തിലെ സുഖദമായ കാലാവസ്ഥയിൽ നിന്നു വന്ന എന്റെ കിടുകിടുപ്പ് അവരെ രസിപ്പിച്ചില്ലെന്നു മാത്രമല്ല അവർ എനിക്ക് നിർദ്ദേശങ്ങളും തരാൻ തുടങ്ങി.
പച്ചപ്പയറ് കഴിക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.
പിന്നെയാണ് അവർ എന്റെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചത്.
സെക്രട്ടറിയേറ്റ് ഓഫീസ് സമയം ഒമ്പതു മുതൽ അഞ്ചര വരെയായിരുന്നു. ഡി ടി സി ബസ്സിൽ വെറും ഒരു രൂപ ചിലവിൽ എനിക്കെന്റെ ഓഫീസിൽ എത്താമായിരുന്നുവെങ്കിലും ഒരുങ്ങി പുറത്തിറങ്ങാൻനേരം തിക്കും തിരക്കുമാണ്.
ഞാനൊരുങ്ങുന്നത് വായനക്കിടയിലും, കണ്ണടയ്ക്കുള്ളിലൂടെ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന്, ഒരു ദിവസം പതിയെ എഴുന്നേറ്റു വന്ന് എന്റെ ദുപ്പട്ട നേരെയിട്ടു തന്നപ്പോഴാണ് മനസ്സിലായത്.
എന്റെ കറുകറുത്ത മുടി കൊതിക്കെട്ടാൻ അവർക്ക് ഇഷ്ടമായിരുന്നു.
പല നിറങ്ങളിലുള്ള സുന്ദരൻ സ്വെറ്ററുകളും, ഷാളും മഫ്‌ളറും, സോക്സും, സ്കാർഫും എന്റെ പക്കൽ ഉണ്ടായിരുന്നു. എന്റെ സൽവാർ കമ്മീസിനിണങ്ങുന്ന സ്വെറ്ററും ഷാളും സോക്‌സും ഓരോ ദിവസവും അവർ തിരഞ്ഞെടുത്തുവച്ച്,ഞാൻ തിരക്കിട്ട് ഇറങ്ങിപ്പോകുന്നതിനു മുൻപ് അതെല്ലാം എന്നെ ഭംഗിയായി ധരിപ്പിക്കുമായിരുന്നു. സ്വെറ്ററിടാതെ പുറത്തിറങ്ങാൻ ഒരു തരത്തിലും അനുവാദമുണ്ടായിരുന്നില്ല.
ആ തണുപ്പുകാലത്തെ ഞാൻ അതിജീവിച്ചത് ധാക്കയിൽ നിന്ന് അലഹബാദിലേക്ക് കുടിയേറിയ ക്വാസി നസ്രുൾ ഇസ്‌ലാമിന്റെ സ്വന്തം നാട്ടുകാരായ "ഭാരതി" കുടുംബത്തിലെ പ്രിയപ്പെട്ട ശിഖാദീദിയുടെ സഹായത്തോടെയാണ്.
പ്രവൃത്തി ദിവസങ്ങളിൽ ഡിന്നർ സമയത്ത്, മെസ്സ് ഹാളിൽ, ഭക്ഷണത്തിന്റെ സ്വാദിനെച്ചൊല്ലി പ്രാന്തെടുത്തു പാചകക്കാരൻ വയസ്സൻ മറാഠി ബാബയെ തല്ലാനൊരുങ്ങി നിൽക്കുന്ന ചീറ്റപ്പുലികളെ ഒതുക്കാൻ മിസ്സിസ് ലാൽ പാടുപെടുമ്പോൾ, കാടുമാങ്ങയും പപ്പടവും ചമ്മന്തിപ്പൊടിയും എന്റെ പാത്രത്തിൽ കയ്യിട്ടു വാരി ചങ്ങാതിമാർ എടുത്തുകൊണ്ടു പോകുമ്പോൾ, അവരോടൊപ്പം ഞാൻ തമാശ പറഞ്ഞുറക്കെ ചിരിക്കുമ്പോൾ, ശിഖാദീദി കണ്ണുരുട്ടി.
നിന്റെ കൂട്ടുകാർക്ക് അന്തസ്സോടെ പെരുമാറിക്കൂടെ, ഊണുമേശ മര്യാദകൾ പാലിച്ചു കൂടെ എന്ന ചോദ്യങ്ങളാൽ വശം കെടുത്തി.
എല്ലാവരും റിലാക്സ് ചെയ്യുകയല്ലേ ദീദി എന്ന എന്റെ മറുപടിക്ക് ബദലായി അവരെന്നോട് പറഞ്ഞു, നിനക്ക് റിലാക്സ് ചെയ്യണോ, നമുക്ക് ദില്ലി ഹാട്ടിൽ പോയി ഫ്രൂട്ട് ബിയർ കഴിക്കാം. സാകേതിൽ പോയി സിനിമ കാണാം അല്ലേൽ താഴെ പുൽത്തകിടിയിൽ പോയിരിക്കാം....
എന്നും, എന്റെ രാത്രിയുറക്കം രണ്ടു മൂന്നു മണി വരെ മാറി നിൽക്കുമെങ്കിലും അവരോട് വിളക്കു കെടുത്താനും ഉറക്കെയുള്ള വാദങ്ങൾ നിർത്തൂ എന്ന് പറയാനും എനിക്ക് തോന്നിയില്ല.
അവരുടെ പഴയ റൂംമേറ്റ് രാജ്‌വീന്ദർ കൗർ എന്നെ വിളിച്ചു കൊണ്ടുപോയി ഉപദേശിച്ചു. ശിഖ രഹസ്യഭാഷയിലാണ് വീട്ടുകാരോട് സംസാരിക്കുന്നത് അവൾ ഇന്ത്യക്കാരിയല്ല . നീ സൂക്ഷിക്കണം.
ശിഖാദീദി ബംഗള ഭാഷയിലാണ് വീട്ടുകാരോട് സംസാരിച്ചിരുന്നത്. സർദാരിണിക്കു അത് മനസ്സിലാകാഞ്ഞിട്ടാണ് എന്ന് ഞാൻ ഉള്ളിൽ പറഞ്ഞു.
എന്റെ മുറിയിൽ വരുന്ന ചങ്ങാതിമാരോട് ദുർമുഖം കാണിക്കുകയും, എന്റെ കിടക്കയിൽ ഇരിക്കുന്നവരെ ഗെറ്റ്ഔട്ട് അടിക്കുകയും വരെ ചെയ്തതോടെ, അവരെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിന്റെ പുന്നാര വക്കീൽ എന്ന്..
ഗൃഹമന്ത്രാലയത്തിലും, വിദേശകാര്യമന്ത്രാലയത്തിലും 'റോ' യിലും ജോലി നോക്കുന്ന ഉദ്യോഗസ്ഥർ, ഞങ്ങളെ ഗെറ്റ്ഔട്ട് അടിക്കാൻ ഇവളരെടാ കൊടുക്ക് പരാതി എന്ന് അലറി....
സത്യത്തിൽ ദൈവദൂതയെപ്പോലെയാണ് പോർട്ട്ബ്ളയറുകാരി ലൈല ടിഗ്ഗ, ടൂറിസം മന്ത്രാലയത്തിലെ ഓഫീസർ, തൊട്ടപ്പുറത്തെ കോറിഡോറിലെ, റൂം നമ്പർ 301ലെ, താമസക്കാരി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, എന്നോട് ചോദിച്ചത് , തന്റെ റൂംമേറ്റ് ഈയാഴ്ച വെക്കേറ്റ് ചെയ്യും 301 ലേക്ക് വരുന്നോ എന്ന്.
ആ മുറിയുടെ ബാൽക്കണി ഹോസ്റ്റലിന്റെ മനോഹരമായ മുറ്റത്തേക്ക് അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞു ധാരാളം വെളിച്ചം ലഭിക്കുന്ന തരത്തിൽ ആയിരുന്നു.
ഞാൻ മിസ്സിസ് ലാലിനോട് ചോദിച്ചു, മാഡം എനിക്ക് തണുപ്പ് സഹിക്കാൻ വയ്യ, വെയിൽ വീഴുന്ന മുറിയിൽ മിസ് ടിഗ്ഗയുടെ മുറിയിൽ ഒഴിവുണ്ട് ഞാൻ അങ്ങോട്ട് മാറിക്കോട്ടെ. മിസ്സിസ് ലാൽ ചിരിച്ചു കൊണ്ട് തലയാട്ടി.
എനിക്ക് അലോട്ട്മെന്റ് തന്നു.
രാത്രികളിൽ കടൽ കാണാൻ കൊതിച്ച ആൻഡമാൻകാരി ലൈല ടിഗ്ഗ, മുറിയിലെ വിളക്കുകൾ കെടുത്തി, മെഴുകുതി കത്തിച്ചു മുറിയുടെ മധ്യത്തിൽ വച്ച് കപ്പലുകൾ വരുന്നതായി സങ്കൽപ്പിച്ചു, കടലും തിരയൊച്ചയും ആവാഹിച്ചു വരുത്തി കണ്ണീർ പൊഴിച്ചുറങ്ങി.
അച്ഛന്റെ വിരൽത്തുമ്പിൽ നിന്നടർന്ന ഞാനും ജനലിലൂടെ വരുന്ന നിലാവിൽ ടിഗ്ഗയുടെ കടലിലെ തിരയെണ്ണി.
ഞാൻ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി പോരും വരേയും അഡ്വക്കേറ്റ് ദീപ്ശിഖ ഭാരതിയുടെ മുറിയിൽ മറ്റാരും വന്നില്ല .
നാട്ടിലേക്ക് പോരുമ്പോൾ യാത്ര പറയാൻ ചെന്ന ഞാൻ, എന്നേക്കാൾ ഒത്തിരി പ്രായമുള്ള അവരുടെ കാലുകളിൽ തൊടാനാഞ്ഞു. എന്നെ ചേർത്തണച്ചു കൊണ്ട് ഇരുകവിളിലും ഒരുപാടുമ്മകൾ നൽകിക്കൊണ്ട് അവർ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു.
" നിന്റെ ഭർത്താവ് നിന്നെ കണക്കറ്റു സ്നേഹിക്കട്ടെ, നിനക്ക് ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, ദീർഘസുമംഗലിയായിരിക്കൂ ...നീ സൗഭാഗ്യവതി ആയിരിക്കും ... "

Wednesday, 3 August 2016

കുന്ദാദ്രി കുന്നുകളിലേക്ക്





ആ അവധി ദിനങ്ങളിൽ  കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ , ഷിമോഗ ജില്ലയിൽ, അഗുംബെ ആണ് എന്റെ സഹോദരൻ യാത്രക്കായി ചാർട്ട് ചെയ്തു വച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന മഴ പ്രദേശം.  ഞങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തത്   ഡിസംബർ മാസത്തിലെ അവസാന ദിവസങ്ങൾ.  മംഗലൂരിൽ നിന്ന് മൂന്നോ, വളരെ സാവധാനമായാൽ നാലോ മണിക്കൂർ നേരത്തെയോ ഡ്രൈവ്, അത്രേയുള്ളൂ.... മലയിലെ ആ ഗ്രാമത്തിലെത്താം.   

വാഹനത്തിന്റെ  ചില്ലുകൾ താഴ്ത്തി, പശ്ചിമഘട്ടത്തിലെ ശുദ്ധമായ വായു ആവോളം ഉള്ളിലേക്കെടുത്ത്, വനഭംഗി കണ്ട്   ഞങ്ങൾ അവിടെ ഉച്ചയോടെ എത്തി.  അഗുംബെ വളരെ ചെറിയ ഒരു ഗ്രാമമാണ്.  മാൽഗുഡി ഡേയ്‌സ് സീരിയലിലൂടെ എല്ലാവർക്കും പരിചിതമായ ഇടം.  “പച്ചപ്പൊന്ന്” എന്നത്രെ കന്നഡ നാട്ടുകാർ ഈ പ്രദേശത്തെ  വിളിക്കുന്നത് അത്രമാത്രം ഔഷധ സസ്യങ്ങൾ നിറഞ്ഞ,  ജൈവവൈവിധ്യങ്ങളാൽ നിറഞ്ഞു തുളുമ്പുന്ന മഴക്കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം. 

താമസിക്കാനായി ഒരു  അപ്പാർട്ടുമെന്റ് ബസ് സ്റ്റാന്റിന്റെ  തൊട്ടടുത്ത് റോഡരുകിൽ തന്നെയുണ്ട്.  റോഡിനപ്പുറം കുറച്ചു മാറി ഒരു ഇടത്തരം ഹോട്ടലും.  ശാന്തമായ അന്തരീക്ഷം, നല്ല തെളിഞ്ഞ വെയിലും. യാത്രാക്ഷീണം തീർക്കാൻ കുറച്ചുനേരം വിശ്രമിച്ചിട്ട് കുന്ദാദ്രി കുന്നുകളിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ.  അപാർട്മെന്റ് തരക്കേടില്ലാത്ത വിശ്രമസങ്കേതമൊരുക്കി.  തൊട്ടടുത്ത ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിച്ച്, തലേരാത്രിയിലെ യാത്രാക്ഷീണം ഞങ്ങൾ മയങ്ങിത്തീർത്തു. 

 നാലുമണിയോടടുപ്പിച്ച് കുന്ദാദ്രി കുന്നുകളിലേക്ക് പുറപ്പെടുമ്പോൾ, പോകുന്നവഴിക്ക് മാൽഗുഡി ഡേയ്സ് സീരിയൽ ഷൂട്ട്‌ ചെയ്ത വീടും കാണാം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.  എന്നാൽ തൊട്ടടുത്തായിട്ടും അതെവിടെയെന്നു ഞങ്ങൾക്ക് കണ്ടുപിടിക്കാനായില്ല.  വഴിയിലെ സൈറ്റ് സീയിങ് പോയന്റുകൾ ഒഴിവാക്കി കുന്ദാദ്രികുന്നുകളിലെ സൂര്യാസ്തമയം കാണാൻ ഞങ്ങൾ വേഗം വണ്ടി ആ വഴിക്ക് തിരിച്ചു. 

പശ്ചിമഘട്ടത്തിലെ കനത്ത കാടുകൾ, വേഴാമ്പലിൽന്റെ മുഴങ്ങുന്ന ഒച്ച, സായാഹ്‌നസൂര്യന്റെ പൊൻരശ്മികൾ ഞങ്ങളെ വരവേറ്റത് നിറഞ്ഞ പ്രകൃതിയാണ്. സ്വന്തം സ്വന്തമെന്ന പിടിച്ചടക്കലിനോട് വിട പറഞ്ഞിട്ടു വേണം കുന്നു കയറാൻ, എല്ലാമെല്ലാം വിട്ടു കൊടുക്കാൻ, ഒന്നിനേയും വേദനിപ്പിക്കാതിരിക്കാൻ ഉയിരിനെ പറത്തിവിട്ട്,  പാർശ്വനാഥൻ എന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരനെ പ്രതിഷ്ഠിച്ച ജൈനക്ഷേത്രം കാണാനും  സമുദ്രനിരപ്പിൽ നിന്ന് 2800 അടിയോളം ഉയരത്തിൽ നിന്ന് തരുനിരകളും, മേഘസഞ്ചാരങ്ങളും, പ്രപഞ്ചത്തിലെ ഓരോരോ കണത്തിലും നിറയുന്ന സന്ധ്യാവേളയിൽ മറയുന്ന അദ്‌ഭുതദീപ്തപ്രഭ   അനുഭവിക്കാനുമായി  കയറിയ കൽപ്പടവുകളിലോരോന്നിലും ഞാനെന്റെ വൃഥാചിന്തകൾ ഓരോന്നോരോന്നായി കുടഞ്ഞിട്ടു. എന്നിലെ പെൺവഴികൾ ചെന്നു നിൽക്കുമിടമല്ലോ ഇത് ഇതെന്ന്, ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ കുടികൊള്ളുന്ന ജൈനക്ഷേത്ര കവാടത്തിനപ്പുറം കൽക്കെട്ടുകൾ കൊണ്ട് ഭദ്രമാക്കിയ വിശാലമായ തടാകം കാൺകെ ഓർത്തു പോയി.  ഇത്രയും ഉയരെ സമൃദ്ധമായ ജലം നിറഞ്ഞ തടാകവും, അതിലേക്കിറങ്ങാൻ ക്ഷേത്രത്തിൽ നിന്നുള്ള കൽക്കെട്ടും.  പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ജൈനക്ഷേത്രം വലിയ കേടുപാടുകളില്ലാതെ കുന്നിനു മുകളിൽ തലയുയർത്തി.  ക്ഷേത്രം സൂക്ഷിപ്പുകാരനോ പൂജാരിയോ കൊളുത്തിയ ദീപപ്രഭയിൽ തീർത്ഥങ്കര വിഗ്രഹം കാണാനായി  ഉയരം കുറഞ്ഞ വാതിൽ കുനിഞ്ഞു കടന്ന് അകത്തേക്ക് പ്രവേശിച്ചു.   മങ്ങിയ ഇരുട്ടിൽ ചെറിയ ഉയരം കുറഞ്ഞ മുഖവാതിലിലൂടെ നല്ലപോലെ കുനിഞ്ഞു നിന്ന് നോക്കിയാൽ മാത്രംകാണാവുന്ന പാർശ്വനാഥ വിഗ്രഹം വണങ്ങി. കുന്നിനു മുകളിൽ കരിങ്കല്ലിൽ തീർത്ത ക്ഷേത്രവും വിഗ്രഹവും, ചുറ്റുമതിലും......  പിന്നെ സന്ധ്യാസിന്ദൂരം പശിമഘട്ടത്തിനുമേൽ ചിതറിത്തെറിക്കുന്നതു കാണാൻ പുറത്തിറങ്ങി, നല്ല വൃത്തിയായി കിടക്കുന്ന പാറക്കൂട്ടങ്ങൾക്കുമേൽ പടിഞ്ഞാട്ടു നോക്കി ഇരുന്നു........


കന്യാകുമാരിയിലെ, ഡാർജിലിങ്ങിലെ, മറീന ബീച്ചിലെ സൂര്യനേക്കാളും സൗമ്യദീപ്തമായ സന്ധ്യാസൂര്യനെ അറിഞ്ഞു.  മുക്കാലിയിൽ കാമറകൾ സ്‌ഥാപിച്ചു ഫോട്ടോഗ്രാഫർമാരായവർ ഒരു നിമിഷം പോലും മിഴിചിമ്മാതെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു.  കാഴ്ചയേക്കാളേറെ ഉള്ളിനെ സൗമ്യവും, ശാന്തവും, സ്ഥിതപ്രജ്ഞമാക്കുന്നതുമായ എന്തോ ഒന്ന് ആ പ്രദേശത്താകമാനം നിറഞ്ഞിരുന്നു.  ഒന്നിനേയും നോവിക്കാത്ത, ഒന്നുമൊന്നും സ്വന്തമാക്കാത്ത തീർത്ഥങ്കര പ്രണയം. 


ഇരുൾ പരക്കാൻ തുടങ്ങിയപ്പോൾ അഭൗമലോകത്തു നിന്ന് പുറത്താക്കപ്പെട്ട സ്വർഗ്ഗവാസികളെപ്പോലെ ഞങ്ങൾ തിരിച്ച്‌ കുന്നിറങ്ങി.  യാത്രകളെ പ്രണയിക്കുന്ന, എത്ര ബുദ്ധിമുട്ടിയാലും, അത് വകവയ്ക്കാതെ ഡ്രൈവിംഗ് ആസ്വദിച്ചു വാഹനമോടിക്കുന്ന, അവൻ പോകുന്നിടത്തെല്ലാം ഞങ്ങളെയും  കൊണ്ടുപോകണമെന്ന നിർബന്ധബുദ്ധിയുള്ള ഈ സായന്തനം എനിക്കായ് ഒരുക്കിത്തന്ന എന്റെ അനുജനെ ഞാൻ എത്ര കരുതിയാലും മതിയാകില്ല...     







Friday, 15 July 2016

ഉപ്പില്ലെങ്കിൽ ഇത്തിരി കുടിക്കാരുന്നു

മഴക്കാറിനൊപ്പം തിരിച്ചുവരാമെന്നു കരുതി 
കൊടിയ വേനലിൽ വാനമേറിയ ഒരുവളുണ്ട് 
നീരെല്ലാം ഊറ്റിയെടുത്ത ഒരു ഉണക്കത്തൊണ്ട്. 
ഒരു മെഴുകുതിരി വെളിച്ചത്തിൽ -
അന്നത്തെ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ,

പെട്ടന്നവൾ യാത്ര പറഞ്ഞുപോയി.
സ്നേഹമെന്ന കള്ളമേഘത്തെക്കാണിച്ച്‌,
ഇനിയും എന്നെ ഊറ്റിയെടുക്കല്ലേ
എന്നൊരു കുറിപ്പ്, കയ്യൊപ്പ്, ശേഷിപ്പ്!
ഏഴു സമുദ്രത്തിലും ഇപ്പോഴവൾ -
പെയ്തിറങ്ങിയിരിക്കും....
ഭയക്കാതെ, നടുങ്ങാതെ, നേരായിത്തന്നെ.
അപ്പോഴും നിങ്ങൾ പറയും,
ഓ ! ഉപ്പില്ലെങ്കിൽ ഇത്തിരി കുടിക്കാരുന്നു എന്ന്

ഒരു വ്യവഹാരിയെ പ്രണയിക്കുന്നത്

ഒരു വ്യവഹാരിയെ പ്രണയിക്കുന്നത് 
അങ്ങേയറ്റം ക്ലേശകരമായ ഒന്നാണ്. 
ചോദ്യങ്ങളും ഉത്തരങ്ങളും, 
ഉമ്മകൾക്ക് കൂട്ടുവരും. 
വാദങ്ങളും പ്രതിവാദങ്ങളും 

നിരന്തരം കയറിയിറങ്ങിപ്പോകുന്ന -
ഒരു പ്രണയ ജീവിതം.
മടുപ്പിനാൽ വിളറി,
ദിവസങ്ങൾ അനക്കമറ്റ്‌-
തുടങ്ങിയേടത്തു തന്നെ അവസാനിക്കും.....
സന്ധ്യകൾപോലും,
പ്രണയത്തിൻ ലഹരി നുകരാൻ മടിക്കും.
രാത്രിക്ക് എത്ര നീളമേറിയാലും
കനത്ത ബയന്റിട്ട തടിയൻമാർ, പുസ്തകങ്ങൾ,
മുറിക്കുള്ളിൽ
വകുപ്പും ഉപവകുപ്പും തിരയും.
കുളിരു ചൂടിക്കാൻ, ഒരുവൾക്കു തോന്നാത്തവിധം,
പ്രഭാതങ്ങൾ പുലരാതെ മടിപിടിച്ചുറങ്ങും.
പിന്നെ മടുപ്പിന്റെ,
ഒരേ വൃത്തത്തിൽ കറങ്ങും.
ഒരു ചേർത്തുപിടിക്കലിന്റെ തണുപ്പിന് ,
വാദിയും പ്രതിയുമല്ലാത്തവൾ
വകുപ്പുകൾ തിരയേണ്ടതില്ലെന്നുറപ്പിക്കും.
ആത്മാഭിമാനം എന്നതിന്-
പര്യായ പദങ്ങളില്ല എന്നവൾ കുറിച്ചു വയ്ക്കും

പാവം, പാവം, ഒറ്റയായവൾ,,,,,

കഴിഞ്ഞു പോയ വർഷത്തിൽ,
മേഘങ്ങൾ പൊട്ടിപ്പിളർന്ന്,
പ്രളയജലം നഗരത്തെ വിഴുങ്ങിയ നാളിൽ,
ഒഴുക്കിലൊലിച്ചു പോയ ഒരുവളുണ്ട്....
ഒഴുക്കിനെതിരെ നീന്താൻ വശമില്ലാത്തവൾ..
കുട്ടിക്കാലത്ത്, സ്നേഹസാമ്രാജ്യത്തിലെ റാണിയായിരുന്നവൾ
അലച്ചാർത്തു നിന്ന ആഷാഢത്തിലെ ഒരു പ്രഭാതത്തിൽ
പൂമുഖത്ത് ചവിട്ടുപടിയോളം വെള്ളം കയറുന്നതിനൊപ്പം
അവളും കയറിക്കയറി വന്നു.
ഇരിക്കാനിട്ടു കൊടുത്തതിൽ ഇരിക്കാതെ,
ഒരു കടും കാപ്പിക്ക് കൈ നീട്ടി,,,
മെലിഞ്ഞ, അസ്ഥികളിൽ നിന്ന്
കണ്ണീരൊട്ടിയ വിരലുകളിൽ നിന്ന്
ചിത്രകാരന്റെ ഭാര്യ, ചിത്രകാരന്റെ ഭാര്യ
എന്നു ഞാനുറപ്പിച്ചു....
സ്നേഹത്തിനർപ്പിക്കാൻ കാതുകളില്ലാത്ത ചിത്രകാരൻ..
മരിച്ചവൾക്ക് ഇവിടെ ഇടമില്ലെന്ന്
കടുംകാപ്പി കൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു
പിഴച്ചവൾ തന്നെ മരിച്ചവൾ എന്ന് അമ്മ തിരുത്തി..
പാവം, പാവം,
എന്നുള്ളിനുള്ളിൽ ആരോ നിലവിളിക്കവേ
ഒറ്റയായവൾ,,,,,
ആരിൽനിന്നും ഒന്നുമെടുക്കാനറിയാത്തവൾ,
പതിയേ പടിയിറങ്ങിപ്പോയി ….
എന്റെ ഭർത്താവ് പിറുപിറുത്തു
അവളുടെ പേരിന്റെ അർത്ഥം രാത്രിയെന്നാണ്, രാത്രിയെന്നാണ്
നാത്തൂന്മാർ രണ്ടുപേരും പ.റഞ്ഞു
അല്ല, അത് ബിന്ദുവോ എലിസബത്തോ ആണെന്ന്...
ഏതായാലും എന്റെ പേരും അവരുടെ പേരും അവർ പറഞ്ഞില്ല

Sunday, 12 June 2016

സ്വർണ്ണത്താഴ്വരയിലെ സൂര്യൻ

ഇരിക്കുന്ന കുഞ്ഞിക്കൂടിൽ നിന്ന് പറന്നുയരണമെന്നും, നീല വിഹായസ്സിൽ കുഞ്ഞു ചിറകുകൾ വിടർത്തി കാഴ്ചകൾ കണ്ട്, കാറ്റിനോടൊപ്പം മെല്ലെ മെല്ലെ അലയണമെന്നും മോഹിച്ച്, ഒരുവൾ പടി കടന്നുപോകുമ്പോൾ അങ്ങകലെ ആരൊക്കെയോ കാത്തിരിപ്പുണ്ടെന്ന ചെറിയ മോഹം പോലും മനസ്സിൽ ബാക്കി വയ്ക്കുന്നില്ല. എങ്കിലും ചെല്ലുന്ന ഇടങ്ങളിൽ ലഭിക്കുന്ന സ്നേഹക്കൂട്ടുകളിൽ സ്വയം അലിഞ്ഞു ചേർന്ന് അതാസ്വദിച്ച് എനിക്കും പറക്കാനാവതുണ്ട് എന്നാശ്വസിച്ച്‌ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, ഇവിടം മാത്രമല്ലല്ലോ ഇനിയുമെത്രയോ ഇടങ്ങൾ എനിക്കു പോകുവാനുണ്ടെന്ന ഉൾവിളിക്ക് കാതോർക്കുമ്പോൾ കാണുന്ന ഇടങ്ങളിലെ മണ്ണും, മരവും, മനുഷ്യനും, പുഴയും ഉള്ളിനുള്ളിൽ മായാരേഖകളായി വരച്ചിടുന്നു. വീണ്ടുമൊരു യാത്രക്ക് പുറപ്പെടുമ്പോൾ ഈ കാഴ്ച്ചകൾ മറക്കാതിരിക്കാനെന്നവണ്ണം...........
സ്ഥിരമായി ജനവാസമില്ലാത്ത, ശ്രീനഗറിന് വടക്കു കിഴക്കുള്ള സോനാമാർഗ്, ചൈനയെ മെഡിറ്ററേനിയൻ തീരവുമായി ബന്ധിപ്പിക്കുന്ന പഴയ സിൽക്ക് റൂട്ടിന്റെ പ്രവേശന മാർഗ്ഗം ആണ്. ശ്രീനഗറിൽ നിന്ന് ലഡാക്കിലേക്കുള്ള NH 1 ഡിയിലൂടെ പത്തെൺപത്തഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സോനാമാർഗിലെത്തും. ഝെലം നദിയുടെ പോഷകനദിയായ നല്ലാ സിന്ധിന്റെ കരയിലൂടെ കാശ്മീരിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ച് സോനാമാർഗിലെത്താം. സമതല പ്രദേശങ്ങളിൽ നിന്നു വരുന്നവരെ സ്വർണ്ണത്തിന്റെ ഈ ശാദ്വലപ്രദേശം ഹരം കൊള്ളിക്കും. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ താഴ്വാരത്തു നിന്നും നിറയെ മഞ്ഞു മൂടിയ ഈ പ്രദേശത്തെത്തുമ്പോൾ, ഇന്ത്യയുടെ തെക്കേ അറ്റത്തെ താമസക്കാർക്ക് അതൊരു അനുഭൂതിദായകമായ കാഴ്ചയാണ്. ബരഫ് മേം ഖേൽ സക്തേ ഹൈ, ബരഫ് ഹാത്ത് മേം ലെ സക്തെ ഹൈ ---ഏതൊരു ടൂറിസ്റ്റിനെയും പ്രലോഭിപ്പിക്കാൻ കാശ്മീരി ഗൈഡുകൾ, കുട്ടികളുടെ മുന്നിൽ കളിക്കോപ്പെന്ന പോലെ വാരി വിതറുന്ന വാചകങ്ങൾ.
ലെ -ലഡാക്ക് റോഡിലൂടെ കടുക്പൂത്തു നിൽക്കും ഗന്ദർബാൽ, കങ്കൻ, ഗുണ്ട് എന്നീ സുന്ദരപ്രദേശങ്ങളിലൂടെ കടുപ്പം കുറഞ്ഞ പാൽച്ചായയുടെ നിറത്തിലൊഴുകുന്ന സിന്ധ് നദിയുടെ തീരത്തൂടെ മുന്നോട്ടു മുന്നോട്ടു പോകുമ്പോൾ അകലെ മഞ്ഞു മൂടിയ പർവ്വതശിഖരങ്ങൾ കാണാമായിരുന്നു. യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ വെറും രണ്ടു കഷണം ബ്രെഡ്‌ കൊണ്ട് പ്രാതൽ കഴിച്ചെന്നു വരുത്തിയെങ്കിലും വിശപ്പും ദാഹവും ഒട്ടും തന്നെ ആരെയും അലട്ടിയിരുന്നില്ല എന്നതാണ്. ചുറ്റും പൂത്തു നിന്നിരുന്ന ആപ്പിൾതോപ്പുകൾ പോലും, ഭക്ഷണത്തെക്കുറിച്ച് ആരെയും ഓർമ്മപ്പെടുത്തിയില്ല. എല്ലാവരും അത്രമാത്രം പ്രകൃതിയിൽ മുഗ്ദ്ധരായി പോയിരുന്നു.
ഏതൊരു നാട്ടിൽ ചെന്നാലും അവിടെയുള്ള മനുഷ്യരുമായി ചങ്ങാത്തം കൂടി അവരോടു സംസാരിച്ച് അവരിലൊരാളാവണം എന്ന അദമ്യമായ ആഗ്രഹം ഉള്ളിൽ ഉറവെടുക്കാറുണ്ട്‌. എസ്കിമോകൾടെ നാട്ടിൽ ചെന്നാലും അവരോടു പേശാൻ നിൽക്കും എന്ന കളിയാക്കലുകൾ പണ്ട് ഒത്തിരി കേട്ടിട്ടുണ്ട്. പക്ഷേ, ചത്തേ ചതഞ്ഞേ മട്ടിൽ മഴ നനുക്കനെ ചാറിക്കൊണ്ടിരിക്കുന്ന ഒരു പതിനൊന്നുമണി സമയത്ത് സൂര്യൻ ഒട്ടും വെളിപ്പെടാത്ത മഞ്ഞു മൂടിയ ആ ഭൂഭാഗത്ത്‌ ഞങ്ങളുടെ ചുറ്റും പഞ്ചസാരയിൽ ഉറുമ്പെന്ന പോലെ തടിച്ചു കൂടിയ കാശ്മീരി ചെറുപ്പക്കാരോട് എനിക്കൊട്ടും ഇഷ്ടം തോന്നിയില്ല. ചക്രങ്ങൾ ഘടിപ്പിച്ച പലകകളിൽ (സ്ലെജ്) ഞങ്ങളെ ഇരുത്തി മഞ്ഞിലൂടെ സവാരി ചെയ്യാം, കുതിച്ചു പായാം, നല്ല രസമാണ് എന്നെല്ലാം അവർ പറയുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞുമലകളും ഫിർ മരങ്ങളും, അകലേക്ക് ലഡാക്കിലേക്ക് നീളുന്ന റോഡും, എങ്ങോ മറഞ്ഞുപോയ സൂര്യനും..... പക്ഷേ ഇതൊന്നും കാണാൻ അനുവദിക്കാതെ ഞങ്ങളുടെ കൂടെ, ഞങ്ങളുടെ കൂടെ എന്ന് ആർത്തട്ടഹസിക്കുന്ന ഒരു സംഘം സ്ലെജ് ഓപ്പറേറ്റർമാരും..ദീദി ദൊ ദിൻ കെ ബാദ് മേരാ ബാരി ആയാ ഹൈ, മേരെ സാത് ആനാ ..തുടങ്ങിയ യാചനകളും മനം മടുപ്പിച്ചു. അവർ അത്രമാത്രം ദാരിദ്രരായിരുന്നു. പക്ഷേ കുറച്ചു മണിക്കൂറുകൾ മാത്രം അവിടെ ചിലവഴിക്കാൻ എത്തിയ എനിക്ക് ഒട്ടും താല്പര്യമില്ലാത്ത സ്ലെജ് യാത്രക്ക് നിർബന്ധിക്കുന്ന ചെറുപ്പക്കാരനോട്‌ നീരസം തോന്നി. ഒഴിവാക്കാനായി ഞാൻ പറഞ്ഞു, ഞങ്ങളുടെ നാട്ടിലെ സ്ത്രീകൾ സ്ലെജ് യാത്ര ഇഷ്ടപ്പെടുന്നില്ല എന്ന്. പിന്നെ ഉദാരമതിയായ എന്റെ അനുജൻ അവരോട് നിങ്ങൾക്കെന്തു വേണം എന്നു ചോദിക്കുന്നതും, അവരെ സന്തോഷിപ്പിക്കുന്നതും കണ്ട്, തെർമൽ വസ്ത്രങ്ങളും ബൂട്ടും ധരിച്ച് മഞ്ഞു മല കയറി.
വളരെ സൂക്ഷിച്ച്, കാൽ മഞ്ഞിൽ പുതയാതെ, ശ്വാസമെടുത്ത്, ആവോളം ആസ്വദിച്ച് മുന്നോട്ടു കയറി കയറിപ്പോയി. മുകളിൽ നിന്നും നോക്കുമ്പോൾ ലെ -ലഡാക്ക് റോഡും, പച്ചച്ചായമടിച്ച മേൽക്കൂരകളോട് കൂടിയ കെട്ടിടങ്ങളും, മഴ മാറി തെളിഞ്ഞ ആകാശവും , ഒട്ടും തീക്ഷ്ണതയില്ലാത്ത സൂര്യനും, ഫിർ മരങ്ങളും, താഴ്വാരങ്ങളും കണ്ടു. കുട്ടികൾ മഞ്ഞു വാരിയെറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു. നിരാശയേതുമില്ലാതെ സ്ലെജുകാർ നടന്നു നീങ്ങുന്നുമുണ്ടായിരുന്നു, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്ടിലെ കീറിയ ഫിരൻ ധരിച്ച ദരിദ്രക്കൂട്ടങ്ങൾ... തിരിച്ചെതിർക്കാൻ ത്രാണിയില്ലെന്നു കരുതുന്നവന്റെ എല്ലാമെല്ലാം കൈവശപ്പെടുത്താൻ മിടുക്കൻമാരായ, നാണമേതുമില്ലാത്തവർ ചുറ്റുമുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ മോഹിച്ചു പോകുന്നു മഞ്ഞുമലകൾക്കു മുകളിൽ സൂര്യൻ വിതറുന്ന പൊൻനാണ്യങ്ങൾ കുറച്ചെങ്കിലും ഈ ദരിദ്രജനതക്ക് ഉപകാരപ്പെടുമെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്

Sunday, 22 May 2016

രണ്ട് പെണ്ണുങ്ങൾ

ഉരിയാടേണ്ട വാക്കുകൾ
ഉള്ളിൽത്തടഞ്ഞ രണ്ടു പെണ്ണുങ്ങൾ,
കണ്ടുമുട്ടിയപ്പോൾ-
പരസ്പരം പറഞ്ഞത്,
തങ്ങൾ രേഖപ്പെടുത്താതെ പോയ
ഒഴിഞ്ഞുമാറലുകളെക്കുറിച്ചാണ്.
ഒതുങ്ങിയതുകൊണ്ട്,
പതുങ്ങിയത് കൊണ്ട്
എതിരിടാനാളില്ലാതെ
ഒരുവൻ അധീശപ്പെടുത്തിയ സാമ്രാജ്യത്തെക്കുറിച്ചാണ്.
സ്നേഹമെന്ന ഇരയിട്ട്,
ഉടലെന്ന മീനിനെ
തിന്നാനൊരുമ്പെടുന്നവരെക്കുറിച്ചാണ്.
ദിനം ദിനം പെയ്ത പേമാരികളെക്കുറിച്ചാണ്
വെട്ടിയൊതുക്കി ഭംഗിയാക്കി
നിർത്തിയ പൂമരമാണ് ഞാൻ- ഞാനെന്നാണ്.
ഇനിയിപ്പോൾ,
ശാഖികളെ ഇഷ്ടത്തിനുവിടാം വിടാം എന്നാണ്
കാലം കുറേയായില്ലേ ആയില്ലേ എന്നാണ്
ഒച്ച പുറത്തുകേൾപ്പിക്കാതെ,
വിരൽത്തുമ്പിൽ നടന്ന-
വീട്ടകത്തളങ്ങളെ മറന്ന്,
വാഹനങ്ങൾ ഇരമ്പിപ്പായുന്ന-
നഗരമദ്ധ്യത്തിൽ,
കൈ കോർത്തു നിന്ന്, കണ്ണീർ വാർത്തത്-
അടക്കലിലും, ഒതുക്കലിലും,
നഷ്ടമായ കവിതകളെയും കഥകളെയും കുറിച്ചോർത്താണ്..
പിന്നെ ഒന്നിച്ചു നടന്ന് നനഞ്ഞത്‌
അപ്പോൾ പെയ്ത സ്നേഹമഴയിലാണ്

Friday, 13 May 2016

മതിമറന്നൊന്നുറങ്ങി പോൽ

കടിച്ചു തിന്നാനൊരുങ്ങീടും
തിരുട്ടു നായ്ക്കളിൽ നിന്നകലവേ,
വെളിച്ചമൊന്നകലെ കണ്ടതിവേഗം-
നടന്നടുക്കവേ..
കനിവൂറും രണ്ടഗാധമാം-
മിഴികളെന്നിൽ നിറയവേ,
ഒടിഞ്ഞു തൂങ്ങിയെൻ പരിക്ഷീണമുടൽ
ധരണിയിൽ നിപതിക്കവേ,
മതിവോടെയെടുത്തടുപ്പിച്ചൊരു തലോടലാൽ
പൊതിഞ്ഞീടവേ,
ആ തണുപ്പിലന്നാദ്യമായ് ഞാൻ മതിമറന്നൊന്നുറങ്ങി പോൽ

Saturday, 23 April 2016

പൂമ്പാറ്റകൾക്കെല്ലാം ചിറകു നഷ്ടമായിരിക്കുന്നു

ഇപ്പോഴെന്നെ നീ തൊടരുത് 
തൊട്ടാൽ നിനക്ക് പൊള്ളും 
നേരിന്റെ തിളക്കും ചൂടാണ് ഞാൻ 
എന്നെ നീ ചുംബിക്കാൻ ശ്രമിക്കരുത് 
ഒരുവേള,
നിനക്ക് മുറിയും
കേട്ടിട്ടില്ലേ നേരിന്റെ വായ്ത്തലക്ക്
നല്ല മൂർച്ചയാണെന്ന്
കുഞ്ഞുങ്ങളും അമ്മമാരും ആർത്തനാദത്തോടെ
തെരുവിലിറങ്ങും ആസുരകാലത്ത്
നീയെന്നെ പ്രാപിക്കാൻ ശ്രമിക്കരുത്
എന്റെ പൂക്കളെല്ലാം
പൊഴിഞ്ഞു പോയിരിക്കുന്നു
പൂമ്പാറ്റകൾക്കെല്ലാം ചിറകു നഷ്ടമായിരിക്കുന്നു

പഹൽഗാമിലെ കുതിരക്കാർ

പഹൽഗാമിലേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മഞ്ജു എന്നോട് പറഞ്ഞു. “മാഡം, കുതിരപ്പുറത്ത് ട്രെക്കിംഗ് ചെയ്യാതിരിക്കരുത്. താഴെ വീഴുമെന്നു ഭയന്ന് കുതിരപ്പുറത്തു കയറാതിരിക്കരുത്. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാർ ആണ് കുതിരയെ നിയന്ത്രിക്കുന്നത്. പരിശീലനം സിദ്ധിച്ച കുതിരകളും കുതിരക്കാരും. പിന്നെ നമ്മുടെ നാട്ടിലെ പോലെയല്ല. മനസ്സില് വേറെ ചിന്തയൊന്നും അവർക്കില്ല (തോന്ന്യാസം കാട്ടില്ലാന്നു) അവർ കൈകളിൽ പിടിച്ച് കുതിരപ്പുറത്തു കയറ്റും. അവരെ മുഴുവനായും അങ്ങ് വിശ്വസിച്ച് മല കയറാം”. ശ്രീനഗറിൽ നിന്ന് ഏകദേശം 95 കിലോമീറ്റർ തെക്കു കിഴക്കായി ഒന്നാന്തരം ടൂറിസ്റ്റ് സ്പോട്ട് ആണ് പഹൽഗാം. വെറുമൊരു ടൂറിസ്റ്റായല്ല, പ്രിയ സുഹൃത്ത് ഡോക്ടർ ഇഷാൻ അഹമ്മദ് വീണ്ടും വീണ്ടും ധൈര്യപ്പെടുത്തിയതുകൊണ്ട് സ്വന്തമായ ഒരിടത്തേക്ക് ചെല്ലുന്നത് പോലെയാണ് ശ്രീനഗറിൽ ഞാൻ വിമാനമിറങ്ങിയത്.

 നാൽപ്പതു ഡിഗ്രിയിൽ നിന്നും നാലു ഡിഗ്രിയിലേക്ക് താപനില മാറിയെന്ന് എന്റെ ശ്വാസകോശം പിറുപിറുത്തു കൊണ്ടിരുന്നുവെങ്കിലും കുട്ടികളും അമ്മയും അടങ്ങുന്ന മറ്റു സംഘാംഗങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ കാലാവസ്ഥയോടു ഇണങ്ങിയത് വലിയ ആശ്വാസമായി തോന്നി. ശ്രീനഗറിൽ ചെന്നതിന്റെ പിറ്റേന്ന് തന്നെ ഞങ്ങൾ പഹല്ഗാമിലേക്ക് പുറപ്പെട്ടു. നാഷണൽ ഹൈവേ ഒന്നിലൂടെ (NH 1 A ) ശ്രീനഗറിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ അവന്തിപുര, ബിജ്ബെഹാര, ഐഷ്മുഖാം, പിന്നെ പഹൽഗാം. അവന്തിപുരയിൽ പുരാവസ്തു വകുപ്പിന്റെ സ്മാരകം- ഒമ്പതാം നൂറ്റാണ്ടിൽ അവന്തിവർമ്മൻ രാജാവിന്റെ കാലത്ത് നിർമ്മിച്ച ഒരു വിഷ്ണു ക്ഷേത്രം , അവശിഷ്ടങ്ങൾ മാത്രമായി കണ്ടു. ചുറ്റും വിശാലമായ കുങ്കുമപ്പാടങ്ങളും, മഞ്ഞ കടുകു പാടങ്ങളും, യെല്ലാ മരങ്ങൾ അതിരിട്ട നെൽപ്പാടങ്ങളും…
വമ്പൻ ചിനാർ മരങ്ങളുടെയും സുന്ദരൻമാരും സുന്ദരിമാരും സമാധാനികളുമായ മനുഷ്യരുടെയും നാട്ടിലൂടെ, തോക്കേന്തിയ അനേകം പട്ടാളക്കാർ കാവൽ നിൽക്കുന്ന വഴികളിലൂടെ, സഞ്ചരിക്കുമ്പോൾ, മറ്റൊന്നുംതന്നെ തങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടിൽ, പ്രകൃതിയെ മാത്രം പുണർന്നുകൊണ്ട് നിശ്ചിന്തരായി വാഹനത്തിലിരുന്ന് എല്ലാവരും കാഴ്ചകൾ കണ്ടു. ആരോ പറയുന്നുണ്ടായിരുന്നു വെറുതെയല്ല, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് എന്ന് കവി പാടിയത് എന്ന്. സാധാരണ ഒരു മനുഷ്യൻ മുഗ്ദ്ധനായി മതിമറന്നു പോകും. അൽപ്പം മൂടിക്കെട്ടിയ ആകാശവും, പതിയെ പുറത്തേക്ക് നോക്കുന്ന സൂര്യനും, ധ്യാനത്തിലെന്ന പോലെ പോപ്ലാർ വൃക്ഷങ്ങളും, വയലുകളിൽ പണിയെടുക്കുന്ന കർഷകരും, പുസ്തകസഞ്ചി പുറത്തു ചുമന്ന് സ്കൂൾ കുട്ടികളും. എത്രയോ ശാന്തമായ സുന്ദരമായ ഇടങ്ങൾ. ബിജ്ബെഹാരയിൽ ഝെലം നദിക്കു കുറുകെ കടന്നു പോകുമ്പോൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങാനും, വയലുകളിൽ പണിയെടുക്കുന്നവരോട് വർത്തമാനം പറയാനും, എന്നോ ഒരു കാലത്ത് അതിലേ കടന്നുപോയ ഒരാളെപ്പോലെ പിച്ചളപ്പാത്രങ്ങളും ലൊട്ടുലൊടുക്കു സാധനങ്ങളും വിൽക്കുന്ന കടകളിൽ ചെന്ന് അതിന്റെ വില ചോദിക്കാനും, പണ്ട് ഇത്ര വില ഉണ്ടായിരുന്നില്ലല്ലോ എന്ന് പറയാനും, ആകാശം നോക്കി നടക്കാനും എനിക്ക് കൊതിയായി. വണ്ടി നിർത്തി കാഴ്ച്ചകൾ കണ്ടുകണ്ട് പോകയാണെങ്കിൽ ഇന്ന് പഹൽഗാമിൽ എത്തുകയുണ്ടാകില്ലെന്നും ചുരുങ്ങിയത് ഒരു മുപ്പതു ദിവസമെങ്കിലും വേണ്ടിവരും അത്തരത്തിൽ വിശദമായ ഒരു യാത്രയ്ക്ക് എന്നും ഡ്രൈവർ സുൽത്താൻജി എന്നെ ഓർമിപ്പിച്ചു. മുന്നോട്ടു മുന്നോട്ടു പോകുമ്പോൾ റോഡിനു സമാന്തരമായി ലിദ്ദർ നദി തിരക്കിട്ടു പായുന്നുണ്ടായിരുന്നു, അവൾക്കു ഝെലവുമായി ഒത്തുചേരണം, പച്ച കുന്നുകളിലെ ഫിർ മരങ്ങളെ സാക്ഷിനിർത്തി ലിദ്ദർ അതിവേഗം ഒഴുകി. ഞങ്ങളുടെ കണ്ണുകൾക്ക് പിടിച്ചെടുക്കാൻ കഴിയാത്തത്ര കാഴ്ചകളായിരുന്നു ചുറ്റിനും. ഏറ്റവുമകലെ മഞ്ഞു മൂടിയ പർവ്വത ശിഖരങ്ങളും, അതിനിപ്പുറം ഹരിതാഭമായ കുന്നുകളും, ഋഷിമാരുടെ ജടപോലെയെന്ന് കവി പാടിയ ദേവദാരു വൃക്ഷങ്ങളും, കീഴെ പാറകൾ അതിരിട്ട ലിദ്ദർ താഴ്വാരവും.
മൂന്നു മൂന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ പഹൽഗാമിൽ എത്തിച്ചേർന്നു. വണ്ടി പാർക്കു ചെയ്യുന്നിടത്തേക്ക് കുതിരകളുടെ ഉടമസ്ഥർ ഓടിയെത്തി. കാശ്മീർ വാലി എന്ന് അവർ വിളിക്കുന്ന താഴ്വര വരെ കൊണ്ടുപോകാം എന്നും അതിനുള്ള നിരക്കുകൾ എന്തെന്നും വിശദമാക്കി, വലിയ വിലപേശലുകൾ ഇല്ലാതെ എല്ലാവരും പെട്ടന്നു തന്നെ തീരുമാനം എടുത്തു. ബാദൽ എന്നു പേരുള്ള കുതിരയെ അരികിലേക്ക് കൊണ്ടു വന്ന് ഇംതിയാസ് അഹമ്മദ് ഖാൻ എന്നോടു പറഞ്ഞു മാഡം കയറൂ. സത്യത്തിൽ വലിയ ക്ലേശമൊന്നും ഇല്ലാതെ ഞാൻ കയറുകയും ഇരിപ്പുറപ്പിക്കയും ചെയ്തു. കയറുമ്പോൾ കുതിരക്കാരന്റെ കയ്യിൽ പിടിക്കേണ്ടി വന്നു, പക്ഷേ ഒട്ടും ബുദ്ധിമുട്ടിയില്ല. അത്ര ഇണക്കമുള്ള മേഘക്കുതിര. പിറകിൽ നിന്ന് കമന്റടികൾ കേട്ടു. മറ്റു കുതിരസവാരിക്കാർ, എന്റെ കൂട്ടക്കാർ. ലക്ഷ്മി ബായി കയറിയോ, സ്റ്റൈൽ കൊള്ളാം എന്നും മറ്റും(ഇരുചക്ര വാഹനത്തിൽ കയറാൻ പോലും മടിക്കുന്ന എന്നെ കളിയാക്കുന്നതാണ്). മക്കൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അമ്മേ, വല്യമ്മേ ഉഗ്രൻ എന്ന്. അവരെയെല്ലാം എടുത്താണ് കുതിരപ്പുറത്ത് ഇരുത്തിയത്. പഹൽഗാം, അമർനാഥ് യാത്രക്കുള്ള ബേസ് കാമ്പ് ആണ്. ധാരാളം യാത്രികരെ ആ വഴിക്ക് കണ്ടു. നിരപ്പായ ടാറിട്ട നല്ല റോഡിലൂടെ ഒന്നര കിലോമീറ്റർ പോയതിനുശേഷം മല കയറാൻ തുടങ്ങി. കുതിര എന്നെയും കൊണ്ട് പാറക്കല്ലുകൾക്കു മുകളിലൂടെ ചാടി നീങ്ങി മാറിയപ്പോൾ ഇംതിയാസ് പറഞ്ഞു, മാഡം പേടിക്കേണ്ട താഴെ വീഴില്ല. എങ്കിലും ഞാൻ മോഹിച്ചു, ഒന്നു താഴെ ഇറങ്ങാൻ ഒരു നിരപ്പായ പ്രതലം കാണാൻ. മുക്കാൽ മണിക്കൂർ നേരത്തെ ഓട്ടത്തിനു ശേഷം ഇറങ്ങാനുള്ള സിഗ്നൽ കിട്ടി. വളരെ സാവധാനം ഇടതു കാലിലൂന്നി കുതിരപ്പുറത്തു നിന്നും ഇറങ്ങി. ചുറ്റും വൻ മലനിരകൾ, മഞ്ഞു മൂടിയ ശിഖരങ്ങൾ, അസ്ത്യുത്തരാം ദിശി ദേവതാത്മ , ഹിമാലയോ നാമ നഗാധിരാജ…
നിറയെ യാത്രികരുള്ളതുകൊണ്ട് വിജനമായ വനഭംഗി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിച്ച് വീണ്ടും കുതിരപ്പുറത്ത് കയറി മുന്നോട്ട്, നൌഗാം ഗ്രാമവാസിയായ ഇംതിയാസ് എന്നോട് സംസാരിക്കാൻ തുടങ്ങി. പത്താംതരം വരെ പഠിച്ചു, വീട്ടിലെ ബുദ്ധിമുട്ടുകൾ കൊണ്ട് പഠനം അവസാനിപ്പിച്ച് കുതിരക്കാരനായി. അച്ഛന് നല്ല സുഖമില്ല. അമ്മയും സഹോദരനും അച്ഛനും അടങ്ങുന്ന കുടുംബം ഈ വരുമാനം കൊണ്ട് പുലരുന്നു. സഹോദരിയെ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സഹോദരൻ പഠിക്കുന്നു. ഒരു തവണ താഴ്വാരം വരെ കൊണ്ട് പോയി തിരികെ വന്നാൽ മാലിക് 200 രൂപ കൊടുക്കും. ഒരു കിലോ സാധാരണ കാശ്മീരി അരിക്ക് 30 രൂപ വിലയുണ്ട്. അവരുടെ ഇഷ്ടഭക്ഷണം ചോറ് തന്നെയാണ്. റൊട്ടിയല്ല. 20 വയസ്സു മാത്രം പ്രായമുള്ള അവന് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരമുണ്ടെന്ന് ഞാൻ പറഞ്ഞു. പക്ഷേ അവനതു കണക്കിലെടുത്തതായി തോന്നിയില്ല. വീണ്ടും വീണ്ടും അബ്ബയുടെ അസുഖത്തെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു. ഇത്രയും സുന്ദരമായ പ്രകൃതിയും, പ്രകൃതി സമ്പത്തും, പണിയെടുക്കാനുള്ള മനസ്സും ഉണ്ടായിട്ടും ദാരിദ്ര്യത്തിൽ കഴിയുന്ന വലിയ വിഭാഗം ആളുകളിലൊരുവൻ. തൊഴിൽനിയമങ്ങളും, മിനിമം വെജെസ് ആക്ടും, ട്രേഡ് യൂണിയനുകളും ഒന്നും ഇവർക്കറിയില്ല. പിന്നീട് എന്തോ ഓർത്തെന്ന മട്ടിൽ ഇംതിയാസ് എന്നോട് പറഞ്ഞു, ദീദി ആപ് ടെൻഷൻ മത് ലീജിയേ, ദേഖിയേ കിത്നാ സുന്ദർ ഹൈ, ഹമാര ഗാവ്..അവനെപ്പോഴോ എന്നെ ദീദി എന്നു വിളിക്കാൻ തുടങ്ങിയിരുന്നു. മഞ്ഞുറഞ്ഞ് കിടക്കുന്നയിടങ്ങളിൽ കുട്ടികൾ മഞ്ഞു വാരിയെറിഞ്ഞു കളിക്കാനും തുടങ്ങിയിരുന്നു. ദേവദാരു വൃക്ഷങ്ങൾ അതീവ നിശബ്ദത പാലിച്ചു. കാറ്റ് കടന്നു വന്നതേയില്ല. കുതിരകൾ പുല്ലു തിന്നുകയും, ചെറിയ അരുവിയിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. കുതിരക്കാർ ചെറുപ്പക്കാർ അല്പം വിശ്രമിച്ചു. ഞാൻ മെല്ലെ നടന്നു നീങ്ങി. കുരങ്ങന്മാർ പുല്പ്പരപ്പുകളിൽ ചാടി മറിയുന്നുണ്ടായിരുന്നു. പച്ചപ്പട്ടിൽ വെളുത്ത വൈരക്കല്ലുകൾ പോലെ കൊച്ചു പൂക്കൾ, പുല്ലിൽ മലർന്നു കിടന്നു ആകാശത്തേക്ക് നോക്കിയപ്പോൾ ഒറ്റ കഴുകൻ വലം വയ്ക്കുന്നതും കണ്ടു. മുന്നോട്ടു മുന്നോട്ടു യാത്രയായപ്പോൾ കാടിന്റെ ഭംഗിയും വെള്ളച്ചാട്ടങ്ങളുടെ ഗാംഭീര്യവും അറിഞ്ഞു. ഇംതിയാസ് ഖാൻ ഏതോ ചെടിയുടെ വേരും കൊണ്ടു വന്നു. വളരെ വിലപിടിച്ചതാണ് എന്ന് പറഞ്ഞു. അതിന്റെ പേര് ഞാൻ ചോദിച്ചെങ്കിലും, അവൻ പറഞ്ഞ മറുപടി എനിക്ക് മനസ്സിലായില്ല. അതൊരഞ്ചാറെണ്ണം ലഭിച്ചാൽ മാർക്കറ്റിൽ വിൽക്കാമായിരുന്നു എന്നവൻ പറഞ്ഞു.
സമയം പോകുന്നത് അറിഞ്ഞതേയില്ല, ഞങ്ങൾക്ക് തിരിച്ചു പോരാനുള്ള സമയമായി
തിരികെയുള്ള യാത്ര എല്ലാവരെയും കുറച്ചു ബുദ്ധിമുട്ടിലാക്കി, കുന്നിൻ പള്ളയിലെ വരമ്പു പോലെയുള്ളവഴികളിലൂടെ കുതിര ചാടിയപ്പോൾ ഉറക്കെ നിലവിളികൾ കേൾക്കാമായിരുന്നു. ഞാൻ മേഘക്കുതിരയോടു ചോദിച്ചു, എന്നെപ്പോലെ ഒരുവളെ പുറത്തേറ്റി നീ തളർന്നോ എന്ന്. ഇംതിയാസ് മറുപടി പറഞ്ഞു, കുതിരക്കു തളർച്ചയില്ല, അവൻ സന്തോഷവാനാണ്. അവന്റെ മനസ്സ് എനിക്കറിയാം. തിരികെ റോഡിലേക്ക് പ്രവേശിച്ചപ്പോൾ എതിരെ വരുന്ന കാശ്മീരി വൃദ്ധൻ അഭിവാദ്യം ചെയ്യുന്നതും, ഇംതിയാസ് പ്രത്യഭിവാദ്യം ചെയ്യുന്നതും ഞാൻ കണ്ടു, കാശ്മീരിയിൽ അവരെന്താണ് പരസ്പരം പറഞ്ഞതെന്ന് ഞാൻ ചോദിച്ചു, യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന് വൃദ്ധൻ അന്വേഷിച്ചതാണ് എന്നവൻ പറഞ്ഞു, തുടർന്നു പറഞ്ഞു, ചേച്ചി, ഇവിടെയുള്ള മനുഷ്യര് വളരെ നല്ലവരാണ്, എല്ലാവരും സുഖമായും സന്തോഷമായും ജീവിക്കാൻ ആഗ്രഹിക്കുന്നവർ. ആപ്പിൾ പോലെ ചുവന്ന കവിളുകൾ ഉള്ള കുഞ്ഞുങ്ങൾ, ഫിരൻ ധരിച്ച സ്ത്രീ പുരുഷന്മാർ. എല്ലാവരും നല്ല ചന്തമുള്ളവർ. കുതിരപ്പുറത്തു നിന്നും ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു ഇംതിയാസ് ഖാൻ നീയും സുന്ദരനാണ് എന്ന്. അവൻ മറുപടി പറഞ്ഞു. ദീദി ഗഹരാ ഗം ഇധർ ച്ചോട്കേ ജാവോ, കാശ്മീർ യെ ഗം ലെ ലേംഗേ. നീ എന്താണ് പറയുന്നത് കുട്ടി എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു ദീദി ആപ്കെ ആംഖോം മേം സെ മുജെ പതാ ഹെ... . നിന്നെ ഞാൻ ഒരിക്കലും മറക്കില്ല ഇംതിയാസ് ഖാൻ മേഘക്കുതിരപ്പുറത്തു കയറ്റി എന്നെ കാടും, പുഴയും, മഞ്ഞും , വൃക്ഷങ്ങളും കാണിച്ചു തന്ന ചെറുപ്പക്കാരാ നിനക്ക് നല്ലത് വരട്ടെ, ഇൻഷാ അള്ളാ..

Saturday, 9 April 2016

എന്റെ പേര് സീത..

എന്റെ പേര് സീത.. 
രാമൻ മാനിനെ പിടിക്കാൻ പോയപ്പോൾ, 
ലക്ഷ്മണനാണ് എന്നെ വട്ടം വരച്ച് അതിനുള്ളിലാക്കിയത്., 
ഞാൻ ചോദ്യങ്ങൾ ചോദിച്ചൂന്ന്, 
ഞാൻ ഭയങ്കരിയാണെന്ന്. 
ജ്യേഷ്ഠനേക്കാൾ അധികാരി അനുജൻ,
പിന്നെയാണ് രാവണൻ വന്നത്
ചോദ്യങ്ങളൊക്കെ അപ്പഴും ഞാൻ ചോദിച്ചൂട്ടോ
നിലക്കാത്ത ചോദ്യങ്ങൾക്ക്
മറുപടി പറഞ്ഞ് മറുപടി പറഞ്ഞ്
പുഞ്ചിരിച്ചു കൈ നീട്ടി
വൃത്തത്തിൽ നിന്നെന്നെ പുറത്തു ചാടിച്ച്
പുഷ്പക വിമാനത്തിലേറ്റി
കാടും നഗരവും കടലും കടത്തി
അവൻ സുന്ദര നഗരിയിലെത്തിച്ചു
പിന്നെ വീണ്ടുമൊരു വൃത്തം വരയ്ക്കാതെ
കാറ്റിനും കിളികൾക്കും പൂമരങ്ങൾക്കും
എന്നെ മുഴുവനായും വിട്ടുകൊടുത്തു ..

അതെ, ഒരുപാട് കാലമായി......

സാമ്പത്തിക വർഷം അവസാനിക്കുമ്പോഴുള്ള ഫയൽ തിരക്കുകൾ അവസാനിപ്പിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങി, എന്നത്തേയും പോലെ പഞ്ച് ചെയ്ത് ഓഫീസിന്റെ ഗേറ്റ് കടക്കവേ, നെടുനീളത്തിൽ പുഞ്ചിരിച്ചു കൊണ്ട് സീനിയർ ഓഫീസർ; ഞങ്ങൾ രണ്ടും ഇന്ത്യയും പാകിസ്ഥാനും പോലാണെന്ന് മറ്റുള്ളോർ കരുതുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് എനിക്കുറപ്പുള്ളത് പോലെ അദ്ദേഹത്തിനും ഉറപ്പുണ്ടെന്ന് ആ പുഞ്ചിരിയിൽ നിന്നും വായിച്ചെടുത്തുകൊണ്ട്, മംഗള വനത്തിനരികിലെ ഡോക്ടർ സലിം അലി റോഡിലൂടെ നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പതിയെ നടന്നു പോകവേ അരികിൽ കാർ കൊണ്ടു വന്നു നിർത്തി പ്രിയ സഹപ്രവർത്തക വണ്ടിയിലേക്ക് കയറാൻ നിർബന്ധിച്ചു. കഴിവതും ആരുടേയും ലിഫ്റ്റ് സ്വീകരിക്കാത്ത ഞാൻ, പക്ഷേ ഇന്ന്, ഇല്ല, വരുന്നില്ല എന്ന് പറഞ്ഞില്ല, തിരക്കെല്ലാം കഴിഞ്ഞോ എന്ന കുശലാന്വേഷണം കേട്ടപ്പോൾ തലയാട്ടി. വണ്ടി ബാനർജി റോഡിലേക്ക് കയറിയപ്പോൾ എന്റെ ചങ്ങാതി കൂടിയായ സഹപ്രവർത്തക പറഞ്ഞു കഷ്ടം നമുക്കൊന്ന് സംസാരിക്കാൻ പോലും സമയമില്ല. പിന്നെ കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും നിങ്ങളെല്ലാം മനസ്സിലുണ്ടെന്ന മറുപടി കേട്ട് ചിരിച്ചു. എന്നെ റെയിൽവേ സ്റ്റേഷൻ വാതിൽക്കൽ ഇറക്കവേ പറഞ്ഞു, നമ്മളെല്ലാം ദില്ലീന്ന് വന്ന്ട്ട് കാലം കൊറേ ആയി ല്ലേ ..
അതെ, ഒരുപാട് കാലമായി. വർഷങ്ങൾ കടന്നു പോകുന്നത് അറിയുന്നില്ല.
ട്രെയിൻ കയറിയിട്ടും ഞാൻ അത് തന്നെ ഓർക്കുകയായിരുന്നു. കഴിഞ്ഞ നാൾ ഡയറക്ടർ ചേംബറിലേക്ക് തിരക്കിട്ട് നടന്നു പോകുകയായിരുന്ന എന്നെ ഓർമ്മയുണ്ടോ എന്ന ഒറ്റ ചോദ്യത്താൽ തിരിച്ചു പിടിച്ചു മെൽവിൻ. മനസ്സിലായില്ലല്ലോ എന്ന ഉത്തരത്തിൽ തളരാതെ പറഞ്ഞു . സെൻട്രൽ സെക്രട്ടറിയേറ്റിൽ ........ന്റെ കൂടെ ഉണ്ടായിരുന്നു. അയ്യോ എന്തൊരു മാറ്റം എന്ന് ഞാൻ പറഞ്ഞപ്പോൾ മെൽവിൻ പറഞ്ഞു, ജെന്നി ഒട്ടും മാറിയിട്ടില്ല.
മാറീട്ടില്ലെങ്കിൽ സന്തോഷം..
ഓർമ്മയിൽ നിന്ന് ഞാൻ രണ്ടു പുസ്തകങ്ങളും ഒരു പ്രണയക്കുറിപ്പും കണ്ടെടുത്തു. ആ നവംബറിൽ ഡെപ്യുട്ടെഷനിൽ മദ്രാസിലേക്ക് പോകുന്നതിനു മുൻപ് .....എനിക്കായി തന്നേല്പ്പിച്ചവ. മൊബൈലും, ഇന്റെർനെറ്റും ഒന്നും ഇല്ലാതിരുന്ന ദില്ലിക്കാലം. ഓഫീസ് ഫോണിൽ ആരും സ്വകാര്യ സംഭാഷണങ്ങൾ നടത്തിയിരുന്നില്ല. വളരെ സുരക്ഷിതമായി പോസ്റ്റിങ്ങ് കിട്ടിയ എനിക്ക്, നല്ല സുന്ദരമായി ഡ്രാഫ്റ്റ് ചെയ്യുന്ന, ശരിയല്ലാത്തത് കണ്ടാൽ ഉറക്കെ വിളിച്ചു പറയുന്ന, പൊട്ട ഇംഗ്ലീഷിൽ ഡ്രാഫ്റ്റ് വെട്ടിത്തിരുത്തുമ്പോൾ അത് കീറി മേലധികാരിയുടെ മുഖത്തേക്ക് വലിച്ചെറിയുന്ന, പ്രാരാബ്ധങ്ങൾക്കിടയിൽ സിവിൽ സർവീസ് സ്വപ്നം ഉപേക്ഷിക്കേണ്ടി വന്ന, നോർത്ത് ബ്ലോക്കിൽ നിന്ന് ഡോക്ടർ രാജേന്ദ്ര പ്രസാദ് റോഡിലുള്ള, ഞങ്ങളുടെ മന്ത്രാലയത്തിൽ വല്ലപ്പോഴും വരുന്ന ആ പാവം ചെറുപ്പക്കാരനെ ഓർമ്മ വന്നു. അവനെപ്പറ്റി പറഞ്ഞപ്പോൾ മെൽവിന്റെ കണ്ണുകൾ തിളങ്ങി. ഇപ്പൊ അണ്ടർ സെക്രട്ടറി ആണ് . മിനിസ്ട്രില് , ഒരു കുഞ്ഞു മോനുണ്ട്, പ്രാരാബ്ധങ്ങൾ തീർത്തു വിവാഹം കഴിച്ചപ്പോൾ വൈകിപ്പോയി. വീട് മാറ്റങ്ങൾക്കിടയിൽ ആ പുസ്തകങ്ങളും കുറിപ്പും എനിക്ക് കൈ മോശം വന്നു, എങ്കിലും അതിലെ അവസാന വരികൾ ഇങ്ങനെ ആയിരുന്നു. I am a renegade, I am unable to guard your innocent soul. ഒരു വിരൽത്തുമ്പു കൊണ്ടു പോലും നോവിക്കാത്ത ആ സ്നേഹത്തിന്റെ കരുതല്, കാക്കല്, അന്ന് കണ്ടില്ല, അത് അത്ര വലുതായി തോന്നിയില്ല....... കാലം പഠിപ്പിക്കുന്ന കുറേ പ്രണയപാഠങ്ങൾ പഠിച്ചെടുത്തുകൊണ്ട്, ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ,ഞാനെന്റെ പൂച്ചെടികൾക്ക് വെള്ളമൊഴിക്കട്ടെ..

വീടും വീട്ടുകാരനുമില്ലാത്തവൾക്ക്



വീടും വീട്ടുകാരനുമില്ലാത്തവൾക്ക്
ആരേയുമൊന്നിനെയും കാത്തിരിക്കാനില്ലാത്തവൾക്ക് 
രാവും പകലും ഒരുപോലെ,
കാറ്റത്തിട്ട പതിരുപോലെ
അവളങ്ങു പാറിപ്പാറിപ്പോകും.
തെങ്ങിൻ തോപ്പും, ഞാലും, പുഴയും കടന്ന്,
കോടേരി കുന്നു കേറും.
വീണ്ടും മുള പൊട്ടും, കനം വയ്ക്കും, പാലൂറും.
വിളവെടുക്കാൻ, വീടും, വീട്ടുകാരും,
നാടും, നാട്ടുകൂട്ടവും, ഞാൻ, ഞാൻ
ഞങ്ങൾ, ഞങ്ങളെന്നലറും ..

---------------------------------------------------------------------------------------------------------------------
വീടും വീട്ടുകാരനും ഇല്ലാത്തവൾക്ക് മാത്രല്ല, വീടും വീട്ടുകാരും ഇല്ലാത്തവനും .....
---------------------------------------------------------------------------------------------------------------------
വീടും വീട്ടുകാരിയും ഇല്ലാത്തവന് 
കനവില് മാത്രം നിലാവും കടലുമുള്ളവന്,
അവൻ മുഷിഞ്ഞ മുണ്ടു പോലെ,
പിന്നാമ്പുറത്തെങ്ങാണ്ട് ചുരുണ്ടു കൂടി കിടപ്പുണ്ട്.
ഒരേയൊരുമ്മയാൽ ഉണർന്ന്,
അഴുക്കെല്ലാം തൂത്തെറിഞ്ഞ്,
പിന്നെ പെരിയ ശാഖികൾ പടർത്തി
തണലായി, ഉണ്മയായ് വീണ്ടും,
വിതയ്ക്കാൻ ഒരുങ്ങുന്നുണ്ട്.
പ്രണയത്തിൻ പ്രാചീന വിത്തുകൾ...
വീടും വീട്ടുകാരും , നാടും നാട്ടുകൂട്ടവും
ഭയക്കുന്നുണ്ട്, നടുങ്ങുന്നുണ്ട് ..
അന്തകവിത്തിനെ വെല്ലുന്ന പ്രാണനെ ..