സ്ഥിരമായി ജനവാസമില്ലാത്ത, ശ്രീനഗറിന് വടക്കു കിഴക്കുള്ള സോനാമാർഗ്, ചൈനയെ മെഡിറ്ററേനിയൻ തീരവുമായി ബന്ധിപ്പിക്കുന്ന പഴയ സിൽക്ക് റൂട്ടിന്റെ പ്രവേശന മാർഗ്ഗം ആണ്. ശ്രീനഗറിൽ നിന്ന് ലഡാക്കിലേക്കുള്ള NH 1 ഡിയിലൂടെ പത്തെൺപത്തഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സോനാമാർഗിലെത്തും. ഝെലം നദിയുടെ പോഷകനദിയായ നല്ലാ സിന്ധിന്റെ കരയിലൂടെ കാശ്മീരിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ച് സോനാമാർഗിലെത്താം. സമതല പ്രദേശങ്ങളിൽ നിന്നു വരുന്നവരെ സ്വർണ്ണത്തിന്റെ ഈ ശാദ്വലപ്രദേശം ഹരം കൊള്ളിക്കും. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ താഴ്വാരത്തു നിന്നും നിറയെ മഞ്ഞു മൂടിയ ഈ പ്രദേശത്തെത്തുമ്പോൾ, ഇന്ത്യയുടെ തെക്കേ അറ്റത്തെ താമസക്കാർക്ക് അതൊരു അനുഭൂതിദായകമായ കാഴ്ചയാണ്. ബരഫ് മേം ഖേൽ സക്തേ ഹൈ, ബരഫ് ഹാത്ത് മേം ലെ സക്തെ ഹൈ ---ഏതൊരു ടൂറിസ്റ്റിനെയും പ്രലോഭിപ്പിക്കാൻ കാശ്മീരി ഗൈഡുകൾ, കുട്ടികളുടെ മുന്നിൽ കളിക്കോപ്പെന്ന പോലെ വാരി വിതറുന്ന വാചകങ്ങൾ.
ലെ -ലഡാക്ക് റോഡിലൂടെ കടുക്പൂത്തു നിൽക്കും ഗന്ദർബാൽ, കങ്കൻ, ഗുണ്ട് എന്നീ സുന്ദരപ്രദേശങ്ങളിലൂടെ കടുപ്പം കുറഞ്ഞ പാൽച്ചായയുടെ നിറത്തിലൊഴുകുന്ന സിന്ധ് നദിയുടെ തീരത്തൂടെ മുന്നോട്ടു മുന്നോട്ടു പോകുമ്പോൾ അകലെ മഞ്ഞു മൂടിയ പർവ്വതശിഖരങ്ങൾ കാണാമായിരുന്നു. യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ വെറും രണ്ടു കഷണം ബ്രെഡ് കൊണ്ട് പ്രാതൽ കഴിച്ചെന്നു വരുത്തിയെങ്കിലും വിശപ്പും ദാഹവും ഒട്ടും തന്നെ ആരെയും അലട്ടിയിരുന്നില്ല എന്നതാണ്. ചുറ്റും പൂത്തു നിന്നിരുന്ന ആപ്പിൾതോപ്പുകൾ പോലും, ഭക്ഷണത്തെക്കുറിച്ച് ആരെയും ഓർമ്മപ്പെടുത്തിയില്ല. എല്ലാവരും അത്രമാത്രം പ്രകൃതിയിൽ മുഗ്ദ്ധരായി പോയിരുന്നു.
ഏതൊരു നാട്ടിൽ ചെന്നാലും അവിടെയുള്ള മനുഷ്യരുമായി ചങ്ങാത്തം കൂടി അവരോടു സംസാരിച്ച് അവരിലൊരാളാവണം എന്ന അദമ്യമായ ആഗ്രഹം ഉള്ളിൽ ഉറവെടുക്കാറുണ്ട്. എസ്കിമോകൾടെ നാട്ടിൽ ചെന്നാലും അവരോടു പേശാൻ നിൽക്കും എന്ന കളിയാക്കലുകൾ പണ്ട് ഒത്തിരി കേട്ടിട്ടുണ്ട്. പക്ഷേ, ചത്തേ ചതഞ്ഞേ മട്ടിൽ മഴ നനുക്കനെ ചാറിക്കൊണ്ടിരിക്കുന്ന ഒരു പതിനൊന്നുമണി സമയത്ത് സൂര്യൻ ഒട്ടും വെളിപ്പെടാത്ത മഞ്ഞു മൂടിയ ആ ഭൂഭാഗത്ത് ഞങ്ങളുടെ ചുറ്റും പഞ്ചസാരയിൽ ഉറുമ്പെന്ന പോലെ തടിച്ചു കൂടിയ കാശ്മീരി ചെറുപ്പക്കാരോട് എനിക്കൊട്ടും ഇഷ്ടം തോന്നിയില്ല. ചക്രങ്ങൾ ഘടിപ്പിച്ച പലകകളിൽ (സ്ലെജ്) ഞങ്ങളെ ഇരുത്തി മഞ്ഞിലൂടെ സവാരി ചെയ്യാം, കുതിച്ചു പായാം, നല്ല രസമാണ് എന്നെല്ലാം അവർ പറയുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞുമലകളും ഫിർ മരങ്ങളും, അകലേക്ക് ലഡാക്കിലേക്ക് നീളുന്ന റോഡും, എങ്ങോ മറഞ്ഞുപോയ സൂര്യനും..... പക്ഷേ ഇതൊന്നും കാണാൻ അനുവദിക്കാതെ ഞങ്ങളുടെ കൂടെ, ഞങ്ങളുടെ കൂടെ എന്ന് ആർത്തട്ടഹസിക്കുന്ന ഒരു സംഘം സ്ലെജ് ഓപ്പറേറ്റർമാരും..ദീദി ദൊ ദിൻ കെ ബാദ് മേരാ ബാരി ആയാ ഹൈ, മേരെ സാത് ആനാ ..തുടങ്ങിയ യാചനകളും മനം മടുപ്പിച്ചു. അവർ അത്രമാത്രം ദാരിദ്രരായിരുന്നു. പക്ഷേ കുറച്ചു മണിക്കൂറുകൾ മാത്രം അവിടെ ചിലവഴിക്കാൻ എത്തിയ എനിക്ക് ഒട്ടും താല്പര്യമില്ലാത്ത സ്ലെജ് യാത്രക്ക് നിർബന്ധിക്കുന്ന ചെറുപ്പക്കാരനോട് നീരസം തോന്നി. ഒഴിവാക്കാനായി ഞാൻ പറഞ്ഞു, ഞങ്ങളുടെ നാട്ടിലെ സ്ത്രീകൾ സ്ലെജ് യാത്ര ഇഷ്ടപ്പെടുന്നില്ല എന്ന്. പിന്നെ ഉദാരമതിയായ എന്റെ അനുജൻ അവരോട് നിങ്ങൾക്കെന്തു വേണം എന്നു ചോദിക്കുന്നതും, അവരെ സന്തോഷിപ്പിക്കുന്നതും കണ്ട്, തെർമൽ വസ്ത്രങ്ങളും ബൂട്ടും ധരിച്ച് മഞ്ഞു മല കയറി.
വളരെ സൂക്ഷിച്ച്, കാൽ മഞ്ഞിൽ പുതയാതെ, ശ്വാസമെടുത്ത്, ആവോളം ആസ്വദിച്ച് മുന്നോട്ടു കയറി കയറിപ്പോയി. മുകളിൽ നിന്നും നോക്കുമ്പോൾ ലെ -ലഡാക്ക് റോഡും, പച്ചച്ചായമടിച്ച മേൽക്കൂരകളോട് കൂടിയ കെട്ടിടങ്ങളും, മഴ മാറി തെളിഞ്ഞ ആകാശവും , ഒട്ടും തീക്ഷ്ണതയില്ലാത്ത സൂര്യനും, ഫിർ മരങ്ങളും, താഴ്വാരങ്ങളും കണ്ടു. കുട്ടികൾ മഞ്ഞു വാരിയെറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു. നിരാശയേതുമില്ലാതെ സ്ലെജുകാർ നടന്നു നീങ്ങുന്നുമുണ്ടായിരുന്നു, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്ടിലെ കീറിയ ഫിരൻ ധരിച്ച ദരിദ്രക്കൂട്ടങ്ങൾ... തിരിച്ചെതിർക്കാൻ ത്രാണിയില്ലെന്നു കരുതുന്നവന്റെ എല്ലാമെല്ലാം കൈവശപ്പെടുത്താൻ മിടുക്കൻമാരായ, നാണമേതുമില്ലാത്തവർ ചുറ്റുമുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ മോഹിച്ചു പോകുന്നു മഞ്ഞുമലകൾക്കു മുകളിൽ സൂര്യൻ വിതറുന്ന പൊൻനാണ്യങ്ങൾ കുറച്ചെങ്കിലും ഈ ദരിദ്രജനതക്ക് ഉപകാരപ്പെടുമെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്
No comments:
Post a Comment