ഞാൻ കണ്ടിട്ടുള്ള ആദ്യ പ്രവാസി മുത്തശ്ശൻ ആണ്, എന്റെ അമ്മയുടെ അച്ഛൻ സിംഗപ്പൂർ നേവൽ ബേസിൽ engine ഫിറ്റർ ആയി ജോലി ചെയ്തിരുന്ന കാലത്താണ് അദ്ദേഹം നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ ഭടനായി ചേർന്നത്. അതി സുന്ദരനായ സൗമ്യനായ എന്റെ മുത്തശ്ശൻ ഭാരതത്തിലെ അനേകമനേകം മനുഷ്യരെപ്പോലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി സ്വപ്നം കണ്ട് സമരഭടനായി ഈ നാടുകളിൽ അനേക വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട്. എന്റെ 'അമ്മയും അമ്മൂമ്മയും പറഞ്ഞു തന്നിട്ടുള്ള കഥകൾ ഓർത്തു കൊണ്ട് ഇരിക്കുമ്പോൾ സഹയാത്രികരായ രണ്ടു പേർ വളരെ സ്നേഹത്തോടെ തനിച്ചാണോ എന്ന് ചോദിച്ചു. മദ്രാസിൽ നിന്നുള്ള രാമചന്ദ്രൻ അങ്കിളും ബിന്ദു ആന്റിയും അടുത്ത എട്ടു ദിവസങ്ങളിൽ ഞങ്ങൾ ഒരു ടീം ആയിരുന്നു. എൺപതു കഴിഞ്ഞ അങ്കിളിന്റെയും ആന്റിയുടെയും ഉത്സാഹം ബാക്കി സംഘാംഗങ്ങളിലേക്കും പകർന്നു.
കോലാലംപൂരിൽ നിന്ന് ഷാങ്ഗയിലേക്കാണ് ഇനി യാത്ര ദക്ഷിണ ചൈന കടൽ കുറുകെ കടന്നു വിയറ്റ്നാമും കഴിഞ്ഞു ഞങ്ങൾ ഏകദേശം മൂന്നുമണിയോടെ ഷാങ്ഗയിൽ എത്തി. നവംബർ അഞ്ചിന് പൂർണ്ണമായും വിശ്രമം തന്നെയായിരുന്നു. സുഖകരമായ തണുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശാലമായ റോഡുകളും ഗംഭീരമായ കെട്ടിട സമുച്ചയങ്ങളും ശാന്തമായ് ഒഴുകുന്ന ഹുയാങ്പ് നദിയും ഞങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. ജീവിതം ജീവിച്ചു സങ്കീർണ്ണമാക്കുന്നവരാണ് നമ്മൾ എന്ന് എനിക്ക് തോന്നി .
പ്രിയപ്പെട്ടവരെ കാണാനായി എന്നും ഒത്തിരി യാത്ര ചെയ്യേണ്ടി വരുന്ന ആളായതു കൊണ്ട് അതിവേഗ തീവണ്ടികൾ എന്നിൽ ആശ്വാസവും അത്യാഹ്ലാദവും നിറയ്ക്കും. മൈസൂർ ബാംഗ്ലൂർ യാത്രയിൽ ജനശതാബ്ദിയും, വന്ദേഭരതും എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ ആദ്യമായാണ് 300 കി മീറ്റർ വേഗതയിൽ പായുന്ന ഒരു തീവണ്ടിയിൽ കയറിയത്. ഷാങ്ങായ് നിന്ന് ബെയ്‌ജിംഗിലേക്കു ഞങ്ങൾ അതിവേഗ ബുള്ളറ്റ് ട്രെയിനിൽ ആണ് സഞ്ചരിച്ചത്. ഏകദേശം നാല് നാലര മണിക്കൂർ കൊണ്ടാണ് 1200 കി മീറ്റർ താണ്ടി ബെയ്‌ജിങ്ങിൽ എത്തിയത്. വേഗതയെക്കുറിച്ചു നിങ്ങൾ ആ ട്രെയിനിൽ ഇരിക്കുമ്പോൾ ചിന്തിക്കുക പോലുമില്ല യാത്ര അതീവ സുഖപ്രദമാണ് എല്ലായിടത്തും കൗണ്ടറുകളിൽ നിങ്ങളുടെ പാസ്പോർട്ട് പരിശോധിക്കപെടും എന്ന് മാത്രം. അങ്ങനെ ഒരു ബുള്ളറ്റ് ട്രെയിൻ യാത്രയ്‌ക്കൊടുവിൽ നവംബർ എട്ടിന് ജാങ്കോ മരങ്ങൾ മഞ്ഞയിലകൾ പുതച്ചു നിൽക്കുന്ന മാവോയുടെ ബെയ്‌ജിങ്ങിൽ ഞങ്ങളുടെ സംഘം എത്തിച്ചേർന്നു.
ബീജിങ്ങിലെ ഏറ്റവും വലിയ ആകർഷണം ഫോർബിഡ്ഡൻ സിറ്റിയും ടിയാനെൻ മെൻസ്‌ക്വയറും വന്മതിലും ഒക്കെത്തന്നെയാണ്. നവംബർ ഒമ്പതിന് ടിയാനൻമെൻ സ്‌ക്വയർ, ഫോർബിഡൻ സിറ്റി, സൺ ടെംപിൾ എന്നിവ സന്ദർശിച്ചു. പിന്നെ ചൈനീസ് അക്രോബാറ്റിക് നൃത്തവും കണ്ടു. നവംബർ പത്തിനാണ് ചൈനീസ് വന്മതിൽ സന്ദർശനം. ഞങ്ങൾക്ക് നിയതമായ ഒരു യാത്ര പ്ലാൻ ഉണ്ട്. അതിൻപ്രകാരം ചാർട്ട് ചെയ്തു വച്ച സ്ഥലങ്ങൾ മാത്രമാണ് കാണാനാകുക. സംഘത്തിലെ ഏറ്റവും പ്രായം ചെന്ന രാമചന്ദ്രൻ അങ്കിൾ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു കൊണ്ട് വന്മതിൽ താൻ ഓടിക്കയറും എന്ന് പ്രഖ്യാപിച്ചു. നടക്കാൻ ഒരു കൈ സഹായം ബിന്ദു ആന്റിക്കു കൊടുത്തുകൊണ്ട് ഞാനും തയ്യാറായി.
ഏകദേശം രാവിലെ ഒമ്പതു മണിയോടുകൂടി ഞങ്ങൾ പുറപ്പെട്ടു. ഹുയറോ ഡിസ്ട്രിക്ടിലെ ജ്യുഓങ് പ്രദേശത്തു നിന്നു കയറാമെന്നു ഗൈഡ് പറയുന്നുണ്ടായിരുന്നു. താമസസ്ഥലത്തു നിന്ന് ഏകദേശം ഒന്നര രണ്ടുമണിക്കൂർ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞ വയലുകൾക്കു നടുവിലൂടെ നല്ല ചെങ്കതിർ സൂര്യന്റെ വെയിലേറ്റു നനുത്ത തണുപ്പിലൂടെ മനോഹരമായ വീതിയേറിയ പാതയിലൂടെ ബസ് സാമാന്യം നല്ല വേഗതയിൽ ഓടി. ബീജിങ്ങിനെ അതിരിടുന്ന ജുണ്ട് മലനിരകൾ അകലെ കാണാം. മംഗോളിയൻ പ്രദേശത്തോടെയുള്ള അധിനിവേശത്തെ ചെറുക്കാൻ ആയിരകണക്കിന് മനുഷ്യരുടെ നൂറ്റാണ്ടുകളിലൂടെയുള്ള പ്രയത്‌നം. പല പല രാജവംശങ്ങൾ അവരുടെ അധികാരം, സമ്പത്ത് , ക്രിസ്തുവിനു മുൻപ് ഏഴാം നൂറ്റാണ്ടു മുതൽ തുടങ്ങിയ നിർമ്മാണം, ക്വിൻ രാജവംശം,മിംഗ് രാജവംശം....വന്മതിലിൽ ഇടവിട്ടിടവിട്ട് നിരീക്ഷണ ഗോപുരങ്ങൾ, ബാരക്കുകൾ, സൈന്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങൾ. ഗൈഡ് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. രാജഭരണകാലത്ത് സിൽക്ക് റൂട്ടിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനും, നികുതി പിരിവുകൾക്കും വന്മതിലിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഏകദേശം ഇരുപത്തിരണ്ടായിരം കിലോമീറ്റർ. തനിക്ക് വന്മതിലിലെ ചവിട്ടുപടികൾ കയറാനാകും എന്നും കഴിയുന്നത്ര താൻ കയറി വരാം എന്നും ബിന്ദു ആന്റി പറഞ്ഞു. ബസ് പാർക്കിംഗ് ഏരിയയിൽ നിർത്തിയപ്പോൾ എല്ലാവരും ഇറങ്ങി, നമ്മൾ ചിത്രങ്ങളിൽ കണ്ടിട്ടുള്ള വന്മതിൽ അകലെ കാണാമായിരുന്നു. ഞങ്ങൾ മെല്ലെ നടന്നു. ഏകദേശം 300 മീറ്റർ നടന്നപ്പോൾ വന്മതിലിലേക്കു കയറാം. നല്ല ഭംഗിയിൽ കെട്ടിപ്പടുത്ത ചവിട്ടുപടികൾ ഇടയിൽ നിരീക്ഷണ ഗോപുരങ്ങൾ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മനുഷ്യർ തിക്കിത്തിരക്കി കയറുന്നു. സിമന്റു നിറത്തിലുള്ള ചവിട്ടുപടികൾ ഇരുവശത്തും കല്ലുകൾ കൊണ്ട് പടുത്ത മതിൽ ഒരു അഞ്ച് മീറ്റർ അകലത്തിൽ. ഞങ്ങൾ ഫോട്ടോ എടുത്തും, കൂട്ടം തെറ്റാതിരിക്കാൻ കൈ കോർത്തു പിടിച്ചും നടന്നു. ബിന്ദു ആന്റി, സുഷമചേച്ചിയും കുറച്ചു കയറിയതിനുശേഷം ഒരു പാർശ്വ ഗോപുരത്തിന്റെ നിരപ്പായ ഭാഗത്തു ഇരുന്നു. ഞാനും ജോസഫയ്‌നും മുകളിലേക്ക് കയറി. ചുറ്റും കണ്ണെത്താദൂരത്തോളം മലനിരകൾ, ഞങ്ങൾ കയറിപോന്ന വഴി മനുഷ്യരെക്കൊണ്ട് നിറഞ്ഞു വളഞ്ഞു പുളഞ്ഞു കാണാം. ചാരനിറമുള്ള മലനിരകൾ. അതിൽ മഹാനിർമ്മിതി. കല്ലും മണ്ണും ഉപയോഗിച്ച് മുകളിലേക്ക് പോകുന്നു. സമയ പരിമിതിമൂലം ഞങ്ങൾ ഒത്തിരി കയറിയില്ല. ഏകദേശം 800 പടികൾ കയറി തിരിച്ചിറങ്ങി. മനുഷ്യന്റെ കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യത്തിനും ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കൂ എന്ന് പറഞ്ഞാൽ ഗ്രേറ്റ് വാൾ ഓഫ് ചൈന ചൂണ്ടിക്കാട്ടി നമുക്ക് നിശ്ചയമായും ഇതാണ് എന്ന് പറയാം.. ജീവിതം അതിന്റെ അനിശ്ചിതത്വങ്ങളിൽ നമ്മളെ അമ്പരപ്പിക്കുമ്പോൾ, കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നമ്മൾ മനുഷ്യർ പറയും ഞങ്ങൾ അത്ര മോശക്കാർ ഒന്നും അല്ല. കണ്ടില്ലേ ഞങ്ങളുടെ നിർമ്മിതികൾ.
ചീനച്ചട്ടിയും, ചീന മുളകും, ചീനഭരണിയും ഉള്ള എന്റെ അടുക്കളയിൽ നിന്ന് ചീനവലകൾ കുട പിടിക്കുന്ന ഈ പടിഞ്ഞാറൻ തീരത്തിന്റെ അസ്തമന സൂര്യനെ നോക്കുമ്പോൾ ചൈന അത്ര ദൂരെയല്ല എന്ന് തോന്നുന്നത് എനിക്ക് മാത്രമല്ലല്ലോ..

.jpeg)
.jpeg)


No comments:
Post a Comment