വല്യമ്മായിക്ക് അതിർത്തി ഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ഛ)യ ആയിരുന്നു. അവർവീട്ടിൽവരുമ്പോഴെല്ലാം കുട്ടികൾക്ക് വല്യ ഉത്സാഹമായിരുന്നു. എല്ലാരോടും സ്നേഹം മാത്രം ഉള്ളഅമ്മായി. അച്ഛന്റെപൊന്നുമോൾ. പത്താം വയസ്സിൽ കെട്ടുകല്യാണം കഴിഞ്ഞ്, നാടടക്കം സദ്യ കൊടുത്തഅച്ഛൻ. അതിസുന്ദരി അമ്മ. വീട്ടിലെ ആദ്യ സന്തതി, ലക്ഷ്മി എന്ന അമ്മാളു അമ്മായി അവരുടെ കുട്ടിക്കാലത്ത് എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. എന്നാൽ പുതു തലമുറ അവരെ ഓർത്തെടുത്തത് ആ മൂന്നു കല്യാണം കഴിച്ച അമ്മായി അല്ലേ എന്നാണ്. ഒരു തവണ മകൻ അവരെ വീട്ടിൽ നിന്നും തല്ലി ഇറക്കുകയുണ്ടായി, അന്ന് അവർ ഒരു ചെറിയ ബാഗിൽ കുറച്ചു വസ്ത്രങ്ങളുമായി വീട്ടിൽ വന്നു കയറിയപ്പോഴാണ് അങ്ങനെ ഒരാൾ ആ വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞു വർഷങ്ങൾക്കു മുൻപ് പോയതാണെന്നും അവർക്കും കൂടി ഉള്ള വീടാണ് അത് എന്നും വീട്ടിലുള്ള മറ്റംഗങ്ങൾ ആലോചിച്ചു പരിഭ്രാന്തരായത്. യഥാർത്ഥത്തിൽ അവർ ഭർതൃഗൃഹത്തിൽ എന്താണ് നടന്നതെന്ന് ആരോടും വെളിപ്പെടുത്തുകയുണ്ടായില്ല. അവർ സ്വന്തം ബുദ്ധിമുട്ടുകൾക്ക് ആരെയും കുറ്റപ്പെടുത്തിയില്ല.തറവാട്ടിൽ താമസിക്കുന്ന കുഞ്ഞാങ്ങളയോടു പറഞ്ഞു, «ഡാ നിന്നെ കാണാൻ തോന്നി ഞാൻ ങ്ങ്ട് പോന്നു «. മുപ്പതു വയസ്സിന് ഇളയതായ ആങ്ങള പറഞ്ഞു അതിനെന്താ ഓപ്പോളേ നമുക്ക് ഇവടെ കൊറച്ചൂസം കൂടാലോ, വീട്ടില് ചെക്കനോട് ഞാൻ വിളിച്ചു പറഞ്ഞോളാം എന്ന്. പിന്നെയും കുറേ ദിവസം കഴിഞ്ഞാണ് അവരുടെ മക്കൾ അന്വേഷിച്ചു വന്നത്.
അപൂർവാവസരങ്ങളിൽ ഒഴികെ അമ്മായി ആ തറവാട്ടു വീട്ടിൽ പാർക്കാൻ വന്നില്ല. മരണത്തിനും കല്യാണത്തിനും മാത്രം കൃത്യമായി എത്തിയിരുന്ന അവരുടെ തറവാട്ടിലെ താമസം മറ്റുള്ളവരെ ചെറുതായി അലോസരപ്പെടുത്തി. നീണ്ട മൂക്കും വലിയ കാതും എപ്പോഴും സൌമ്യമായ മുഖവുമായി അവർ ഉമ്മറത്ത് കാലും നീട്ടി ഇരുന്നു എങ്കിലും, ഉള്ളിനുള്ളിൽ നാത്തൂന്മാർ പിറുപിറുത്തു, ഹും തള്ള എന്നാണാവോ പോണത്.
ഉമ്മറത്ത് ഇരുന്ന കഥാകുതുകിയായ കുഞ്ഞനന്തരവളോട് അമ്മായി ചോദിച്ചു , കുട്ട്യേ, ന്റെചെറുപ്പത്തില്തെക്കോറത്ത് ഒരു വല്യ കോൽപ്പുളി മരം ണ്ടാർന്നു, അതെന്നാ മുറിച്ചേ? ഓ... അതുമ്മേ ഒരുശതാവരി വള്ളിയുംമുല്ലയും പടർന്നുണ്ടാർന്നു. നാണ്വേട്ടനും ഞാനും കളിച്ചേർന്നത് അവ്ടെ ആർന്നു. കഥകേട്ടു വന്ന മൂത്ത നാത്തൂൻചോദിച്ചു ഓപ്പോൾ മരം മുറിച്ച കണക്കെടുക്കാൻ വന്നതാണോ എന്ന്.മറുപടിയായി സമധാനിയായ അവർ പറഞ്ഞു,എന്റെ തങ്കേ ഞാന്വ്ടുന്നു പോയിട്ട് എത്ര കാലായി,എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നതാട്യേ , ഓ ന്റെ ഒരുനശിച്ച ഓർമ . അമ്മായിക്ക് സങ്കടം വന്നുഎന്ന് മനസ്സിലായ അനന്തരവൾ തന്ത്രത്തിൽ അമ്മയോട് പറഞ്ഞു, അമ്മേഎനിക്ക് പഠിക്കാൻ കുറച്ചുസഹായിക്കണം കണക്ക് ഒന്ന് നോക്കി പറഞ്ഞു തര്വോ, അത് കേൾക്കേണ്ട താമസം പിജിക്ലാസ്സിലെ തിയറംനോക്കാൻ ടെക്സ്റ്റ് ബുക്കും കൊണ്ട് അമ്മ മണ്ടിപ്പാഞ്ഞു പോകും എന്ന് അവൾക്ക്അറിയാമായിരുന്നു.അനന്തരവൾ ചോദിച്ചു, അമ്മായി പറയു ആരാ നാണുവേട്ടൻ, അമ്മായിയുടെ നനഞ്ഞ കണ്ണുകൾ തിളങ്ങുന്നതും, അവർ പുഞ്ചിരിക്കുന്നതും അവൾ കണ്ടു. അമ്മായി പറയാൻ തുടങ്ങി നാണുവേട്ടൻ, നാണുമ്മാൻ നീ അറീല്ലേ.. അനന്തരവൾ ചോദിച്ചു അത് നമ്മടെ സാമി മാമനല്ലേ, കൂമ്പുഴ അമ്പലത്തിലെ ഓൾ ഇൻ ഓൾ, ഞങ്ങൾ ഒരു വട്ടപ്പേര് ഇട്ടുണ്ട് വെടി വഴിപാട് ന്നു. എന്നെ കെട്ട്ല്ല്യാണം കഴിച്ചത് നാണുവേട്ടനാർന്നു.വലുതായിട്ടും ഞങ്ങൾ നല്ല ചേർച്ച ആയിരുന്നു. ഞാൻ നല്ല ഭംഗി ഉണ്ടാർന്നെ, എന്റെ തോട തന്നെ ഒരു അടക്കടത്രേ ഉണ്ടാർന്നു. എന്ന്ട്ട് എന്താ ണ്ടായേ രണ്ടും രണ്ടു വഴീൽ ആയില്ലേ. അനന്തരവൾ പറഞ്ഞു അമ്മായി പറയ് എന്താ കെട്ടുകല്യാണം, പിന്നെ നിങ്ങളെന്താ ഒന്നിച്ചു കഴിയാഞ്ഞേ അമ്മായി പറഞ്ഞു, അച്ഛൻ എല്ലാക്കാലത്തും, തനിയെ നടന്ന ആളാർന്നു, അത് നിക്കറിയാം , അമ്മായീ എന്ന് അനന്തരവൾ പിന്താങ്ങി. അച്ഛച്ചനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വീരേതിഹാസങ്ങൾ കുറേ അവൾ കേട്ടിട്ടുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനും, മുൻപ്, കഠിനമായ, ശുദ്ധാശുദ്ധങ്ങൾ നിലനിന്നിരുന്ന കാലത്തു അദ്ദേഹം, ഒന്നിനേയും കൂസാത്ത, പ്രകൃതക്കാരൻ, എല്ലായിടത്തും ഓടിയെത്തി. കമ്മ്യൂണിസ്റ്റ് നേതാക്കളെ വീട്ടിലൊളിപ്പിച്ചു. അമ്മായി പറഞ്ഞു. എന്റെ കെട്ടുകല്യാണവും അങ്ങിനെയാണ് കഴിഞ്ഞത്. സാധാരണ അച്ഛനാണ് കെട്ടുകല്ല്യാണത്തിനു താലി കെട്ടാറ് പക്ഷേ അച്ഛൻ സമ്മതിച്ചില്ല. അച്ഛൻ പറഞ്ഞു. എന്റെ മോളെ നാണൂനെക്കൊണ്ട് കെട്ടുകല്ല്യാണത്തിനു താലി കെട്ടിക്കണം . വലുതാവുമ്പോ അവർ കല്യാണം കഴിക്കട്ടെ എന്ന്. അങ്ങനെ നാണുവേട്ടൻ ആണ് എന്നെ കെട്ട്ല്ല്യാണം കഴിച്ചത്. എനിക്കന്ന് പത്തു വയസ്സ് നാണുവേട്ടന് പതിമൂന്നും. പിന്നേം എന്തൊക്കെ നടന്നു കുട്ട്യേ, ജീവിതം എന്നെ ഏതൊക്കെ വഴീക്കൂടെ കൊണ്ടോയി. ഞാൻ എന്തോരം കണ്ണീരു കുടിച്ചു. അനന്തരവൾക്ക് അറിയാമായിരുന്നു, അമ്മായിയെ ആദ്യം കല്യാണം കഴിച്ചു കൊണ്ട് പോയത് തണ്ണീർപ്പന്തൽ എന്ന സ്ഥലത്തേക്കാണ് എന്ന്. അവിടെ പത്തു കൊല്ലം അവർ താമസിച്ചു. അവർക്ക് കുട്ടികൾ ഉണ്ടായില്ല. അവരെ «മച്ചി « എന്ന് വിളിച്ച് ആക്ഷേപിച്ചു. ഖാൻ സാഹിബിന്റെ കണ്ണുകൾ ഓർമ്മയിൽ വിതുമ്പുന്നത് അനന്തരവൾ കണ്ടു. അമ്മായി പറഞ്ഞു. എനിക്ക് നിലത്തു ചോറ് വിളമ്പി തന്നിട്ടുണ്ട്. ഞാൻ വിശപ്പുകൊണ്ട് അത് കഴിച്ചിട്ടും ഉണ്ട്. അന്ന് അടുക്കള ചാണകവും കരിയും കൂട്ടി മെഴുകുമായിരുന്നു. അടുക്കളയിൽ ചോറ് ഊറ്റുന്ന കൊട്ടക്കയിൽ കൊണ്ട് അമ്മായിഅമ്മ ഒരു വലിയ കയിൽ ചോറ് തന്നെയാണ് തനിക്കു തന്നിരുന്നത് എന്ന് അമ്മായി ഓർത്തു. തലയിണക്കുള്ളിൽ കരിയിലകൾ തിരുകി അവർ അമ്മായിക്ക് ഉറക്കത്തിന് താളവും ഇട്ടു കൊടുത്തു. നടുവൊടിയുവോളം വീട്ടുപണി ചെയ്ത് രാത്രി മയങ്ങുമ്പോൾ കരിയിലകൾ അവരുടെ ചെവിയിൽ കിന്നാരം പറഞ്ഞു.
പണിക്കോറം നിറയെ പണിക്കാരും ഉമ്മറം നിറയെ പൊന്നും ഉള്ള നിറഞ്ഞ തറവാട്ടിൽ ആണ് അമ്മായി ചെന്ന് കയറിയത്. അവരുടെ ഭർത്താവ് അമ്മയുടെ ചൊൽപ്പടിയിൽ നിന്നു. പ്രസവിക്കാത്ത പെണ്ണിന് ഒരു അവകാശങ്ങളും ആ വീട്ടില് കിട്ടിയില്ല. സ്വന്തം വീട്ടിൽ നിന്ന് കാൽനടയായി സഹോദരങ്ങളോ അച്ഛനോ വന്നപ്പോഴും അമ്മായി സങ്കടങ്ങൾ പുറത്തു കാണിച്ചില്ല. അയൽപ്പക്കത്തെ പാത്തുമ്മ ഒരുതവണ തണ്ണീർപ്പന്തലിലെ ബന്ധുവീട്ടിൽ ചെന്നപ്പോഴാണ് പ്രതാപികളായ സ്വർണ്ണപ്പണിക്കാരുടെ വീട്ടിലെ പെണ്ണിന് ഊണ് വെറും നിലത്താണ് എന്ന് അച്ഛച്ചൻ അറിയുന്നത്. അപ്പോഴേക്കും ഖാൻസ്സാഹിബു മുഖവുമായി അമ്മായി ആവതും സഹിച്ചു കഴിഞ്ഞിരുന്നു. അച്ഛൻ നേരിട്ട് ചെന്ന് പെണ്ണിനെ വിളിച്ചോണ്ട് പോന്നു എന്നാണ് അമ്മായി സ്വന്തം വിവാഹമോചനത്തെപ്പറ്റി പറഞ്ഞത്. ഞാൻ മച്ചി ആയതോണ്ട്, അവർക്ക് വേണ്ട, അച്ഛൻ പറഞ്ഞു എന്നാ ഇതങ്ങ്ട് തീർക്കന്നെ. എന്റെ മോൾ മച്ചിയൊന്നും അല്ല. അവൾക്കു ശൌര്യള്ള ആണുങ്ങടെ കൂടെ കഴിഞ്ഞാൽ കുട്ട്യോളുണ്ടാവും എന്ന്. എന്നെ അങ്ങന്യാട്യെ പിന്നേം പടിഞ്ഞാറൻ ദേശത്തേക്ക്, സുഭദ്രടെ അച്ഛന് കല്യാണം കഴിച്ചു കൊടുത്തത്. ഞാൻ അഞ്ചു പ്രസവിച്ചില്ലേ, അമ്മായി കണ്ണ് നിറക്കുകയും, അയ്യോ ന്റെ അച്ഛാ എന്ന് വിളിച്ചു നെഞ്ചത്തടിക്കുകയും ചെയ്തപ്പോഴാണ്, അനന്തരവൾ, കഥയല്ല കാര്യം തന്നെയാണ് കേട്ടത് എന്ന് ഞെട്ടിയുണർന്നത്. പക്ഷേ അമ്മായി വിട്ടില്ല അവർ പറഞ്ഞു. എന്റെ അച്ഛനു ഉപാസനമൂർത്തികൾ ഉണ്ടായിരുന്നു, അവരാണ് എന്നെ കാത്തത്. നാണുവേട്ടനെ കാക്കാൻ അവർക്കായില്ല, നീ പടിഞ്ഞാറ്റീലെ മൂർത്തികളുടെ കഥ കേട്ടുണ്ടോ? അനന്തരവൾ പറഞ്ഞു , ഉവ്വ് അമ്മായിയെ, ഇങ്ങനല്ലേ?
പടിഞ്ഞാറ്റിയിൽ വിഷ്ണുമായ പ്രതിഷ്ഠയും, തറവാട്ടുകാർക്കു പൊതുവായി കാവും, പിന്നെ ചാത്തന് കാവൽ കോന്നൻ പടിപ്പുറത്തും ഇരുന്നിരുന്നു. കോന്നൻ കീഴ്ജാതിക്കാരൻ ആയതിനാൽ, മുറ്റത്തോ, അകത്തോ പ്രവേശനം കിട്ടിയില്ല. ചാത്തൻ, ചിറ്റണ്ട മനക്കൽ നിന്ന് തിരിപ്പുറത്ത് വന്നു. അതുകൊണ്ട് തന്നെ ചാത്തനാളത്തിന് ഉടുക്ക് കൊട്ടുമ്പോൾ, “ചിറ്റണ്ട”, “ചിറ്റണ്ട” എന്ന് ഉടുക്കുകൾ ശബ്ദിച്ചു. മനക്കൽ സ്വർണപ്പണിക്ക് പോയ തട്ടാൻ കാർന്നോരോട്, തിരിച്ചു പോകുന്ന അന്ന്, നമ്പൂരി പറഞ്ഞൂത്രേ, രാമ, ഈ തിരി കൈയ്യിൽ ഇരിക്കട്ടെ, രാത്രി ഇരുട്ടത്ത് കത്തിച്ചു നടന്നോളുണ്ട്, കൂടെ ഒരാളുള്ള പോലെ തോന്നും തിരിഞ്ഞു നോക്കരുത്. വീടിന്റെ പടിപ്പുര എത്താറാവുമ്പോൾ തിരി പുറകോട്ടിടണം എന്ന്. തിരി തെരക്കുമ്പോൾ നമ്പൂരി പറഞ്ഞിരുന്നൂന്ന്, നീ പോയ് വായോട്ടാ, നീ പോയ് വായോട്ടാ...
എന്നാൽ വീട്ടിലെത്തിയ കാർന്നോർ തിരി പുറത്തിടാൻ മറന്നു. കുറച്ചു ദിവസത്തെ വിരഹത്തിനു ശേഷം വീട്ടുകാരെ കണ്ട അദ്ദേഹം സന്തോഷാതിരേകത്താൽ വീടുമായി ലയിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിൽ പല ദുർഘടങ്ങളും ഉണ്ടായി. വീട്ടിനുള്ളിൽ ഇരുന്നിരുന്ന വസ്തുക്കൾ പുറത്തേക്ക് എറിയപ്പെട്ടു. വെച്ചോടത്തു കാണ് ല്യല്ലോ ഒരു സാധനോം എന്ന് തുടരെ പരാതികൾ, പോരാതെ എല്ലാവർക്കും രക്താതിസാരവും. നാല്കെട്ടും നടുമുറ്റവും ചുറ്റിക മേട്ടം കേൾക്കാൻ കൊതിച്ചു. സ്വർണ്ണത്തരികൾ മുറ്റത്ത് നൃത്തം ചെയ്യാതായി. ചിറ്റണ്ട മനക്കൽ ആള് പോയി, കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. നമ്പൂരി വഴി പറഞ്ഞു കൊടുത്തു, ചാത്തനെ വീട്ടകത്ത് പ്രതിഷ്ടിക്കാം എന്ന് ധാരണയായി. പടിഞ്ഞാറ്റി പണിതു. ഇടനാഴിയിലേക്ക് തുറക്കും വിധം കിഴക്കോട്ട് അഭിമുഖമായി. പടിഞ്ഞാറ്റിയിൽ യഥാവിധി പ്രതിഷ്ടിച്ചു. കലശം കഴിച്ചു. ചാത്തന് തൃപ്തിയായി. തറവാട്ടിൽ ഐശ്വര്യം ഉണ്ടായി. തട്ടാന്റെ പറമ്പും, തട്ടാന്റെ ഞാലും, ഒരു പ്രദേശം മുഴുവനും നിറഞ്ഞു. നാട്ടിൽ എന്തെങ്കിലും നഷ്ടപ്പെട്ട് പോയാൽ നഷ്ടമായവൻ ചാത്തന് കള്ളും തവിടും നേർന്നു. അത് വീണ്ടു കിട്ടുമ്പോൾ യഥാവിധി കള്ളും തവിടും സമർപ്പിച്ചു പോന്നു.
വിഷ്ണുമായ നമ്മുടെ തറവാടിനെ എന്നും കാത്തു പോന്നില്ലേ അമ്മായി .എന്നിട്ടും തറവാട്ടിലെ ആണുങ്ങൾ ആയുസ്സില്ലാത്തവർ ആയി. അത് എന്ത് കൊണ്ടാണ് എന്ന് എനിക്കാരും പറഞ്ഞു തന്നിട്ടില്ല വല്യ വല്യമ്മ പറയും എന്ന് കരുതി പലപ്പോഴും ഞാൻ പഴങ്കഥകൾ ചോദിക്കാറുണ്ട് . അമ്മ പക്ഷേ സമ്മതിക്കില്ലല്ലോ. നമ്മൾ പെണ്ണുങ്ങൾ വീറും വാശിയും കൂടുതലുള്ള ജാതികൾ, ആണുങ്ങളേക്കാൾ ബുദ്ധിയുള്ളവർ, കഴിവുള്ളവർ, നല്ല പാചകക്കാരികൾ, ഗൃഹഭരണ വിദഗ്ദ്ധകൾ. എന്നാൽ കാഴ്ചയിൽ ഗംഭീരന്മാരായ മരുമക്കൾ ആണുങ്ങൾ, മന്ദന്മാർ, കെട്ടിക്കൊണ്ടു പോയ ഒരു പെണ്ണിനും കിടക്കപ്പൊറുതി കൊടുത്തില്ലല്ലോ. അമ്മായി പറഞ്ഞു എന്നാലും കുട്ട്യേ ഇന്നെ അവൻ ഇത്ര കാലോം കാത്തു, യ്ക്ക് മച്ചി ന്നു പേര് വീണതായിരുന്നു. അനന്തരവൾ പറഞ്ഞു അമ്മായീനെ കാത്തത് അമ്മായീടെ അച്ഛനാണ് അല്ലാണ്ട് വേറാരും അല്ല എന്ന്. അത് ശരിയാ അമ്മായി സമ്മതിച്ചു അന്നത്തെ കാലത്ത് മനസ്സാക്ഷി ള്ള അച്ഛനോ അങ്ങളമാരോ ഇല്ലാത്ത പെണ്ണ്ങ്ങടെ കാര്യം നമ്മടെ സമുദായത്തില് വല്യ കഷ്ടത്തിലാർന്നു. ഇപ്പൊ ഞാൻ എന്താ ഇങ്ങട് പോന്നേന്നു നിനക്കറിയോ, അനന്തരവൾ പറഞ്ഞു അമ്മായിക്ക് വീട്ടില് നിൽക്കാൻ തോന്നീട്ട് . അമ്മായി പറഞ്ഞു അല്ലെട്യെ, അവനില്ലേ ആ സുന്ദരൻ അവൻ കച്ചറ ണ്ടാക്കി. അപ്പോഴും അടിച്ച കാര്യം അമ്മായി പറഞ്ഞില്ല. പടിഞ്ഞാറൻ ദേശത്തെ ഉമ്മമാർ രണ്ടു തവണ അമ്മായിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി. ഇത്തവണ ബീവാത്തുമ്മയാണ് ചോദിച്ചത് അമ്മാളൂട്ടി പോയില്ലേ ന്ന് അമ്മാളൂട്ടി അങ്ങനെ നിക്കല് പതിവില്ലല്ലോ എന്ന്. പതിവില്ലാത്തത് കാണുമ്പോൾ നാട്ടുകാര് അന്വേഷിക്കും അത് ഞങ്ങളുടെ നാടിന്റെ പതിവ്. ബീവാത്തുമ്മ, അമ്മായീടെ ഭർതൃഗൃഹത്തിനടുത്ത് നിന്ന് മൊകാരു മാപ്പിള കല്യാണം കഴിച്ചോണ്ട് വന്ന സുന്ദരി ബീവി. അവർ അന്വേഷണം ആരംഭിച്ചു. കാര്യങ്ങൾ വെളിപ്പെട്ടു. അമ്മായിയെ വീട്ടിൽ നിന്നും അടിച്ചിറക്കുകയാണ് ഉണ്ടായത്. അവർ മകന്റെ തല്ലും മേടിച്ചാണ് ഇങ്ങോട്ട് പോന്നിട്ടുള്ളത്. എന്നിട്ടും കുഞ്ഞാങ്ങള വിവരം അറിഞ്ഞില്ല.
കാര്യം പൊല്ലാപ്പാവും എന്നും. കുഞ്ഞമ്മാവൻ അറിയുന്നതിന് മുൻപ് കാര്യം തീർപ്പാക്കണം എന്ന് കരുതി അമ്മായിയുടെ മകൻ സുന്ദരൻ തറവാട്ടിൽ എത്തി. അയാൾക്ക് ഉറപ്പുണ്ടായിരുന്നു. എന്ത് തന്നെ വന്നാലും താൻ അടിച്ചിട്ടാണ് വീട് വിട്ടുപോന്നത് എന്ന് അമ്മ പറയില്ല എന്ന്.. ബീവാത്തുമ്മ പണി പറ്റിക്കുമെന്ന് അയാൾ കരുതിയില്ല.
കെട്ടിയവരും കെട്ടാത്തവരുമായ പെണ്ണുങ്ങളുടെ കാര്യങ്ങൾ എന്നുമെന്നപോലെ ഇക്കാര്യത്തിലും ആണുങ്ങൾ തീരുമാനിച്ചു. അമ്മായിയുടെ മകൻ സുന്ദരനെ വീട്ടിലെ മറ്റാണുങ്ങൾ വിചാരണ ചെയ്തു. ഇനി അവരെ സംരക്ഷിക്കാൻ സാദ്ധ്യമല്ല. ഉമ്മറത്തെ പനന്തട്ടിയിൽ വെയിൽ തടഞ്ഞു നിന്നു. മന്ദത്തിയായ അമ്മ ഒരു പിടിപ്പില്ലാത്തവളാണെന്ന് അയാൾ ഉറപ്പിച്ച് പറഞ്ഞു. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകാതെ എവിടെയും എന്നും നടക്കുന്ന ന്യായവിചാരണകളെപ്പോലെ അതും അടി കൊണ്ടവൾ എന്ത്കൊണ്ട് അടികൾക്കും അവഹേളനങ്ങൾക്കും അർഹയായി എന്ന ചർച്ചയിൽ ഒതുങ്ങി. പിന്നെ അമ്മായിയുടെ പിടിപ്പില്ലായ്മയെക്കുറിച്ചും, അവരുടെ ആദ്യ ഭർത്താവിനെക്കുറിച്ചും അവരുടെ ധനസ്ഥിതിയെക്കുറിച്ചും ചർച്ച ചെയ്ത് എല്ലാവരും തളർന്ന് കട്ടൻകാപ്പിയിൽ അഭയം പ്രാപിച്ചു. വെയിലാറിയപ്പോൾ പൂവടയും ചായയും കഴിച്ച് പടികടന്ന് പോകുന്ന മകനെ ഇടനാഴിയിലെ കിളിവാതിലിലൂടെ അമ്മായി നോക്കി നിന്നു.
ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന് ആങ്ങളമാർ രണ്ടും കണക്കു കൂട്ടി ഓപ്പോളെ ആര് ഏറ്റെടുക്കും ? ജീവിതകാലം മുഴുവൻ അടുക്കള ജോലികൾ ചെയ്ത അമ്മായിക്ക് അച്ഛന്റെ വീട്ടിലെ അടുക്കള സ്വന്തമല്ല. അവിടെ അടുക്കളക്ക് അവകാശികൾ നാത്തൂന്മാർ ഉണ്ട്. പുറം പണിക്ക് ആളുകൾ ഉണ്ട്. അവരുടെ കൂടെ പറമ്പിൽ അടക്ക പെറുക്കിയും കൂവ പറിച്ചും നടക്കുന്ന അമ്മായിയെ കണ്ട് അനന്തരവൾക്ക് സങ്കടം തോന്നി. അത് ഗ്രാമപക്ഷികൾ മാവുകളിൽ നിന്ന് ജാതിമരങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങുന്ന കാലം. മൂവാണ്ടൻ മാവുകൾ പോയി പകരം ഒട്ടുമാവുകൾ വന്ന കാലം. കൈതക്കൂട്ടങ്ങൾ പുഴയരികുകൾക്ക് അതിരിടാതായി. മണ്ണിട്ട് ഉയർത്തിയ പാടങ്ങളിൽ ടി X ഡി തെങ്ങുകൾ നിരന്നു. പുല്ലാനിമൂർഖൻമാർ കൈതപ്പൊന്തകൾ തേടി ഇയ്യാപ്പാടത്തേക്ക് പലായനം ചെയ്തു. നിസ്സഹായതയുടെ തുരുത്തിൽ തനിയെ ഇരിക്കുന്ന, ഒന്നും തന്നെ ബാധിക്കുന്നില്ലെന്നപോലെ ഉണ്ടും ഉറങ്ങിയും പണിയെടുത്തും നീങ്ങുന്ന ആ മെല്ലിച്ച രൂപം കണ്ട് കുഞ്ഞനന്തരവളുടെ മനസ്സ് പിടഞ്ഞു. രാത്രിയിൽ ഇടനാഴിയിലെ ഇരുട്ടിൽ നിന്ന് തേങ്ങലുകൾ അവൾ മാത്രം കേട്ടു. ആർക്കും വേണ്ടാത്ത പിടിപ്പില്ലാത്തവരുടെ കരച്ചിലുകൾ ചിലര് മാത്രം കേൾക്കുമെന്ന് അന്ന് അവൾക്കു മനസ്സിലായി. സഹിക്കാൻ മാത്രം ശീലിച്ചവർക്ക്, പിടിപ്പുകേടിന്റെ ബിരുദങ്ങൾ പേറുന്നവർക്ക് മാത്രം പൊതുവായ ചില സംഗതികൾ ഉണ്ടാകും എന്നും അനന്തരവൾക്ക് തോന്നി
രണ്ടും കൽപ്പിച്ച് അനന്തരവൾ സ്വാമി മാമനെ കാണാൻ പോയി. എപ്പോഴും, അമ്പലനടയിൽ തനിയെ അവിടെ എന്തെങ്കിലും ജോലികളിൽ മുഴുകി ഇരിക്കുന്ന മാമനെ കണ്ടു.
പരമ സാത്വികനായ മാമൻ എന്ത് വിചാരിക്കും എന്നൊന്നും അവൾ ആലോചിച്ചില്ല, അവൾ മാമന്റെ കൈ പിടിച്ച് മെല്ലെ ചോദിച്ചു. മാമന് അമ്മാളു അമ്മായീനെ കൊണ്ടൊക്കൂടെ, വളരെ സാധാരണ മട്ടിൽ അദ്ദേഹം അവളോട് പറഞ്ഞു, അമ്മാളു അങ്ങട് പോന്നോട്ടെ ആർക്കാ അതിന് വിരോധം ? എന്റോടെ അവൾക്കും കൂടി എടണ്ട് ..
അങ്ങനങ്ങനെയാണ് സ്വർണ്ണത്തരികൾ കാലിൽ പറ്റാതെ അമ്മാളു അമ്മായി മൂന്നു കല്യാണം കഴിച്ച കഥ ഞങ്ങളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളത്.
No comments:
Post a Comment