Wednesday, 23 March 2016

നീരജപുരാണം

ഇല്ല എനിക്ക് പേടിയില്ല, ആത്മാവ് നഷ്ടപ്പെട്ട ആളുകളെ എനിക്ക് പേടിയില്ല.  അല്ലെങ്കിലും ചില കാര്യങ്ങൾ തുടങ്ങുമ്പോഴേ അതിന്റെ ഒടുക്കം എങ്ങനെയാകുമെന്ന് നമുക്ക് മണമടിക്കും.  നീരജ പറഞ്ഞു കൊണ്ടിരുന്നു, പക്ഷേ ഇത്രമാത്രം തെറി വാക്കുകൾ നീ എങ്ങനെ പഠിച്ചുവെന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞു.  ഒരു വാക്കും ചീത്തയല്ല, സാഹചര്യം കൊണ്ടാണ് അത് ചീത്തയാണെന്ന് തോന്നുന്നത്.  പിന്നെ അങ്ങനെ തോന്നിപ്പിക്കുന്നത് പ്രയോഗിക്കുന്ന ആളുടെ മിടുക്കാണ്.  ആ മിടുക്ക് എനിക്ക് ഉണ്ട്.  അതിൽ എനിക്ക് അഭിമാനവും തോന്നുന്നു.  നീരജ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ കനത്ത ശമ്പളത്തിന് ജോലി ചെയ്യുന്നു.  അച്ഛനും അമ്മയും മരിച്ചു.  ഒരു സഹോദരൻ ഉണ്ട്.  വലിയ വിപ്ലവകാരിയുടെ മകനും ക്ലാസ്സ്‌മേറ്റുമായ സന്തോഷിനെ പ്രണയിക്കുമ്പോൾ അവളുടെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു.  നല്ല സാമ്പത്തിക അടിത്തറയുള്ള കുടുംബം.  നായര് പെണ്ണുങ്ങളുടെ ഒരു തീർച്ചയും മൂർച്ചയും അവൾക്കുണ്ടെന്ന് സന്തോഷ്‌ അവന്റെ അമ്മയോട് പറയുമായിരുന്നു.  അവളുടെ ഏതാവശ്യത്തിനും പഠിക്കുന്ന കാലം മുതലേ അവനുണ്ട് നീണ്ട പതിനഞ്ചു വർഷത്തെ ബന്ധം അത്ര എളുപ്പത്തിൽ തള്ളിക്കളയാൻ കഴിയുമോ എന്നാണ് അവന്റെ അച്ഛന് മുഴുത്ത തെറികളെന്നു സമൂഹം സ്ഥാനക്കയറ്റം കൊടുത്ത വാക്കുകളെ എസ് എം എസ് അയക്കുമ്പോൾ അവൾ കൂട്ടുകാരിയോട് ചോദിച്ചത്.  സന്തോഷിന്റെ അച്ഛൻ നീരജയുടെ കൂട്ടുകാരിയെ കാണാൻ വന്നിരുന്നു.  തന്റെ മകനെ ഈ ബന്ധത്തിൽ നിന്ന് എങ്ങനെയെങ്കിലും മോചിപ്പിക്കണമെന്ന് അയാൾക്ക്‌ ആഗ്രഹമുണ്ട്.  നീരജ അയച്ച തെറി എസ് എം എസുകൾ അയാൾ കൂട്ടുകാരിക്ക് കാണിച്ചു കൊടുത്തിട്ട് ചോദിച്ചു.  ഇത്തരത്തിലുള്ള ഒരു പെണ്ണിനെ ഞാനെങ്ങനെ എന്റെ മകന്റെ ഭാര്യയായി സ്വീകരിക്കും.  അവൾ അയക്കുന്ന എസ് എം എസുകൾ തുടങ്ങുന്നത് തന്നെ, എടാ തന്തേ എന്ന് വിശേഷിപ്പിച്ചിട്ടാണ്.  നീരജ കാണാൻ മിടുക്കിയാണ്, ധനികയാണ്, സന്തോഷിനെക്കാൾ ഉയർന്ന ജാതിക്കാരിയാണ്.  ഞങ്ങൾക്ക് അതൊന്നും അല്ല കാര്യം എന്റെ മകന് ഇങ്ങനെ ഒരു പെണ്ണിനെ ഭാര്യയായി വേണ്ട.  അവൾ അവനെ അടക്കി ഭരിക്കും, ഞങ്ങളുടെ കുടുംബം തകരും എന്നെല്ലാം അച്ഛൻ കൂട്ടുകാരിയോട് നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. സന്തോഷ്‌ എന്തു പറയുന്നുവെന്ന ചോദ്യത്തിന് അച്ഛൻ മറുപടി പറഞ്ഞു അവൻ പാവമാണ്, എന്ത് പറയാനാണ്, അവൻ അവളുടെ കയ്യിൽ നിന്നും കുറച്ചു പണം കടം വാങ്ങിയിട്ടുണ്ട്.  അത് ഞങ്ങൾ കൊടുത്തു തീർക്കും അതോടെ ഈ പ്രശ്നം അവസാനിപ്പിക്കണം.  എന്റെ മകന് സമാധാനപരമായ ഒരു ജീവിതം വേണം.  നീരജയുടെ കൂട്ടുകാരി ഒന്നും പറഞ്ഞില്ല.  സന്തോഷ്‌ നീരജയെ കാണാൻ വരാറുണ്ടെന്നും അവർ ഒരുമിച്ചു കറങ്ങി നടക്കാറുണ്ട്, താമസിക്കാറുണ്ട് എന്നെല്ലാം അവൾക്കും അറിയാമായിരുന്നു.  ഇതിനിടക്ക്‌ ഒരു ദിവസം നീരജ സന്തോഷിന്റെ വീട്ടിൽ അവന്റെ അച്ഛനമ്മമാരോടൊപ്പം കഴിഞ്ഞിരുന്നുവെന്നും അവൾക്കറിയാം.  പക്ഷേ ഈ തെറി മെസ്സേജുകൾ എന്തിനാണെന്നു മാത്രം അവൾക്കു പിടി കിട്ടിയില്ല. അതുകൊണ്ടാണ് നീരജയുടെ കൂട്ടുകാരി തിരക്കുപിടിച്ച ഷെഡ്യുളുകൾ മാറ്റി വച്ച് നീരജയോടു ചോദിച്ചത് എന്തിനാണ് ഇത്.  നീരജ പറയാൻ തുടങ്ങി.  അവൾക്കും പറയണമല്ലോ, പ്രതാപിയായ ധനികനായ അച്ഛന്റെ മകൾക്ക് പറയാൻ ഇല്ലായ്മയുടെ കഥകളില്ല...


എനിക്ക് കുട്ടിക്കാലം മുതലേ പെണ്ണുങ്ങൾ കണ്ണീരൊഴുക്കുന്ന കഥകൾ ഇഷ്ടമായിരുന്നില്ല.  ദ്രൗപദി വസ്ത്രത്തിനായി കേഴുന്ന രംഗമോർത്ത് ഞാൻ വിറച്ചു.  ഓന് രണ്ടു കൊടുത്തുട്ട് സാരി എടുത്ത്‌ ഉട്ക്കാര്ന്നില്ലേന്ന് ഞാൻ സ്വയം പറഞ്ഞു.  തൊടാനാഞ്ഞവനെ ചുട്ടനോട്ടം നോക്കി ദമയന്തി ദഹിപ്പിച്ച കഥ കേട്ട് ഞാൻ സന്തോഷിച്ചു.  കണ്ണീരൊഴുക്കും സങ്കടക്കഥകൾ എനിക്ക് വേണ്ടേ വേണ്ട.  ആ ഞാനാണോ തോറ്റു കൊടുക്കാൻ പോണത്? ഞാൻ അവന്റെ പിറകെ പോയതല്ല.  അവൻ എന്റെ പിറകെ വന്നതാണ്.  ആത്മവിശ്വാസമില്ലാത്തൊര് പ്രേമിക്കാൻ നടക്കരുത്.  ഇത് പ്രേമോം വേണം മാമൂലും വേണം .  രണ്ടും കൂടി ഒരുമിച്ചു നടക്കില്ല.  അതാണ്‌ കഴിഞ്ഞ ദിവസം ഞാൻ അവന്റെ അച്ഛനെ വിളിച്ച് പറഞ്ഞത് അതേ നിങ്ങടെ മോൻ ഇവിടുണ്ടെന്ന്.  അയാള് കേട്ടപാടെ പറഞ്ഞു.  എന്റെ മോൻ അങ്ങനെ ചെയ്യില്ല.  അവനെ ഞാൻ നല്ല രീതിയിൽ വളർത്തിയതാണെന്ന്.  എനിക്ക് കലി വന്നു.  അപ്പൊ ഞാൻ പറഞ്ഞു അതാണ്‌ അവൻ എന്നെ വിട്ട് എങ്ങോട്ടും പോകാത്തത് എന്റെ അടുത്ത്തന്നെ വന്നിരിക്കുന്നത് എന്ന്.  പക്ഷെ നിനക്കൊരു കാര്യമറിയുമോ അവന് ജീവിതത്തെ നേരിടാനുള്ള, കുറഞ്ഞ പക്ഷം ജീവിച്ചു പോകാനുള്ള ഒരു ആത്മവിശ്വാസം ഇല്ല.  അവനെ ഇങ്ങനെ ആക്കിത്തീർക്കുന്നത് അവരാണ്.  അവന്റെ തന്തയും തള്ളയും   മറ്റുള്ളോരുടെ ജീവിതത്തിൽ വിപ്ലവം വരുത്താൻ നമുക്ക് വല്യ ആവേശാണ്, സ്വന്തം കാര്യം വരുമ്പോ അറിയാം വിപ്ലവ വീര്യം എത്രത്തോളം ഉണ്ടെന്ന്.  അവന് ഇപ്പൊ എന്നെ പേടിയാണ്.  അവൻ ഇടയ്ക്കു പറയും നീ ഭയങ്കരിയാണെന്ന്, പക്ഷേ ഒന്നവന് അറിയില്ല.  എന്റെ അച്ഛൻ മരിച്ചതിനു ശേഷം അവനിലൂന്നിയാണ് ഞാൻ കഴിഞ്ഞുകൂടിയിരുന്നത് എന്ന്.  അവനില്ലാതെ എനിക്ക് പറ്റില്ല.  അവനു വേണ്ടത് ചോറ് വെച്ചു കൊടുക്കാനും വീട് വൃത്തിയാക്കാനും കൂടെ കിടക്കാനും ഒരാൾ.  ഞാനതിന് അധികമാണ്.  അവൻ എന്നെ വിട്ടുപോകാത്തത് കുറ്റബോധം കൊണ്ടാണ്‌ അല്ലാതെ സ്നേഹം കൊണ്ടല്ല.  നീരജ പൊട്ടിക്കരയുന്നത് കണ്ട്, കൂട്ടുകാരി പറഞ്ഞു നീ ഇത്രക്കൊന്നും ചുഴിഞ്ഞാലോചിക്കല്ലേ ഒരുമാതിരി ആണുങ്ങളെല്ലാം ഇങ്ങനൊക്കെയാണ്, അതുങ്ങളെ നമ്മളങ്ങ് മാനേജ് ചെയ്‌താൽ മതി.  നീരജക്കു ദ്വേഷ്യം വന്നു.  അവൾ പറഞ്ഞു എനിക്ക് അങ്ങനെ ആരെയും മാനേജ് ചെയ്യണ്ട. ഞാൻ തികച്ചും ഒറ്റപ്പെട്ടവളാണ്, എനിക്ക് ആരുമില്ല, എന്നെ എന്തു ചെയ്താലും ആരുമറിയില്ല.  എന്റെ അച്ഛൻ മരിച്ചു.  അമ്മ ആത്മഹത്യ ചെയ്തു.  ജ്യേഷ്ഠൻ സ്വത്തുക്കളെല്ലാം കയ്യടക്കി എന്നെ അവിടെ നിന്ന് ഓടിച്ചു.  എനിക്ക് ഇസങ്ങളൊന്നും അറിയില്ല.  എനിക്ക് ജോലി ഉള്ളതുകൊണ്ട് ഞാൻ ജീവിക്കുന്നു.   സത്യത്തിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്ന ആ തന്തയോടുള്ള ദ്വേഷ്യം തീർക്കാനാണ് ഞാൻ തെറി മെസ്സേജുകൾ അയക്കുന്നത്.  ഭ്രാന്തെടുത്ത പോലെ അവൾ തല ചുമരിൽ തല്ലിത്തുടങ്ങി.  പണ്ടെന്നോ മുതൽ കയറിക്കൂടിയ പ്രതിഷേധ വാക്കുകളെ കുടഞ്ഞെറിയാനെന്നവണ്ണം.  വാക്കുകൾ കനലുകളായെരിഞ്ഞു എല്ലാം ചാമ്പലാക്കി കളയാതിരിക്കാനെന്നവണ്ണം…

No comments:

Post a Comment