Saturday, 9 April 2016

അതെ, ഒരുപാട് കാലമായി......

സാമ്പത്തിക വർഷം അവസാനിക്കുമ്പോഴുള്ള ഫയൽ തിരക്കുകൾ അവസാനിപ്പിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങി, എന്നത്തേയും പോലെ പഞ്ച് ചെയ്ത് ഓഫീസിന്റെ ഗേറ്റ് കടക്കവേ, നെടുനീളത്തിൽ പുഞ്ചിരിച്ചു കൊണ്ട് സീനിയർ ഓഫീസർ; ഞങ്ങൾ രണ്ടും ഇന്ത്യയും പാകിസ്ഥാനും പോലാണെന്ന് മറ്റുള്ളോർ കരുതുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് എനിക്കുറപ്പുള്ളത് പോലെ അദ്ദേഹത്തിനും ഉറപ്പുണ്ടെന്ന് ആ പുഞ്ചിരിയിൽ നിന്നും വായിച്ചെടുത്തുകൊണ്ട്, മംഗള വനത്തിനരികിലെ ഡോക്ടർ സലിം അലി റോഡിലൂടെ നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പതിയെ നടന്നു പോകവേ അരികിൽ കാർ കൊണ്ടു വന്നു നിർത്തി പ്രിയ സഹപ്രവർത്തക വണ്ടിയിലേക്ക് കയറാൻ നിർബന്ധിച്ചു. കഴിവതും ആരുടേയും ലിഫ്റ്റ് സ്വീകരിക്കാത്ത ഞാൻ, പക്ഷേ ഇന്ന്, ഇല്ല, വരുന്നില്ല എന്ന് പറഞ്ഞില്ല, തിരക്കെല്ലാം കഴിഞ്ഞോ എന്ന കുശലാന്വേഷണം കേട്ടപ്പോൾ തലയാട്ടി. വണ്ടി ബാനർജി റോഡിലേക്ക് കയറിയപ്പോൾ എന്റെ ചങ്ങാതി കൂടിയായ സഹപ്രവർത്തക പറഞ്ഞു കഷ്ടം നമുക്കൊന്ന് സംസാരിക്കാൻ പോലും സമയമില്ല. പിന്നെ കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും നിങ്ങളെല്ലാം മനസ്സിലുണ്ടെന്ന മറുപടി കേട്ട് ചിരിച്ചു. എന്നെ റെയിൽവേ സ്റ്റേഷൻ വാതിൽക്കൽ ഇറക്കവേ പറഞ്ഞു, നമ്മളെല്ലാം ദില്ലീന്ന് വന്ന്ട്ട് കാലം കൊറേ ആയി ല്ലേ ..
അതെ, ഒരുപാട് കാലമായി. വർഷങ്ങൾ കടന്നു പോകുന്നത് അറിയുന്നില്ല.
ട്രെയിൻ കയറിയിട്ടും ഞാൻ അത് തന്നെ ഓർക്കുകയായിരുന്നു. കഴിഞ്ഞ നാൾ ഡയറക്ടർ ചേംബറിലേക്ക് തിരക്കിട്ട് നടന്നു പോകുകയായിരുന്ന എന്നെ ഓർമ്മയുണ്ടോ എന്ന ഒറ്റ ചോദ്യത്താൽ തിരിച്ചു പിടിച്ചു മെൽവിൻ. മനസ്സിലായില്ലല്ലോ എന്ന ഉത്തരത്തിൽ തളരാതെ പറഞ്ഞു . സെൻട്രൽ സെക്രട്ടറിയേറ്റിൽ ........ന്റെ കൂടെ ഉണ്ടായിരുന്നു. അയ്യോ എന്തൊരു മാറ്റം എന്ന് ഞാൻ പറഞ്ഞപ്പോൾ മെൽവിൻ പറഞ്ഞു, ജെന്നി ഒട്ടും മാറിയിട്ടില്ല.
മാറീട്ടില്ലെങ്കിൽ സന്തോഷം..
ഓർമ്മയിൽ നിന്ന് ഞാൻ രണ്ടു പുസ്തകങ്ങളും ഒരു പ്രണയക്കുറിപ്പും കണ്ടെടുത്തു. ആ നവംബറിൽ ഡെപ്യുട്ടെഷനിൽ മദ്രാസിലേക്ക് പോകുന്നതിനു മുൻപ് .....എനിക്കായി തന്നേല്പ്പിച്ചവ. മൊബൈലും, ഇന്റെർനെറ്റും ഒന്നും ഇല്ലാതിരുന്ന ദില്ലിക്കാലം. ഓഫീസ് ഫോണിൽ ആരും സ്വകാര്യ സംഭാഷണങ്ങൾ നടത്തിയിരുന്നില്ല. വളരെ സുരക്ഷിതമായി പോസ്റ്റിങ്ങ് കിട്ടിയ എനിക്ക്, നല്ല സുന്ദരമായി ഡ്രാഫ്റ്റ് ചെയ്യുന്ന, ശരിയല്ലാത്തത് കണ്ടാൽ ഉറക്കെ വിളിച്ചു പറയുന്ന, പൊട്ട ഇംഗ്ലീഷിൽ ഡ്രാഫ്റ്റ് വെട്ടിത്തിരുത്തുമ്പോൾ അത് കീറി മേലധികാരിയുടെ മുഖത്തേക്ക് വലിച്ചെറിയുന്ന, പ്രാരാബ്ധങ്ങൾക്കിടയിൽ സിവിൽ സർവീസ് സ്വപ്നം ഉപേക്ഷിക്കേണ്ടി വന്ന, നോർത്ത് ബ്ലോക്കിൽ നിന്ന് ഡോക്ടർ രാജേന്ദ്ര പ്രസാദ് റോഡിലുള്ള, ഞങ്ങളുടെ മന്ത്രാലയത്തിൽ വല്ലപ്പോഴും വരുന്ന ആ പാവം ചെറുപ്പക്കാരനെ ഓർമ്മ വന്നു. അവനെപ്പറ്റി പറഞ്ഞപ്പോൾ മെൽവിന്റെ കണ്ണുകൾ തിളങ്ങി. ഇപ്പൊ അണ്ടർ സെക്രട്ടറി ആണ് . മിനിസ്ട്രില് , ഒരു കുഞ്ഞു മോനുണ്ട്, പ്രാരാബ്ധങ്ങൾ തീർത്തു വിവാഹം കഴിച്ചപ്പോൾ വൈകിപ്പോയി. വീട് മാറ്റങ്ങൾക്കിടയിൽ ആ പുസ്തകങ്ങളും കുറിപ്പും എനിക്ക് കൈ മോശം വന്നു, എങ്കിലും അതിലെ അവസാന വരികൾ ഇങ്ങനെ ആയിരുന്നു. I am a renegade, I am unable to guard your innocent soul. ഒരു വിരൽത്തുമ്പു കൊണ്ടു പോലും നോവിക്കാത്ത ആ സ്നേഹത്തിന്റെ കരുതല്, കാക്കല്, അന്ന് കണ്ടില്ല, അത് അത്ര വലുതായി തോന്നിയില്ല....... കാലം പഠിപ്പിക്കുന്ന കുറേ പ്രണയപാഠങ്ങൾ പഠിച്ചെടുത്തുകൊണ്ട്, ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ,ഞാനെന്റെ പൂച്ചെടികൾക്ക് വെള്ളമൊഴിക്കട്ടെ..

No comments:

Post a Comment