Wednesday, 3 August 2016

കുന്ദാദ്രി കുന്നുകളിലേക്ക്





ആ അവധി ദിനങ്ങളിൽ  കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ , ഷിമോഗ ജില്ലയിൽ, അഗുംബെ ആണ് എന്റെ സഹോദരൻ യാത്രക്കായി ചാർട്ട് ചെയ്തു വച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന മഴ പ്രദേശം.  ഞങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തത്   ഡിസംബർ മാസത്തിലെ അവസാന ദിവസങ്ങൾ.  മംഗലൂരിൽ നിന്ന് മൂന്നോ, വളരെ സാവധാനമായാൽ നാലോ മണിക്കൂർ നേരത്തെയോ ഡ്രൈവ്, അത്രേയുള്ളൂ.... മലയിലെ ആ ഗ്രാമത്തിലെത്താം.   

വാഹനത്തിന്റെ  ചില്ലുകൾ താഴ്ത്തി, പശ്ചിമഘട്ടത്തിലെ ശുദ്ധമായ വായു ആവോളം ഉള്ളിലേക്കെടുത്ത്, വനഭംഗി കണ്ട്   ഞങ്ങൾ അവിടെ ഉച്ചയോടെ എത്തി.  അഗുംബെ വളരെ ചെറിയ ഒരു ഗ്രാമമാണ്.  മാൽഗുഡി ഡേയ്‌സ് സീരിയലിലൂടെ എല്ലാവർക്കും പരിചിതമായ ഇടം.  “പച്ചപ്പൊന്ന്” എന്നത്രെ കന്നഡ നാട്ടുകാർ ഈ പ്രദേശത്തെ  വിളിക്കുന്നത് അത്രമാത്രം ഔഷധ സസ്യങ്ങൾ നിറഞ്ഞ,  ജൈവവൈവിധ്യങ്ങളാൽ നിറഞ്ഞു തുളുമ്പുന്ന മഴക്കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം. 

താമസിക്കാനായി ഒരു  അപ്പാർട്ടുമെന്റ് ബസ് സ്റ്റാന്റിന്റെ  തൊട്ടടുത്ത് റോഡരുകിൽ തന്നെയുണ്ട്.  റോഡിനപ്പുറം കുറച്ചു മാറി ഒരു ഇടത്തരം ഹോട്ടലും.  ശാന്തമായ അന്തരീക്ഷം, നല്ല തെളിഞ്ഞ വെയിലും. യാത്രാക്ഷീണം തീർക്കാൻ കുറച്ചുനേരം വിശ്രമിച്ചിട്ട് കുന്ദാദ്രി കുന്നുകളിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ.  അപാർട്മെന്റ് തരക്കേടില്ലാത്ത വിശ്രമസങ്കേതമൊരുക്കി.  തൊട്ടടുത്ത ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിച്ച്, തലേരാത്രിയിലെ യാത്രാക്ഷീണം ഞങ്ങൾ മയങ്ങിത്തീർത്തു. 

 നാലുമണിയോടടുപ്പിച്ച് കുന്ദാദ്രി കുന്നുകളിലേക്ക് പുറപ്പെടുമ്പോൾ, പോകുന്നവഴിക്ക് മാൽഗുഡി ഡേയ്സ് സീരിയൽ ഷൂട്ട്‌ ചെയ്ത വീടും കാണാം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.  എന്നാൽ തൊട്ടടുത്തായിട്ടും അതെവിടെയെന്നു ഞങ്ങൾക്ക് കണ്ടുപിടിക്കാനായില്ല.  വഴിയിലെ സൈറ്റ് സീയിങ് പോയന്റുകൾ ഒഴിവാക്കി കുന്ദാദ്രികുന്നുകളിലെ സൂര്യാസ്തമയം കാണാൻ ഞങ്ങൾ വേഗം വണ്ടി ആ വഴിക്ക് തിരിച്ചു. 

പശ്ചിമഘട്ടത്തിലെ കനത്ത കാടുകൾ, വേഴാമ്പലിൽന്റെ മുഴങ്ങുന്ന ഒച്ച, സായാഹ്‌നസൂര്യന്റെ പൊൻരശ്മികൾ ഞങ്ങളെ വരവേറ്റത് നിറഞ്ഞ പ്രകൃതിയാണ്. സ്വന്തം സ്വന്തമെന്ന പിടിച്ചടക്കലിനോട് വിട പറഞ്ഞിട്ടു വേണം കുന്നു കയറാൻ, എല്ലാമെല്ലാം വിട്ടു കൊടുക്കാൻ, ഒന്നിനേയും വേദനിപ്പിക്കാതിരിക്കാൻ ഉയിരിനെ പറത്തിവിട്ട്,  പാർശ്വനാഥൻ എന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരനെ പ്രതിഷ്ഠിച്ച ജൈനക്ഷേത്രം കാണാനും  സമുദ്രനിരപ്പിൽ നിന്ന് 2800 അടിയോളം ഉയരത്തിൽ നിന്ന് തരുനിരകളും, മേഘസഞ്ചാരങ്ങളും, പ്രപഞ്ചത്തിലെ ഓരോരോ കണത്തിലും നിറയുന്ന സന്ധ്യാവേളയിൽ മറയുന്ന അദ്‌ഭുതദീപ്തപ്രഭ   അനുഭവിക്കാനുമായി  കയറിയ കൽപ്പടവുകളിലോരോന്നിലും ഞാനെന്റെ വൃഥാചിന്തകൾ ഓരോന്നോരോന്നായി കുടഞ്ഞിട്ടു. എന്നിലെ പെൺവഴികൾ ചെന്നു നിൽക്കുമിടമല്ലോ ഇത് ഇതെന്ന്, ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ കുടികൊള്ളുന്ന ജൈനക്ഷേത്ര കവാടത്തിനപ്പുറം കൽക്കെട്ടുകൾ കൊണ്ട് ഭദ്രമാക്കിയ വിശാലമായ തടാകം കാൺകെ ഓർത്തു പോയി.  ഇത്രയും ഉയരെ സമൃദ്ധമായ ജലം നിറഞ്ഞ തടാകവും, അതിലേക്കിറങ്ങാൻ ക്ഷേത്രത്തിൽ നിന്നുള്ള കൽക്കെട്ടും.  പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ജൈനക്ഷേത്രം വലിയ കേടുപാടുകളില്ലാതെ കുന്നിനു മുകളിൽ തലയുയർത്തി.  ക്ഷേത്രം സൂക്ഷിപ്പുകാരനോ പൂജാരിയോ കൊളുത്തിയ ദീപപ്രഭയിൽ തീർത്ഥങ്കര വിഗ്രഹം കാണാനായി  ഉയരം കുറഞ്ഞ വാതിൽ കുനിഞ്ഞു കടന്ന് അകത്തേക്ക് പ്രവേശിച്ചു.   മങ്ങിയ ഇരുട്ടിൽ ചെറിയ ഉയരം കുറഞ്ഞ മുഖവാതിലിലൂടെ നല്ലപോലെ കുനിഞ്ഞു നിന്ന് നോക്കിയാൽ മാത്രംകാണാവുന്ന പാർശ്വനാഥ വിഗ്രഹം വണങ്ങി. കുന്നിനു മുകളിൽ കരിങ്കല്ലിൽ തീർത്ത ക്ഷേത്രവും വിഗ്രഹവും, ചുറ്റുമതിലും......  പിന്നെ സന്ധ്യാസിന്ദൂരം പശിമഘട്ടത്തിനുമേൽ ചിതറിത്തെറിക്കുന്നതു കാണാൻ പുറത്തിറങ്ങി, നല്ല വൃത്തിയായി കിടക്കുന്ന പാറക്കൂട്ടങ്ങൾക്കുമേൽ പടിഞ്ഞാട്ടു നോക്കി ഇരുന്നു........


കന്യാകുമാരിയിലെ, ഡാർജിലിങ്ങിലെ, മറീന ബീച്ചിലെ സൂര്യനേക്കാളും സൗമ്യദീപ്തമായ സന്ധ്യാസൂര്യനെ അറിഞ്ഞു.  മുക്കാലിയിൽ കാമറകൾ സ്‌ഥാപിച്ചു ഫോട്ടോഗ്രാഫർമാരായവർ ഒരു നിമിഷം പോലും മിഴിചിമ്മാതെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു.  കാഴ്ചയേക്കാളേറെ ഉള്ളിനെ സൗമ്യവും, ശാന്തവും, സ്ഥിതപ്രജ്ഞമാക്കുന്നതുമായ എന്തോ ഒന്ന് ആ പ്രദേശത്താകമാനം നിറഞ്ഞിരുന്നു.  ഒന്നിനേയും നോവിക്കാത്ത, ഒന്നുമൊന്നും സ്വന്തമാക്കാത്ത തീർത്ഥങ്കര പ്രണയം. 


ഇരുൾ പരക്കാൻ തുടങ്ങിയപ്പോൾ അഭൗമലോകത്തു നിന്ന് പുറത്താക്കപ്പെട്ട സ്വർഗ്ഗവാസികളെപ്പോലെ ഞങ്ങൾ തിരിച്ച്‌ കുന്നിറങ്ങി.  യാത്രകളെ പ്രണയിക്കുന്ന, എത്ര ബുദ്ധിമുട്ടിയാലും, അത് വകവയ്ക്കാതെ ഡ്രൈവിംഗ് ആസ്വദിച്ചു വാഹനമോടിക്കുന്ന, അവൻ പോകുന്നിടത്തെല്ലാം ഞങ്ങളെയും  കൊണ്ടുപോകണമെന്ന നിർബന്ധബുദ്ധിയുള്ള ഈ സായന്തനം എനിക്കായ് ഒരുക്കിത്തന്ന എന്റെ അനുജനെ ഞാൻ എത്ര കരുതിയാലും മതിയാകില്ല...     







No comments:

Post a Comment