Monday, 16 November 2015

അവസാനിക്കാത്ത യാത്രകൾ

ഓരോ യാത്ര പുറപ്പെടുമ്പോഴും അവസാനിക്കുമ്പോഴും അവൾ മരണം ഓർക്കും. അതെന്താണെന്ന് അവൾക്കറിയില്ല. എല്ലാം അവസാനിപ്പിച്ച് പോകയാണ് എന്നൊരു തോന്നൽ വീട് വിട്ടുപോകുമ്പോഴെല്ലാം അവളെ പിടികൂടും. വിരസമായ ജീവിത വഴികളിൽ യാത്ര തരുന്ന വ്യത്യസ്ഥാനുഭവങ്ങൾ നുകരാൻ കൊതിയുണ്ടെങ്കിലും, വീട്ടുവാതിൽ അടയുമ്പോഴും താക്കോൽ തിരിയുമ്പോഴുംഅവളുടെ മനസ്സും തിരിയാൻ തുടങ്ങും. വേണ്ടാരുന്നു എന്ന്. എന്താന്നറിയാത്ത ഒരു ഭീതി.... സ്ഥിരത ഒരുപാട് കൊതിക്കുമ്പോഴും എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരാളെ അവൾ ഉള്ളിൽ കാണുന്നുണ്ട്. ആ ചാഞ്ചാടുന്ന ആളെ മരണം ഭയപ്പെടുത്തുന്നില്ല, മരണം എന്നല്ല ഒന്നും തന്നെ ഭയപ്പെടുത്തുന്നില്ല. അവളിങ്ങനെ ഒഴുകി ഒഴുകി പോകും. പക്ഷേ മറ്റെയാൾക്ക് തൊട്ടതും പിടിച്ചതും കണ്ടതും കാണാത്തതും ഭയമായാണ് അനുഭവപ്പെടുന്നത്. കരിമ്പനകളും തെളിഞ്ഞ ആകാശവും വിശാലമായ തുറന്ന പ്രദേശങ്ങളും ആ പാവത്തിനെ, വിസ്മയഭരിതയാക്കും. അവൾ മരണത്തെക്കുറിച്ചോർത്തും വിസ്മയം കൊള്ളും. ഉറക്കത്തിൽ പല തവണ മരിച്ചുപോയെന്ന് സ്വപ്നം കണ്ട് വിവശയാകും. ഉണരുമ്പോൾ നെഞ്ചിൽ കുടുങ്ങിയ വെടിയുണ്ട തപ്പിയെടുക്കാൻ അവൾ ബദ്ധപ്പെടും, ഉറക്കവും ഉണർവ്വും, ജീവനും മരണവും അപ്പുറവും ഇപ്പുറവും നിന്ന് കള്ളക്കളി കളിക്കയാണ് എന്ന് മനസ്സിലാക്കും. എങ്കിലും ഭയപ്പെടും. കടലും കരയും അവളെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കും. ഭയന്ന് പിന്മാറുന്നവൾ, പാവമായവൾ മറ്റവളെ നോക്കും ഇനി നിന്റെ വഴി എന്ന് പിറുപിറുക്കും. ഒന്നിനേയും പേടിയില്ലാത്തവൾ പക്ഷേ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവുക തന്നെ ചെയ്യും. അവൾക്കു കൊതിയാണ്, നീലജലത്തിൽ മുങ്ങിപ്പൊങ്ങാനും, വർണ്ണാഭമായ പവിഴങ്ങളും ചിപ്പികളും വാരിയെടുക്കാനും, വെയിലേറ്റു തിളങ്ങാനും. അവൾക്കു പേടിയില്ല ഒന്നിനേയും......... അവൾ ആഴങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. അവളാണ് മണല്ക്കൂനകൾക്ക് മുകളിൽ കൊട്ടാരം കെട്ടുന്നവൾ. കാറ്റിനെ അവൾ വരുതിയിലാക്കും. അവൾക്കറിയാം കമഴ്ത്തി വച്ച ആകാശത്തിലേക്ക് പടവുകൾ ഉണ്ടെന്ന് ….പക്ഷേ പാവം പേടിപ്പെണ്ണ്, കണ്ണ് നിറച്ചോണ്ട് ചോദിക്കും, നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ എന്ന്. ഓരോ യാത്രകളും കഴിയുമ്പോൾ, ഭീതിയേതുമില്ലാതെ ഒഴുകി നീങ്ങി മറുപാതി പറയും ഇതൊരു കഷ്ടപ്പാടാണോ പെണ്ണേ ..നീ കാണാത്തത് മുഴുവനും ഞാൻ കാണുന്നുണ്ട്.

No comments:

Post a Comment