Monday, 16 November 2015

വഴിപാടുകളുടെ നാൾ വഴി പുസ്തകം

മേലധികാരിയിൽ നിന്ന് 15 ദിവസത്തെ CCL (Child Care Leave) അഥവാ "ബാൽ ദേഖ്ഭാൽ ചുട്ടി" sanction ചെയ്തു കിട്ടാൻ ഭഗവതിക്ക് വഴിപാട് നേർന്ന് ഞങ്ങള് രണ്ടും കൂടെ കാത്തിരിക്കുന്ന സമയത്താണ് ഞാൻ കടന്നുപോന്ന "നേർച്ച" വഴികളെക്കുറിച്ച് അല്ലെങ്കിൽ എനിക്ക് പരിചിതമായ കാഴ്ച്ച നേർച്ചകളെക്കുറിച്ച് ഓർത്തത്. ഒന്നര വയസ്സിൽ തലച്ചോറിൽ പനി ബാധിച്ച് മരണത്തിനും ജീവിതത്തിനും ഇടയിൽ ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ അച്ഛന്റെ ഓപ്പോൾ, എന്റെ കയ്യിൽ, ജപിച്ചൂതിയ ചരട് കെട്ടിയെന്നും അത് വലിച്ചു പൊട്ടിച്ചു കളഞ്ഞ് ഹൃദയം പൊട്ടി അച്ഛൻ പറഞ്ഞുന്നും കേട്ടിട്ടുണ്ട്, എന്റെ മോൾക്ക് മഹാനായ ഒരു മനുഷ്യസ്നേഹിയുടെ മകളുടെ പേരാണ് ഇട്ടിരിക്കുന്നത്. അവൾക്ക് നിങ്ങള്ടെ ഈ ചരടിന്റെ ഒന്നും ആവശ്യമില്ല അല്ലാതെ തന്നെ അവൾ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന്. അതേ അച്ഛൻ തന്നെയാണ് വാവിനും സംക്രാന്തിക്കും മറ്റു വിശേഷ ദിവസങ്ങളിലും പടിഞ്ഞാറ്റി വൃത്തിയാക്കാറ്, വീത് വയ്ക്കാറ് എന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടില്ല. അച്ഛന് രണ്ടും രണ്ടായിരുന്നു, മരുന്നും മന്ത്രവും.
കുട്ടിക്കാലത്ത് ജപിച്ചൂതാൻ ഒരു വൈദ്യര് വരുമായിരുന്നു. അമ്മുമ്മ അയാൾക്ക് മുന്നില് ലോട്ടയിൽ വെള്ളവും, ഇലച്ചീന്തിൽ ഭസ്മവും പുഷ്പങ്ങളും വച്ച് ഞങ്ങളെ മുന്നില് ആനയിച്ചിരുത്തുമായിരുന്നു. അയാൾ മന്ത്രങ്ങൾ ചൊല്ലി കൈ ഞൊടിച്ചു ഞങ്ങളുടെ തലക്കു ചുറ്റും വൃത്തം വരച്ച് ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിൽ ഉള്ള ഭസ്മം ലോട്ടയിൽ നിക്ഷേപിക്കും, അങ്ങിനെ മൂന്നു പ്രാവശ്യം ഓരോരുത്തരെയും ഉഴിഞ്ഞ് മിണ്ടാതെ ആ വെള്ളം തുളസിത്തറയിലെ മഞ്ഞളിന്റെ ചുവട്ടില് ഒഴിച്ച് ഞങ്ങൾക്കുള്ള കണ്ണേറിനെ ഒഴിപ്പിക്കുമായിരുന്നു. ഈ കലാപരിപാടികൾ അച്ഛനും അമ്മാവനും വീട്ടിലില്ലാത്ത സമയത്തു നടത്തി പോന്നു. (വിശാലമായ വീട്ടകത്തെ അതേ തളത്തിൽ പല വൈകുന്നേരങ്ങളിലും പാർടി ബ്രാഞ്ച് മീറ്റിങ്ങുകൾ കൂടി).
എന്നാൽ അച്ഛന്റെ ഗ്രാമത്തിൽ ഓരോ വീട്ടിലും, അമ്പലങ്ങളും, ഓരോരുത്തർക്കും പ്രത്യേകം മൂർത്തികളും ഉണ്ടായിരുന്നു. ഞങ്ങടെ വീട്ടില് പടിഞ്ഞാറ്റിയും, പടിഞ്ഞാറ്റിയിൽ വിഷ്ണുമായ പ്രതിഷ്ഠയും, തറവാട്ടുകാർക്കു പൊതുവായി കാവും, പിന്നെ ചാത്തന് കാവൽ കോന്നൻ പടിപ്പുറത്തും ഇരുന്നിരുന്നു. കോന്നൻ കീഴ്ജാതിക്കാരൻ ആയതിനാൽ, മുറ്റത്തോ, അകത്തോ പ്രവേശനം കിട്ടിയില്ല. ചാത്തൻ, ചിറ്റണ്ട മനക്കൽ നിന്ന് തിരിപ്പുറത്ത് വന്നു. അതുകൊണ്ട് തന്നെ ചാത്തനാളത്തിന് ഉടുക്ക് കൊട്ടുമ്പോൾ, “ചിറ്റണ്ട”, “ചിറ്റണ്ട” എന്ന് ഉടുക്കുകൾ ശബ്ദിച്ചു. മനക്കൽ സ്വർണപ്പണിക്ക് പോയ കാർന്നോരോട്, തിരിച്ചു പോകുന്ന അന്ന്, നമ്പൂരി പറഞ്ഞൂത്രേ, രാമ, ഈ തിരി കൈയ്യിൽ ഇരിക്കട്ടെ, രാത്രി ഇരുട്ടത്ത് കത്തിച്ചു നടന്നോളുണ്ട്, കൂടെ ഒരാളുള്ള പോലെ തോന്നും തിരിഞ്ഞു നോക്കരുത്. വീടിന്റെ പടിപ്പുര എത്താറാവുമ്പോൾ തിരി പുറകോട്ടിടണം എന്ന്. തിരി തെരക്കുമ്പോൾ നമ്പൂരി പറഞ്ഞിരുന്നൂന്ന്, നീ പോയ് വായോട്ടാ, നീ പോയ് വായോട്ടാ...
എന്നാൽ വീട്ടിലെത്തിയ കാർന്നോർ തിരി പുറത്തിടാൻ മറന്നു. ഏറെനാളത്തെ വിരഹത്തിനു ശേഷം വീട്ടുകാരെ കണ്ട അദ്ദേഹം സന്തോഷാതിരേകത്താൽ വീടുമായി ലയിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിൽ പല ദുർഘടങ്ങളും ഉണ്ടായി. വീട്ടിനുള്ളിൽ ഇരുന്നിരുന്ന വസ്തുക്കൾ പുറത്തേക്ക് എറിയപ്പെട്ടു. വെച്ചോടത്തു കാണ് ല്യല്ലോ ഒരു സാധനോം എന്ന് തുടരെ പരാതികൾ, പോരാതെ എല്ലാവർക്കും രക്താതിസാരവും. നാല്കെട്ടും നടുമുറ്റവും ചുറ്റിക മേട്ടം കേൾക്കാൻ കൊതിച്ചു. സ്വർണ്ണത്തരികൾ മുറ്റത്ത് നൃത്തം ചെയ്യാതായി. ചിറ്റണ്ട മനക്കൽ ആള് പോയി, കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. നമ്പൂരി വഴി പറഞ്ഞു കൊടുത്തു, ചാത്തനെ വീട്ടകത്ത് പ്രതിഷ്ടിക്കാം എന്ന് ധാരണയായി. പടിഞ്ഞാറ്റി പണിതു. ഇടനാഴിയിലേക്ക് തുറക്കും വിധം കിഴക്കോട്ട് അഭിമുഖമായി. പടിഞ്ഞാറ്റിയിൽ യഥാവിധി പ്രതിഷ്ടിച്ചു. കലശം കഴിച്ചു. ചാത്തന് തൃപ്തിയായി. തറവാട്ടിൽ ഐശ്വര്യം ഉണ്ടായി. തട്ടാന്റെ പറമ്പും, തട്ടാന്റെ ഞാലും, ഒരു പ്രദേശം മുഴുവനും നിറഞ്ഞു. നാട്ടിൽ എന്തെങ്കിലും നഷ്ടപ്പെട്ട് പോയാൽ നഷ്ടമായവൻ ചാത്തന് കള്ളും തവിടും നേർന്നു. അത് വീണ്ടു കിട്ടുമ്പോൾ യഥാവിധി കള്ളും തവിടും സമർപ്പിച്ചു പോന്നു
കുട്ടിക്കാലത്ത് ചാത്തനാളവും, സർപ്പക്കളം പാട്ടും ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കണ്ടു പോന്നു, ഞങ്ങളുടെ തറവാട്ടിലെ പെണ്കുട്ടികൾ, പിന്നെയും പിന്നെയും പെണ്ണിനെ പ്രസവിക്കുന്നത് നിർത്താൻ സർപ്പങ്ങൾക്ക് കുടം കമിഴ്ത്തൽ വഴിപാട് നല്കി. പുള്ളുവൻ കൃത്യമായി എല്ലാ മാസവും നവോറ് പാടാൻ എത്തി, കൂടെ പുള്ളോതതി കുടം കൊട്ടി പാടി, അത് ഞങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു. പുള്ളോർക്കുടത്തിന്റെ ഒച്ച ദൂരെ നിന്ന് കേൾക്കുമ്പോഴേ, ഞങ്ങൾ ഉത്സാഹഭരിതരായി.
അമ്മൂമ്മയ്ക്ക് അച്ഛന്റെ വീട്ടിലെ ദൈവങ്ങളെ വല്യ വിശ്വാസം പോരായിരുന്നു, അവര് രാമനെയും കൃഷ്ണനെയും പൂജിച്ചു. കീർത്തനങ്ങളും, നാമങ്ങളും, ചൊല്ലി പഠിപ്പിച്ചു. കൃഷ്ണന് മാല കെട്ടി എന്നും പൂജിച്ചു, എന്നും വെളുപ്പിന് നാല് മണിക്ക് ഉണർന്ന് വീടിനെ ജീവസ്സുറ്റതാക്കി. കുട്ടികൾ പ്രഭാതങ്ങളിൽ ഹരിനാമ കീർത്തനം കേട്ട് ഉണർന്നു. സ്ത്രീകൾ വെളുപ്പിന് നാല് മണിക്ക് ശേഷം ഉറങ്ങുന്നത് മഹാ അപരാധമായി കരുതി. വീടിനെ ഉണർത്തേണ്ടത്, അതിൽ ഉണർവ്വ് ഊതിയൂതി നിറക്കേണ്ടത് പെണ്ണ് തന്നെയാണെന്ന് പറഞ്ഞു തന്നു. അമ്പലത്തിൽ എല്ലാർക്കും വേണ്ടി പുഷ്പാഞ്ജലി നടത്തേണ്ടതും സ്വന്തം കടമയായി കരുതി. മുടങ്ങാതെ അതെല്ലാം ചെയ്തു പോന്നു. പിന്നെയും എത്രയോ വഴിപാടുകൾ, കല്യാണം കഴിയാൻ, നല്ല ഭർത്താവിനെ കിട്ടാൻ, കുട്ട്യോളുണ്ടാവാൻ, കുട്ട്യോളുടെ അസുഖം മാറാൻ, അവറ്റ പരീക്ഷകൾ പാസാവാൻ,...
വഴിപാടുകളുടെ നാൾവഴി പുസ്തകം എഴുതുമ്പോൾ വ്യത്യസ്തമായ രണ്ട് അടരുകളിൽ ഒരേ സമയം കാലുറപ്പിച്ച ഞാൻ കുഴങ്ങിപ്പോകാതിരിക്കുന്നത് എങ്ങനെ? രണ്ടും എനിക്ക് പ്രിയപ്പെട്ടത്..
Like   Comment   

No comments:

Post a Comment