എന്റെ കുഞ്ഞു കൂട്ടുകാരിക്ക്,
സ്നേഹപാഠപുസ്തകത്തിലെ ഒന്നാം
പേജ്.
സ്നേഹം വിശുദ്ധിയുടെ കടലാണ്.
അതിൽ കണ്ണീരുപ്പേയുള്ളൂ,
മധുരമാണെന്ന്
നിന്റെ രസമുകുളങ്ങൾ
നിന്നെ ചതിക്കുന്നതാണ്
ആ കള്ള മധുരം
നുണയാൻ നോക്കരുത്.
നീ എല്ലാം മറക്കും,
നിന്നെയും, പ്രപഞ്ചത്തിനേയും,
അതിന്റെ അനാദിയായ നിലനില്പ്പിനെയും.
പിന്നെ, ഒരിക്കൽ മധുര
നഷ്ടം ,
നിന്നെ പരിഭ്രാന്തയാക്കും,
മധുരം തിരഞ്ഞ്,
കടലിൽ
നിന്ന് നീ കരയിലേക്ക്
ചാടും,
നിനക്ക് മറന്നു പോകും,
ചെകിളപ്പൂക്കളാണ്
നിന്റെ വായു അറകളിലേക്കുള്ള വാതിലെന്ന്.
നിനക്ക് മറന്ന് പോകും,
സ്നേഹം വിശുദ്ധിയുടെ കടലാണെന്ന്
കരയിൽ ശ്വാസം എടുക്കാനാവാതെ ,
നീ പിടയുന്നത് കാണാൻ എനിക്ക്
വയ്യ.
ഞാൻ നിന്നോട് പേർത്തും പേർത്തും പറയുന്നു
സ്നേഹം വിശുദ്ധിയുടെ കടലാണ് എന്ന്
അതിൽ അതിൽ കണ്ണീരുപ്പേയുള്ളൂ എന്നും.
No comments:
Post a Comment