ദേവരാജ് അരശ് മാർക്കറ്റിലേക്കുള്ള വഴി തിരിയുന്നിടത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ ബിന്ദുവിന്റെ രണ്ടു കയ്യിലും സഞ്ചികൾ ഉണ്ടായിരുന്നു.
പച്ചക്കറി വാങ്ങാനുള്ള സഞ്ചികൾ.
ബിന്ദുവിന്
ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു മാർക്കറ്റിലേക്കുള്ള ആഴ്ചയിലെ ഒരു വരവ്. കാരറ്റും, ബീറ്റ്രൂട്ടും, കാബേജും, വയലറ്റ് വഴുതനയും, എന്ന് വേണ്ട മേത്തിയും, മുരിങ്ങയിലയും വരെ അവൾ വാങ്ങിക്കും.
അവളുടെ
ഭർത്താവ് അവളെ സന്തോഷത്തോടെ കൊണ്ട് പോകുന്ന ഒരേ ഒരിടം. ദേവരാജ് അരശ് മാർക്കറ്റ്.
രാവിലെ 8.30 നു ഓഫീസ് വാഹനം വരുമ്പോൾ പച്ചക്കറികൾ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കി, ലഞ്ച് ബൊക്സിന്റെ
തട്ടുകളിൽ നിക്ഷേപിച്ച്, ഉറങ്ങുന്ന ഒരു കുട്ടിയെ എന്ന പോലെ ആ ലഞ്ച് ബോക്സ് അവൾ ഭർത്താവിന്റെ കൈകളിൽ ഏൽപ്പിക്കുമായിരുന്നു.
അവളുടെ ചോറും കറികളും ഭർത്താവിന്റെ ഉച്ചക്കൂട്ടത്തെ സന്തോഷിപ്പിച്ചു.
എല്ലാവരും അരെ വാഹ്
അരെ വാഹ്
പറഞ്ഞ് ചോറും കറികളും പങ്കു വച്ചു.
അവൾ കുടുംബ ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ ശ്രമിച്ചത് ഈ ലഞ്ച് ബൊക്സിലൂടെയാണ്. അവരുടെ അരെ വാഹ്
അരെ വാഹ് വിളികളിൽ അവളുടെ ഭർത്താവ് സന്തുഷ്ടനാവുകയും വൈകീട്ട് ഓഫീസിൽ നിന്ന് പ്രസന്നവദനനായി തിരിച്ചെത്തുകയും ചെയ്തു.
കാത്തു നിന്ന
ബിന്ദുവിന്റെ അടുത്തേക്ക്, വണ്ടി പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് അദ്ദേഹം സാവധാനം വന്നു.
സാധാരണ മട്ടിലുള്ള ശകാരത്തിന് പകരം വാത്സല്യത്തോടെ ചോദിച്ചു എന്താ നിനക്ക് പൊട്ട് നന്നായി തോട്ടൂടെ, അവളുടെ വീതി കുറഞ്ഞ നെറ്റിയിൽ മുടിയിഴകൾ എപ്പോഴും വീണുകിടന്നിരുന്നു. അവൾ പതിവായി ഹനുമാൻ കോവിലിൽ പോവുകയും അവിടെ നിന്ന് കിട്ടുന്ന
കുങ്കുമം നെറ്റിയിൽ തൊടുകയും ചെയ്തു പോന്നു, മുടിയിൽ മല്ലിപ്പൂ, കാൽ വിരലിൽ മെറ്റി ഇതെല്ലാം
ഇഷ്ടമില്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മയെ സന്തോഷിപ്പിക്കാൻ അവൾ അണിഞ്ഞു.
അവളുടെ കുങ്കുമപ്പൊട്ട് വേഗം വിയർക്കുന്ന മുഖത്ത് എപ്പോഴും പടർന്നിരുന്നു. അതൊരു അലോസരമായി അവൾക്ക് തോന്നിയെങ്കിലും അമ്മയെ സന്തോഷിപ്പിക്കാനായി ആ ബുദ്ധിമുട്ട് സഹിച്ചു. ഭർത്താവ് അരുമയോടെ പൊട്ട് കൈയ്യിലുരുന്ന കൈലേസുകൊണ്ട് തുടച്ച് ഒരു കുഞ്ഞു വൃത്തത്തിൽ ആക്കി. അവർ കൈ കോർത്ത് പിടിച്ച് മാർക്കറ്റിനുള്ളിലേക്ക് നടന്നു.
വിശാലമായ വൃത്തിയുള്ള മാർക്കറ്റ് എത്ര ആളുകൾ വന്നാലും തിരക്ക് തോന്നാത്ത മാർക്കറ്റ്, ബഹളം കൂട്ടാത്ത കച്ചവടക്കാർ, ഹള്ളികളിൽ നിന്ന് തങ്ങൾ വിളയിച്ചെടുത്ത വിളകൾ നേരിട്ട് കൊണ്ട് വരുന്ന കർഷകർ, കച്ചവടക്കാരായ സ്ത്രീകൾ, ഈ കാഴ്ച്ചകളിലെല്ലാം ഇത്ര പുതുമ എന്തിരിക്കുന്നു എന്ന് ഭർത്താവ് അവളോട് ചോദിക്കുമായിരുന്നു.
മാർക്കറ്റിൽ കാഴ്ച കാണാനാണോ പച്ചക്കറി വാങ്ങനാണോ നീ വരുന്നത് എന്ന് അദ്ദേഹം തട്ടിക്കയറുക വരെ ചെയ്യാറുണ്ട്.
കാഴ്ച്ചകൾ, സ്വതന്ത്രമായ കാഴ്ചകൾ ഞങ്ങൾ പെണ്ണുങ്ങൾക്ക്, നിങ്ങളോട് ചേർന്ന് നിന്നല്ലേ കാണാനൊക്കൂ അല്ലാതെ ഞാൻ ഈ നഗരത്തിൽ എന്ത് കാണുന്നു എന്ന് കൊളുത്താതെ എന്നും അവൾ തല കുനിച്ച് പിടിച്ച് കുറ്റവാളിയെപ്പോലെ നടന്നു. അന്ന് എന്തോ അദ്ദേഹം വളരെ ശാന്തനായി കാണപ്പെട്ടു. പതിവിന്
വിപരീതമായി പച്ചക്കറിയും പഴങ്ങളും തിരഞ്ഞെടുക്കാൻ അവളെ സഹായിക്കുകയും അവളുടെ കയ്യിൽ
നിന്ന് അവ വാങ്ങി സ്വന്തം കയ്യിൽ തൂക്കി നടക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക്
ഉറപ്പായി എന്തോ സംഭവിച്ചിട്ടുണ്ട് അതെന്താണ് എന്നറിയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.
എന്ത് തന്നെയായാലും തന്നോട് പറയാൻ എന്നും ഭർത്താവിന് കുറച്ച് തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്, നല്ലതായാലും
ചീത്തയായാലും, പകൽ നേരങ്ങളിൽ തന്നെ സഹായിക്കാൻ വരുന്ന പ്രേമ അക്ക കുഞ്ഞിനെ നോക്കി ക്വാർടേഴ്സിൽ ഉണ്ട് എന്നത് അവളുടെ നടത്തം പതുക്കെയാക്കി. ഭർത്താവ് എന്നും അളവുകളും കണക്കുകളും കൃത്യമായി സൂക്ഷിച്ചു പോന്നു.
സാധാരണ ബിന്ദുവിന്റെ വീട്ടില് അച്ഛനും അമ്മക്കുമൊപ്പം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് അവൾ ജീവിതത്തെ ലാഘവപ്പെടുത്തി, എല്ലാം പരസ്പരം അറിഞ്ഞും അറിയിച്ചും വീട്ടകം വളരെ ലളിതമാക്കി. കുറച്ചു നാളായി അവൾക്ക് ഒരു പേരുണ്ടെന്നും, അച്ഛനും അമ്മയും ഉണ്ടെന്നും, ഗ്രാമത്തിൽ ഒരു വീടുണ്ടെന്നും ഓർക്കാൻ അവൾ മറന്നു പോയിരുന്നു.
ബിന്ദുവിന്റെ അച്ഛന്റെ സ്നേഹാർദ്രമായ ഫോണ് വിളികൾക്ക് അവൾ പകൽ നേരങ്ങളെ മാറ്റി വച്ചെങ്കിലും, ബിന്ദു പൂർണ്ണമായി അച്ഛനിൽ നിന്നും അടർന്നു പോന്നിരുന്നു.
അവൾക്ക് പരിചയമില്ലാത്ത ഗൂഢമായ രീതികൾ അവളെ വേദനിപ്പിച്ചെങ്കിലും, ബിന്ദു അതൊന്നും കാര്യമാക്കിയില്ല.
ഭർത്താവ് അവളെ ഒരിക്കലും പേര് വിളിച്ചില്ല. വലിയ കുടുംബ സദസ്സുകളിൽ "അവൾ" എന്ന് ബിന്ദു സംബോധന ചെയ്യപ്പെട്ടു.
ഓ അത് അവളങ്ങനൊക്കെ പറയും, അത് അവളുടെ പണിയാകും, അവൾക്കെന്തിന്റെ കുറവാ..ഇമ്മാതിരി.
ഇന്നെന്താണാവോ വിശേഷിച്ച് എന്നോർത്ത് അവൾ അദ്ഭുതപ്പെട്ടു.
തിരിച്ച്
കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ബിന്ദുവിന്റെ ഭർത്താവ് വളരെ ശാന്തനായി കാണപ്പെട്ടു. ചെലുവമ്പ പാർക്കിനുമുന്നിൽ നിന്നും ആദിപമ്പ റോഡിലെത്തിയപ്പോൾ
അദ്ദേഹം പറഞ്ഞു. എനിക്ക് നാളെ ബോംബെ വരെ പോകണം. അവിടെ കുറച്ച് ജോലികൾ ഉണ്ട്. കുഞ്ഞിന് സുഖമില്ലത്തോണ്ട് നീ വീട്ടിൽ പോകണ്ട. രാത്രി
ഇവിടെ പേടിക്കാനൊന്നും ഇല്ല. സാധാരണ പോലെ
അവൾ ഒന്നും പറഞ്ഞില്ല. മുഴുവനും തലയാട്ടി കേട്ടു. സമയം ഏതാണ്ട് എട്ടുമണി ആയി പ്രേമക്ക് വീടെത്തണം. പച്ചക്കറികൾ കഴുകി വെടുപ്പാക്കി ഫ്രിഡ്ജിനുള്ളിൽ
കയറ്റുന്നതിനിടയിൽ ബിന്ദു പ്രേമ അക്കയോട് ചോദിച്ചു . നാളെ തന്റെ കൂടെ നില്ക്കാമോ എന്ന്. അക്ക അവളുടെ
മുന്നിലേക്ക് പച്ചക്കറി നിറച്ച മുറം തള്ളിനീക്കി വച്ച്കൊണ്ട് പറഞ്ഞു. അയ്യയ്യോ, അമ്മു അത് മട്ടും സൊല്ല വേണ്ട, നാങ്കളുക്ക്
വീട് വിട്ടു രാത്രി തൂങ്കക്കൂടാത്. എനക്ക്
എന്നും തലവലി, അത് എൻ കണവൻ തന്തത്, അവര് എൻ തലയ്ക്കു പിന്നാടി അടിപ്പേൻ,
യവര് ഇങ്കൈ വന്ത് തൊന്തരവ് പണ്ണിടും.
റൊമ്പ പ്രചനം ആയിടും.
രാത്രികൾ,
അവൾക്ക് ഒരിക്കലും തനിയെ കഴിച്ചുകൂട്ടേണ്ടി വന്നിട്ടില്ല. അവളുടെ വീട് എന്നും നിറവുള്ളതായിരുന്നു സുമനസ്സുകളുടെ
നിറവ്. മുറ്റത്ത് നെല്ലും അടക്കയും ചൊരിഞ്ഞിടാൻ
ധനു മാസത്തിൽ കളം പണിഞ്ഞിടുമ്പോൾ എല്ലാവരും മുറ്റത്ത് പുല്ലു പായിൽ വട്ടം കൂടിയിരിക്കും. പാടത്ത് നിന്ന് ഇടശ്ശേരിയുടെ പൂതം പറമ്പിലേക്ക്
കയറി വരുമെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് ബിന്ദു ഉമ്മറത്തിണ്ണ വരെ വന്ന് അകത്തേക്ക് ഓടിപ്പോകുമ്പോൾ
എല്ലാരും കൂട്ടച്ചിരി ഉതിർക്കും. വളർന്നിട്ടും അത് മാറിയില്ല. അതുകൊണ്ട് തന്നെയാകും കല്യാണം കഴിഞ്ഞ് ബിന്ദുവിനെ കൊണ്ട് പോകുമ്പോൾ വല്യോപ്പ ഭർത്താവിന്റെ കൈ പിടിച്ച്
പറഞ്ഞു അവളെ തനിച്ച് നിർത്തി എങ്ങും പോകരുത് കേട്ടോ. മറ്റുള്ളോര് കാണാത്തത് അവൾ കാണും, കേൾക്കും എന്ന്
ഭർത്താവിനോട് പറയാൻ ഓപ്പ മടിച്ചു. ഭർത്താവിന്റെ
ഉഗ്രഭാവം തുറന്നു സംസാരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കി. താൻ എന്തിനാണ് തന്റെ
ഗ്രാമഗൃഹം വിട്ട് ഈ ശൂന്യതയിലേക്ക് വന്നത് എന്ന് അറിയാതെ അവളുടെ മനസ്സ് വഴുതി, ഉടനേ
അവൾ സ്വയം തിരുത്തി അദ്ദേഹം എന്നെ എത്ര സ്നേഹിക്കുന്നുണ്ട്, പിന്നെ ഈ ഗൌരവ പ്രകൃതി,
അത് ജോലിയുടെ ഭാഗമാകും എന്ന്. തനിക്കിവിടെ എന്തിന്റെ കുറവാണ്, എല്ലാം കൂടുതലേ ഉള്ളൂ…
പിറ്റേന്ന്
രാവിലെ യാത്ര പറഞ്ഞിറങ്ങുമ്പോൾ വളരെ സാധാരണ മട്ടിൽ ഭർത്താവ് പറഞ്ഞു നിന്റെ അച്ഛന് സുഖമില്ലാതെ
ഏതോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു എന്ന് ഇന്നലെ മുരളി പറഞ്ഞു. പിന്നെ ഞാൻ അതങ്ങ് മറന്നു. പോകട്ടെ....... ബിന്ദു വേരിറങ്ങിയ പോലെ നിന്നു പോയി. ഒരിക്കലും ഒന്നും സംഭവിക്കില്ല എന്ന് അവൾ കരുതിയ
അച്ഛനാണ്. ബിന്ദുവിന് വാതിൽ കൊട്ടിയടക്കാനും
കുഞ്ഞിനെയുമെടുത്ത് ഓടിപ്പോകാനും തോന്നി. കാർ
സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ഭർത്താവ് പോയിക്കഴിഞ്ഞു എന്ന് അവൾക്ക് മനസ്സിലായി. അവൾ വീട്ടിലേക്ക് വിളിക്കാനായി ഫോണിനടുത്തേക്ക്
ചെന്നപ്പോൾ അത് കേട് വന്ന കാര്യം പറഞ്ഞതോർത്തു. അയൽക്കാരെ ബിന്ദുവിന് പരിചയമായി വരുന്നേയുള്ളൂ,
അവൾ കണ്ണീരൊഴുക്കിക്കൊണ്ട് അങ്ങുമിങ്ങും നടന്നു.
ഉറങ്ങുന്ന കുഞ്ഞിന്റെ നിഷ്കളങ്ക മുഖം അവളെ കൂടുതൽ വേദനപ്പെടുത്തി. ഭർത്താവിന് വേണമെങ്കിൽ അവളെ വീട്ടിലേക്ക് അയക്കാമായിരുന്നു. (അത് അവൾ ഓർത്തതല്ല പിന്നീടെപ്പോഴോ വീട്ടിനുള്ളിൽ
നിന്ന് കേട്ട സംഭാഷണ ശകലമാണ്). എന്തെങ്കിലും
ഒരു നല്ല വാർത്തക്കായി അവളുടെ മനസ്സ് കൊതിച്ചു.
അച്ഛൻ മരിച്ച്
രണ്ടു നാൾ കഴിഞ്ഞാണ് ബിന്ദുവിന്റെ ഭർത്താവ് മടങ്ങി വന്നത്, ഇത്രയും ദൂരെ നിന്ന് നമ്മൾ
നാട്ടിലേക്ക് തിരിച്ച് പോകണോ എന്ന ചോദ്യത്തിന് അവൾ അലറി, എത്ര ദൂരം? സ്വർഗത്തിലേക്കുള്ള
ദൂരമല്ല, നമുക്ക് പോകാനുള്ളത്. എട്ട് മണിക്കൂർ
വണ്ടി ഓടിക്കാനുള്ള ദൂരം. ...അതത്ര വലിയ ദൂരമാണോ,
ഒരു ജീവൻ പിടയുമ്പോൾ മുന്നൂറു കിലോമീറ്റർ വലിയ ദൂരമാണോ.. ബിന്ദു ഇബ്സന്റെ
"പാവവീട് " കണ്ടിട്ടില്ല. അവൾ ഗ്രേസിയുടെ
പടിയിറങ്ങിപ്പോയ പാർവതി വായിച്ചിട്ടില്ല, എങ്കിലും മുന്നൂറ് കിലോമീറ്റർ ഒറ്റയ്ക്ക്
താണ്ടാൻ അവൾക്ക് മൂന്നു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
Great darling....continue the writing
ReplyDeletethank you,
ReplyDeletedefinitely
thank you,
ReplyDeletedefinitely