തമിഴ്നാട്ടിലെ മസിനഗുഡി-
ഒരു തവണ അവിടെ പോയി വന്ന അനിയത്തിയും കുടുംബവും പറഞ്ഞു നമുക്ക് ഈ വെക്കേഷനും മസിനഗുഡിക്ക് തന്നെ പോകാം എന്ന്. കുഞ്ചു ഉറപ്പിച്ചു തന്നെ പറഞ്ഞു വല്യമ്മ കാണണം എന്ത് രസാന്ന് അറിയോന്ന്. തീരെ ശരീരസുഖമില്ലാഞ്ഞിട്ടും എല്ലാവർക്കും വേണ്ടി ഞാൻ കാറിൽ എന്നെയും പ്രതിഷ്ഠിച്ചു. കരിങ്കാലി ആവണ്ടല്ലോന്ന് കരുതി.
മസിനഗുഡി, തമിഴ്നാട്ടിലെ കൊങ്ങുനാട്ടിൽ, നീലഗിരി ജില്ലയിൽ. നീലഗിരി കുന്നുകളിലുള്ള ടൈഗർ റിസേർവ് നാഷണൽ പാർക്ക്. (ഞങ്ങളുടെ സ്ഥിരം മൈസൂര്‍ യാത്രകൾ ഈ വഴിയാണ് തൃശ്ശൂര്‍ നിന്ന് പെരിന്തൽമണ്ണ വഴി, നിലമ്പൂർ, ഗുഡല്ലൂർ, ഗുണ്ടൽപെട്ട് വഴി മൈസൂര്‍). മുതുമലൈ റിസേർവ് കാടുകൾ, ഗൂഡല്ലുര്‍ കഴിഞ്ഞ്, തമിഴ്നാട് കേരള അതിർത്തിയിൽ.
ഞങ്ങൾ പ്രധാന ഹൈവേയിൽ നിന്നും, ഏഴു കിലോമീറ്റർ മാറി മാവനഹള്ളയിൽ ഉള്ള ഒരു റിസോർട്ടിലേക്ക് ആണ് ലക്ഷ്യം വച്ചത്. കുഞ്ഞുങ്ങളും അമ്മയും അടങ്ങിയ സംഘത്തിനു പറ്റിയ ഒരിടം. വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കാടിന് പകരം വിശാലമായ പുൽ പ്രദേശങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ കാടുകൾ, വെറുതെയല്ല കുട്ടികൾക്ക് ഇഷ്ടമായത്, വനത്തിന്റെ, അപാരമായ, നിഗൂഢത ഇല്ലാത്ത കാടുകൾ, കുഞ്ഞുങ്ങളുമായി ഇണങ്ങുന്നവ. അവർക്ക്, ഓടി നടന്നു കളിക്കാനും മലകളോട് സല്ലപിക്കാനും കഴിയുന്ന തുറസ്സുകൾ, നിറം മാറുന്ന നീലഗിരി കുന്നുകളിലേക്ക് വിസ്മയിച്ചു അവർക്ക് നോക്കാം.
കാട് കാണലും , അനുഭവിക്കലും മറ്റും N A നസീർ, മാത്രുഭൂമിയില്‍ എഴുതാൻ തുടങ്ങിയപ്പോൾ തൊട്ട് അമ്മയുടെയും ആഗ്രഹമാണ്. വയസ്സ് കാലത്ത് എനിക്ക് അതിനൊക്കെ പറ്റ്വോ എന്നൊക്കെ ആവലാതി പെടുന്നത് കേട്ട്, അമ്മയെയും കൊണ്ട് വന്നതാണ്. എന്തായാലും ഈ വരവ് വെറുതേ ആയില്ല. അമ്മയും കുട്ടികളും ഒരേ പോലെ ഉഷാർ, പനി പിടിച്ച ഞാൻ മാത്രം യാത്രയിൽ കുറച്ച് വിഷമിച്ചെങ്കിലും, തുറസ്സുകൾ എന്നെയും സന്തോഷിപ്പിച്ചു. ഞങ്ങൾ കാടിന് നടുവിലെ റോഡിലൂടെ പതിയെ കാറോടിച്ചു. കാടിനുള്ളിലെ രഹസ്യങ്ങൾ ഞങ്ങൾക്ക് വെളിപ്പെടാനായി കാത്തു നിന്നു. സന്ധ്യക്ക് മോയാർ, പുഴയുടെ തീരത്ത് ഞങ്ങളെത്തി, ഞങ്ങൾക്ക് വേണ്ടി എന്നോണം മഴ ചെറുതായി പൊഴിയുന്നുണ്ടായിരുന്നു. പിന്നെ കാത്തു വച്ച പോലെ വലിയൊരു മഴവില്ലും. ക്യാമറയും എടുത്ത് എന്റെ അനുജൻ പണി തുടങ്ങി അവന് നല്ല കുറെ ക്ലിക്കുകൾ ലഭിച്ചു. ആളുകളുടെ ബാഹുല്യം കൊണ്ട് മോയർ, കാടിനുള്ളിലെ ഒരു പുഴ എന്നതിനെക്കാളും ഒരു ടൂറിസ്റ്റ് സ്പോട്ട് പോലെ തോന്നിപ്പിച്ചു എങ്കിലും മഴവിൽക്കാഴ്ച എല്ലാരേയും ഉത്സാഹഭരിതരാക്കി. കാട്ടിനുള്ളിലേക്ക് നല്ല ടാറിട്ട ഒന്നാന്തരം റോഡ്, അതിലൂടെ പതിയെ വണ്ടി ഉരുട്ടുമ്പോൾ കാണുന്ന കാഴ്ചകൾ അതാണ് കാട് കാഴ്ച. ഞങ്ങൾ മാനുകളേയും മയിലുകളെയും കാട്ടുപോത്തുകളേയും കണ്ടു. തിരികെ വരുമ്പോൾ ഒരു ആന കുടുംബത്തേയും. അച്ഛനും അമ്മയും കുഞ്ഞും, ഘനഗംഭീരമായ നില്‍പ്പ്. മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ എന്ന വരികളെ അന്വർത്ഥമാക്കിയ പോലെ മണ്ണില്‍ കുളിച്ചുള്ള നില്‍പ്പ്, കൊമ്പന്റെ കണ്ണിലെ ശാന്ത ഗംഭീര ഭാവം മറക്കാവതല്ല. പക്ഷേ ചുറ്റുപാടുകളെക്കുറിച്ച് എപ്പോഴും കൂടുതൽ ബോധാവതിയാകുന്ന എനിക്ക് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അനുജനെ മെല്ലെ ശകാരിക്കേണ്ടി വന്നു. വണ്ടി മുന്നോട്ടെടുത്തു പോകാൻ പറഞ്ഞ്. ആന കുടുംബം ഞങ്ങൾ പോകാനായി കാത്തു നിൽക്കയാണ് റോഡു മുറിഞ്ഞു കടക്കാൻ. സന്ധ്യ മയങ്ങിയ നേരത്ത്, ഇരുട്ട് കാട്ടിലേക്ക് അരിച്ചിറങ്ങുമ്പോൾ, കിളികൾ കരയുന്ന ഒച്ച കേൾക്കാതെ മുഴുവനും അടച്ചിട്ട കാറിലിരുന്നു കാട്ടിലൂടെ പോകുന്നത് ഒട്ടും കാല്പനികമല്ല എങ്കിലും മറ്റു നിവൃത്തി ഇല്ലാതെ പുറത്തിറങ്ങാതെ, പുലിയെ കാണാതെ, ഞങ്ങൾ തിരിച്ച് മലയുടെ താഴ്വാരത്തിലുള്ള പുൽത്തകിടിക്കുമേൽ പണിത റിസോർട്ടിലേക്ക് തിരിച്ചു വന്നു.
അന്ന് പൗർണമി ആയതിനാൽ മലകൾക്ക് മേൽ നിലാവെളിച്ചം കോരി ഒഴിച്ചിട്ടുണ്ടായിരുന്നു, എന്നാൽ കാവൽക്കാരൻ ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നു, കരടി ഇറങ്ങുമെന്നും, കരടിയുടെ സഞ്ചാരപഥം അതിലേ ആയതു കൊണ്ട് സൂക്ഷിക്കണം എന്നും. പാതി കേൾക്കുന്നതിനു മുൻപേ അമ്മ മുറിയുടെ വാതിൽ അടച്ചു കളഞ്ഞു, ജനൽ പോലും തുറക്കാനാവാതെ നിലാവ് മലയുടെ മുകളിലേക്ക് ഊർന്നിറങ്ങുന്നത് കാണാൻ മോഹിച്ച് ഞാൻ ഇരുന്നു. എനിക്ക് കഠിനമായി സങ്കടം വന്നു. കാണാൻ കൊതിച്ച നിലാവ് ഈ മഹാപ്രപഞ്ചത്തിൽ ഞാൻ ഒറ്റക്കാണ് എന്ന തിരിച്ചറിവ് എനിക്ക് പകർന്നു തന്നു.............
Could you please give me the details of that resort?
ReplyDeleteIt's awesome to read your narration!
Could you please give me the details of that resort?
ReplyDeleteIt's awesome to read your narration!